സൃഷ്ടിക്കപ്പെട്ട കഥകള്‍കൊണ്ടും അതിന് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച വാര്‍ത്തകള്‍കൊണ്ടും പൊതുസമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ചയാക്കപ്പെട്ട വിഷയമാണ് കേരള സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് നിയമനം. രാഷ്ട്രീയ സദാചാരമില്ലായ്മയ്ക്കും ഒട്ടേറെ പേരുടെ വ്യക്തിഹത്യക്കും മാനസിക പീഡനത്തിനും ചരിത്രത്തില്‍ ഇടംനല്‍കിയ വിഷയമാണിത്. ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയോടെ ഒരു ദശാബ്ദക്കാലമായി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച കള്ളക്കഥയ്ക്ക് പരിസമാപ്തിയായി. ചില വ്യക്തികളുടെ സ്ഥാപിതതാല്‍പ്പര്യമാണ് തുടക്കംമുതല്‍ ഒടുക്കംവരെ ഈ വിഷയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഈ കാടത്തസമീപനം ഏറ്റവുമധികം മുറിവേല്‍പ്പിച്ചത് ഉദ്യോഗാര്‍ഥികളെയാണ്. അവര്‍ അനുഭവിച്ച ഒറ്റപ്പെടലുകള്‍ക്കും മനോവ്യഥയ്ക്കും അറുതിവരുത്തി കോടതി നീതി നടപ്പാക്കി. വേട്ടയാടലുകള്‍ക്കെതിരെ അവര്‍ നടത്തിയ നിയമപോരാട്ടമാണ് ഈ വിധിക്കു പിന്നിലുള്ളത്.
യവനികയ്ക്കു പിറകില്‍ പ്രവര്‍ത്തിച്ചവരെയും മുന്നില്‍ കളിച്ചവരെയും ഇപ്പോള്‍ കാണാനില്ല. കേരളീയ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഈ സംഭവപരമ്പരയുടെ ജയവും പരാജയവും നിര്‍ണയിക്കാന്‍ ഇക്കൂട്ടര്‍ വീണ്ടും അവതരിച്ചേക്കാം. കുത്തിയൊലിച്ചു വന്ന സത്യങ്ങളല്ല ഈ കേസിനാസ്പദമെന്നും നിര്‍മിച്ചെടുക്കപ്പെട്ട അസത്യങ്ങളാണ് ഇതിന് ഉപോല്‍ബലകമായി പ്രവര്‍ത്തിച്ചതെന്നും മനസ്സിലാക്കുമ്പോഴാണ് ഇതിനു പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുക. നൂറ്റമ്പതോളം പേര്‍ക്ക് നിയമനം ലഭിച്ചപ്പോഴാണ് അസിസ്റ്റന്റ് നിയമനം ചര്‍ച്ചയായത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇതില്‍ കുറച്ചുപേര്‍ സിപിഐ എം അനുഭാവികളും കുടുംബാംഗങ്ങളും പാര്‍ടി നേതാക്കളുടെ അയല്‍വാസികളുമായിരുന്നു എന്നതാണ് പ്രാരംഭ ആക്ഷേപം. ജോലി ലഭിച്ച മിടുക്കരായ ഉദ്യോഗാര്‍ഥികളെ അപമാനിക്കുന്ന പ്രചാരണമാണ് ഇതിന്റെ മറവില്‍ നടന്നത്. സിപിഐ എമ്മിനെ കരിവാരിതേയ്ക്കുക എന്ന ഗുഢലക്ഷ്യമായിരുന്നു ഇതിനു പിറകില്‍ എന്നത് വ്യക്തമായിരുന്നു. പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തലായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്. നിഷേധാത്മകമായ നിര്‍വചനങ്ങള്‍ നിരത്തി പാര്‍ടിയെ ഒറ്റപ്പെടുത്താനുള്ള മത്സരമായിരുന്നു മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും നടത്തിയത്.
കേരള സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് നിയമനത്തിന് നടപടി തുടങ്ങിയത് 2005ലാണ്. വിജ്ഞാപനം പുറപ്പെടുവിച്ചതും പരീക്ഷ നടത്തിയതും മൂല്യനിര്‍ണയം ഹൈദരാബാദിലുള്ള സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലറും പ്രോ- വൈസ് ചാന്‍സലറും രജിസ്ട്രാറും അടങ്ങുന്ന സര്‍വകലാശാലാ ഭരണനേതൃത്വവും സര്‍ക്കാര്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റും ചേര്‍ന്നാണ്. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍, അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ‘ഭാര്യ സുലേഖ തുടങ്ങി കോണ്‍ഗ്രസിന്റെ നേതാക്കളും ആജ്ഞാനുവര്‍ത്തികളും മാത്രമായിരുന്നു അന്ന് സിന്‍ഡിക്കറ്റിലുണ്ടായിരുന്നത്. നിയമന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന സെക്ഷന്‍ പൂര്‍ണമായും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിയന്ത്രണത്തിലുമായിരുന്നു. സര്‍വകലാശാലയുടെ സംരക്ഷകന്‍’ആര്‍ എസ് ശശികുമാര്‍ ആയിരുന്നു സംഘടനാനേതാവ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നിയമന നടപടികളെല്ലാം നടത്തിയത്. പരീക്ഷാനടത്തിപ്പു കാലയളവില്‍ ആര്‍ക്കും പരാതിയുണ്ടായില്ല. ഇന്റര്‍വ്യൂ നടത്തിയപ്പോഴും ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും ആരും ആക്ഷേപം ഉന്നയിച്ചില്ല. അന്തിമ പട്ടിക വരികയും ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തതിനുശേഷമാണ് രാഷ്ട്രീയപ്രേരിതമായ കള്ളക്കഥ ജന്മംകൊണ്ടത്.
പിതൃത്വമില്ലാവാര്‍ത്തകളായിരുന്നു ആരംഭത്തിലെങ്കില്‍ പിന്നീട് സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതാണ് കണ്ടത്. ഒടുവില്‍ ഉദ്യോഗാര്‍ഥികളുടെ പേര് സഹിതം പറഞ്ഞ് അവരെ സമൂഹമാധ്യമത്തില്‍ താറടിക്കുന്ന നിലയില്‍ നീചമായ പ്രവൃത്തിയിലേക്കും ഇത് മാറി. നാല്‍പ്പതിനായിരത്തോളം പേരാണ് അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയെഴുതിയത്. ഹൈദരാബാദിലെ ഒരു സ്വകാര്യ പ്രസിനെ ഒഎംആര്‍ മൂല്യനിര്‍ണയം നടത്താന്‍ ചുമതലപ്പെടുത്തിയതും ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചതും സര്‍വകലാശാലയും സമ്പൂര്‍ണമായും യുഡിഎഫ് നേതൃത്വവുമാണെന്നത് പലപ്പോഴും വിസ്മരിച്ചത് വാര്‍ത്താ പ്രചാരനാള്‍വഴികളിലെ താല്‍പ്പര്യത്തെ എടുത്തുകാണിക്കുന്നതാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം വന്ന സിന്‍ഡിക്കറ്റ് സര്‍വകലാശാലയുടെ അംഗീകൃത നിയമാവലി പ്രകാരമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കുകയും മാനദണ്ഡം നിശ്ചയിക്കുകയുംചെയ്തു. വൈസ് ചാന്‍സലര്‍ അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രൊഫ. ആന്‍ഡ്രൂസ്, അഡ്വ. എ എ റഷീദ്, ബി എസ് രാജീവ്, എം പി റസല്‍ എന്നിവര്‍ അംഗങ്ങളായത് കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്. അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍ പ്രതിനിധി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍, സ്റ്റാഫ് കമ്മിറ്റി കണ്‍വീനര്‍, പട്ടികജാതി- വര്‍ഗ വിഭാഗത്തിലെ പ്രതിനിധി എന്നീ നിലയ്ക്കാണ് മേല്‍പറഞ്ഞവര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ മെമ്പര്‍മാരായത്. സര്‍വകലാശാലാ ചട്ടപ്രകാരം രൂപീകരിക്കപ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡിനെ സിപിഐ എം നേതാക്കള്‍ എന്ന പരിവേഷം നല്‍കി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തിയത്. 75:25 അനുപാതത്തില്‍ ഇന്റര്‍വ്യൂ നടത്തുകയും വ്യക്തിഗതമായ സ്കോര്‍ ക്രോഡീകരിച്ച് മുഖാമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മാര്‍ക്ക് രേഖപ്പെടുത്തുകയുമാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ചെയ്തത്.
എന്നാല്‍, ഓരോരുത്തരും തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കി മുഖാമുഖത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമലിസ്റ്റ് തയ്യാറാക്കി എന്നെല്ലാമുള്ള കുപ്രചാരണമാണ് പിന്നീട് നടന്നത്. 50:50 അനുപാതത്തില്‍ മുഖാമുഖം നടത്താന്‍ നിശ്ചയിച്ചിരുന്നവരാണ് ഇക്കൂട്ടര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പിഎസ്സിയും മറ്റും നിഷ്കര്‍ഷിക്കുന്ന രീതിയില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ ഇന്റര്‍വ്യൂ നടത്താനാണ് തീരുമാനിച്ചത്. ഇവിടെയും സിപിഐ എമ്മിനെ ആക്രമിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തി. തികച്ചും രാഷ്ട്രീയവിരോധം തീര്‍ക്കലായിരുന്നു ഇക്കൂട്ടരുടെ ഉദ്ദേശ്യം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് തുറന്നുപറഞ്ഞാണ് സിപിഐ എം നേതൃത്വം പാര്‍ടിക്കെതിരെയുള്ള വിമര്‍ശങ്ങളെ തള്ളിയത്. കള്ള പരാതികളും ഊഹാപോഹങ്ങളും ചാനല്‍- മാധ്യമ വിചാരണകളുംകൊണ്ട് കോണ്‍ഗ്രസും ചില വ്യക്തികളും ഈ പ്രശ്നം ആഘോഷമാക്കുകയായിരുന്നു.
ലോകായുക്തയുടെ ഇടക്കാല വിധിയും സുകുമാരന്‍ കമ്മിറ്റിയും ഐടി വിദഗ്ധന്റെ പരിശോധനയും ക്രൈംബ്രാഞ്ച് അന്വേഷണവും ഒക്കെ ഈ കേസിന്റെ ഭാഗമായി നടത്തി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും സര്‍ക്കാര്‍ സംവിധാനവും ഈ കേസിനുവേണ്ടി ഉപയോഗിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ഹൈക്കോടതി വിധിയോടെ നിരാശ അസംതൃപ്തിയായി മാറി. നാടിന്റെ ജനാധിപത്യബോധത്തെയും രാഷ്ട്രീയ സദാചാരത്തെയും കുപ്രചാരണത്തിലും കെട്ടുകഥകളിലും തള്ളിവീഴ്ത്താന്‍വേണ്ടി കൌശലപൂര്‍വം ആസൂത്രണം ചെയ്യപ്പെട്ട ഒരു തിരക്കഥയായിരുന്നു സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് നിയമനം സംബന്ധിച്ച വാര്‍ത്തകളും കേസുകളും. കേരളത്തിന്റെ മാതൃസര്‍വകലാശാലയായ കേരള സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുകയും ജീവനക്കാരെ അടച്ചാക്ഷേപിക്കുകയും ചെയ്തവര്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. സത്യത്തെ നുണകൊണ്ട് നിശ്ശബ്ദരാക്കിയവര്‍. നീതിബോധത്തിന്റെ ഒരു കണികയെങ്കിലും അവശേഷിക്കുന്നെങ്കില്‍ ഉദ്യോഗാര്‍ഥികളോടും പൊതുസമൂഹത്തോടും കേരള സര്‍വകലാശാലയിലെ ഈ അഭിനവ സംരക്ഷകര്‍’മാപ്പ് പറയണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..