രാജ്യത്തിന്റെ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും ജനതയുടെ സമാധാനജീവിതത്തെയും വെല്ലുവിളിച്ച് കപട ഹിന്ദുത്വ ദേശീയത അതിന്റെ എല്ലാ ബീഭത്സമുഖവും പുറത്തെടുക്കുന്ന അവസരത്തിലാണ്, ഇന്ത്യന്‍ ചരിത്രത്തിലെ ദേശസ്നേഹത്തിന്റെ സമാനതകളില്ലാത്ത പ്രതീകമായ ഭഗത്സിങ്, രാജ്ഗുരു സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിദിനം വീണ്ടുമെത്തുന്നത്. ഭഗത്സിങ്ങും കൂട്ടുകാരും ഉയര്‍ത്തിയ ദേശസങ്കല്‍പ്പവും ദേശീയബോധവും, ജാതിമതചിന്തയുടെ പേരില്‍ ജനതയെ ഭിന്നിപ്പിച്ച് തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള ഏറ്റവും കരുത്തുള്ള ആയുധങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ആ സ്വാതന്ത്യ്രസമരപോരാളികളുടെ ഓര്‍മ പുതുക്കുന്ന വേളയില്‍ ടമ്യ ചഛ ീ ‘ഉശ്ശറല മിറ ൃൌഹല'. കിറശമ യലഹീിഴ ീ അഘഘ രശശ്വേലി എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ രാജ്യവ്യാപകമായി സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.
1980 നവംബര്‍ മൂന്നിന് വിവിധ സംസ്ഥാനങ്ങളിലെ പുരോഗമന യുവജനസംഘടനകള്‍ ലയിച്ച് പഞ്ചാബിലെ ലുധിയാനയില്‍ ഡിവൈഎഫ്ഐ രൂപീകരിക്കുമ്പോള്‍ ഭഗത്സിങ്ങിന്റെ അടുത്ത സഖാവ് ശിവ വര്‍മയും വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഭഗത്സിങ്, രാജ് ഗുരു സുഖ്ദേവ് എന്നിവരോടൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ശിവ വര്‍മയെയും തൂക്കിക്കൊല്ലണമായിരുന്നു. പക്ഷേ, വിധി പ്രഖ്യാപിക്കുന്ന വേളയില്‍ അദ്ദേഹത്തിന് 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് അതിന് കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. പക്ഷേ, ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും തന്റെ ആശയധാരയെ കൈവിടാന്‍ ശിവ വര്‍മ തയ്യാറായില്ല. ഭഗത്സിങ്ങിന്റെയും കൂട്ടുകാരുടെയും ആശയങ്ങളുടെ പ്രചാരണം അദ്ദേഹം പിന്നീടും തുടര്‍ന്നുകൊണ്ടേയിരുന്നു.
ഭഗത്സിങ്ങിന്റെ വിപ്ളവദേശീയത സ്വപ്നം കണ്ടത് മതേതര സോഷ്യലിസ്റ്റ് ഇന്ത്യയായിരുന്നു. ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം കൊടുത്തിരുന്ന ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ ആര്‍മിയുടെ ആശയാടിത്തറയില്‍ സോഷ്യലിസം ഉള്‍ച്ചേര്‍ത്ത് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തത് ഭഗത്സിങ്ങായിരുന്നു. അസമത്വങ്ങളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും മോചിക്കപ്പെട്ടതും ജാതിമതഭേദമെന്യേ സകലര്‍ക്കും പൂര്‍ണപൌരാവകാശവും സുരക്ഷയും ഉറപ്പുനല്‍കുന്നതുമായ ഇന്ത്യയായിരുന്നു ഭഗത്സിങ് തന്റെ യൌവനങ്ങളില്‍ സ്വപ്നം കണ്ടതെന്ന് ഇന്ന് പൊതുമണ്ഡലത്തില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ജയില്‍ക്കുറിപ്പുകളും കത്തുകളും വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
ഭഗത്സിങ്ങും സഹപ്രവര്‍ത്തകരും സ്വപ്നം കണ്ടതുപോലെ, ഇന്ത്യയെന്ന മഹാരാജ്യത്തെ യഥാര്‍ഥ തുല്യതയുടെ റിപ്പബ്ളിക്കാക്കി തീര്‍ക്കുന്നതിന് ഇന്ന് ഏറ്റവും കൂടുതല്‍ തടസ്സം നില്‍ക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വശക്തികളാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അനുചരന്മാര്‍ വിശ്വസിക്കുന്നത് ഇന്ത്യയെന്ന രാജ്യം അവര്‍ ഹിന്ദു എന്ന് പേരിട്ടുവിളിക്കുന്ന പ്രത്യേക മതവിഭാഗത്തില്‍ ഉള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതെന്നാണ്. ഭ്രാന്തമായ ഈ രാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷസമുദായത്തെ മുഴുവന്‍ ദ്രോഹിക്കാന്‍ ഭൂരിപക്ഷസമുദായത്തെ നിരന്തരം പ്രേരിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനായി കുറ്റവാളികളുടെ സൈന്യത്തെതന്നെ അവര്‍ രൂപീകരിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്‍, ഗോരക്ഷക് സേന, ശിവസേന, സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത്, ഹിന്ദു മഹാസഭ തുടങ്ങി നിരവധി പേരുകളില്‍ രാഷ്ട്രീയ സ്വയം സേവകത്തിന്റെ നേതൃത്വത്തില്‍ അണിനിരന്ന ഹിന്ദുത്വശക്തികള്‍ ലോകത്തെത്തന്നെ ഏറ്റവും വലിയ ക്രിമിനല്‍സംഘമാണെന്ന് കാണണം.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയില്‍തന്നെ,ഹിന്ദുത്വശക്തികള്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ അക്രമങ്ങളും മുസഫര്‍നഗറിലേതുപോലെ ഭയാനകമായ കൊലപാതക പരമ്പരകളും തുടങ്ങിയിരുന്നു. നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യാത്ത എല്ലാവരെയും പാകിസ്ഥാനിലേക്ക് അയക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് ഗിരിരാജ് കിഷോറെ പിന്നീട് മോഡിയുടെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തു. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, പാര്‍ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം കൃത്യമായി തങ്ങളെ ചുമതലപ്പെടുത്തിയമട്ടില്‍ സമയാസമയങ്ങളില്‍ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും ഭീഷണികളും മുഴക്കുകയാണ്. നിരഞ്ജന്‍ ജ്യോതി, കേന്ദ്ര മന്ത്രിസഭയിലെ അംഗമായ സന്യാസി എന്നവകാശപ്പെടുന്ന ഇദ്ദേഹം അഹിന്ദുക്കള്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞിരുന്നു. ആര്‍എസ്എസ് നേതാക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴിതാ നിരവധിതവണ ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങളുടെ സംഘാടകനായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയുമായി. ഗോഡ്സേയുടെയും സവര്‍ക്കറുടെയും പിന്‍ഗാമികള്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യ ഭരണനിയന്ത്രണ മണ്ഡലങ്ങളെ പണ്ടെങ്ങുമില്ലാത്തവിധം വര്‍ഗീയവല്‍ക്കരിച്ച് അധികാരം കൈയാളുന്നു.
ബാബറി മസ്ജിദ് പൊളിക്കലിലടക്കം കോണ്‍ഗ്രസ് കൈക്കൊണ്ട സമീപനമാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപകടകരമായ ഈ വളര്‍ച്ചയ്ക്കെല്ലാം വഴിവച്ചത്. പലയിടങ്ങളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍മാത്രമല്ല നേതാക്കള്‍വരെ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനുകീഴില്‍ അണിനിരക്കുന്ന സ്ഥിതിയുണ്ടായി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പോടെ അക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തമായി. ലഖ്നൌവില്‍നിന്ന് ബിജെപി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട റിത ബഹുഗുണ ജോഷി അഞ്ചുവര്‍ഷക്കാലം യുപി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായിരുന്നു. പഴയ കോണ്‍ഗ്രസ് നേതാവും യുപി മുഖ്യമന്ത്രിയുമായിരുന്ന ഹേംവതി നന്ദന്‍ ബഹുഗുണയുടെ മകള്‍. ബിജെപി പുതുതായി തെരഞ്ഞെടുത്ത മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിങ് ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ടുതവണ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. ഉത്തരാഖണ്ഡ് ബിജെപി മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാര്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ എംഎല്‍എമാരായിരുന്നു. ഇത്തരത്തില്‍ എളുപ്പത്തില്‍ കൂറുമാറാന്‍തക്ക വിധത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു.
വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം പരത്തുന്ന ആര്‍എസ്എസിന്റെ കപടദേശീയതയെ നാം എന്ത് വിലകൊടുത്തും എതിര്‍ത്തേ മതിയാകൂ. സാമൂഹ്യവും മതപരവുമായ വ്യത്യാസങ്ങള്‍ക്കുപരിയായി ഇന്ത്യാരാജ്യം എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഏതു പ്രതികൂല പരിതസ്ഥിതിയിലും ഈ മൂല്യങ്ങള്‍ നാം ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യും. വര്‍ഗീയതയുടെ വിപത്ത് ഈ രാജ്യത്തെ ജനതയെ ബോധ്യപ്പെടുത്തുന്നതിനും അതിനെതിരെ മതേതരശക്തികളുടെ കുതിച്ചുചാട്ടത്തിനുമായി അക്ഷീണമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. ഭഗത്സിങ്ങിന്റെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്ന ദേശസ്നേഹിയായ ഏതൊരു ഇന്ത്യന്‍ യുവത്വത്തിന്റെയും അടിയന്തരചുമതല ഇതുതന്നെയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..