29 December Sunday

ഓര്‍മകളില്‍ ജ്വലിച്ച് ചീമേനി സഖാക്കള്‍

പി കരുണാകരന്‍Updated: Thursday Mar 23, 2017

ചീമേനി കൂട്ടക്കൊലയ്ക്ക് കേരളചരിത്രത്തില്‍ സമാനതകളില്ല. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരത. മറ്റൊരു പാര്‍ടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വെട്ടിപ്പിളര്‍ന്നും തീയില്‍ ചുട്ടെരിച്ചും അഞ്ചു മനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൌര്യം കോണ്‍ഗ്രസിനുമാത്രം അവകാശപ്പെട്ടത്. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്തി, ആയുധമുയര്‍ത്തി അട്ടഹസിക്കാന്‍ അന്ന് കോണ്‍ഗ്രസിന് ധൈര്യം പകര്‍ന്നത്. ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു ചില പ്രമുഖ പത്രങ്ങളുടെ ഭാവം. കണ്‍മുന്നില്‍ കൊലയാളികള്‍ നിന്നപ്പോള്‍ അങ്ങോട്ട് ഒന്ന് നോക്കാന്‍പോലും അവര്‍ തയ്യാറായില്ല. ഇന്നും സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയില്‍ എത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നവര്‍ ചീമേനിയെ ഓര്‍ക്കുന്നേയില്ല.

ചീമേനിയിലെ അഞ്ചു രണധീരന്മാരുടെ ജീവത്യാഗത്തിന് ഇന്ന് 30 വര്‍ഷം. ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നിവരുടെ വീരസ്മരണ ഇന്ന് നാം വീണ്ടും പുതുക്കുകയാണ്. മനുഷ്യത്വം മരവിച്ച ഒരുപറ്റം കോണ്‍ഗ്രസുകാര്‍ ഇവരെ കുത്തിയും വെട്ടിയും തീയിട്ടും അരുംകൊലചെയ്ത സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്.   

1987 മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാര്‍ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അറുപതോളംപേരാണ് പാര്‍ടി ഓഫീസില്‍ ഉണ്ടായിരുന്നത്. അഞ്ചുമണി കഴിഞ്ഞതോടെ തൊട്ടടുത്ത കോണ്‍ഗ്രസ് ഐ ഓഫീസില്‍നിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയില്‍ കടലാസും പെന്‍സിലുമായി നിന്ന സഖാക്കള്‍ക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാന്‍ കഴിയുമായിരുന്നില്ല. ചിലര്‍ ഓടി. മറ്റുള്ളവര്‍ പാര്‍ടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികള്‍ ഓഫീസ് തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. വാതില്‍ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ട് അകത്തുള്ള സഖാക്കള്‍ തടഞ്ഞു. അക്രമികള്‍ ജനലഴികള്‍ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു. 

ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അകത്തുള്ളവര്‍ പുറത്തുവരാതിരുന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ക്രൂരതയുടെ മൂര്‍ത്തീകരണമായി മാറി. പുരമേയാന്‍ വച്ചിരുന്ന പുല്ലിന്‍കെട്ടുകള്‍ കൊണ്ടുവന്ന് ജനലുകള്‍ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങള്‍ക്കകം പാര്‍ടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകില്‍ അകത്ത് വെന്തുമരിക്കണം; അല്ലെങ്കില്‍ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കള്‍ തീരുമാനിച്ചു- എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിര്‍ന്ന ആളായ സ. ആലവളപ്പില്‍ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികള്‍ ചാടിവീണു. നിമിഷങ്ങള്‍ക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛന്‍ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കള്‍ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലില്‍ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു. അകത്തുള്ളവര്‍ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാര്‍ടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പന്‍. ഘാതകര്‍ തല തല്ലിപ്പൊളിച്ചു. തൃപ്തി വരാതെ, പാര്‍ടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലില്‍ പൊതിഞ്ഞ് തീയിട്ടുകൊന്നു. 

തുടര്‍ന്ന് പുറത്തുചാടിയ എം കോരനെ കൊലയാളികള്‍ ആഞ്ഞുവെട്ടി. കോരന്‍ കുറെ ദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകര്‍ കാല്‍ വെട്ടിമുറിച്ചു. ഓടാന്‍ കഴിയാതെ വീണ കോരനെ കുത്തി കൊലപ്പെടുത്തി. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണന്‍ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ചു. ഇതിനിടെ, കൊലചെയ്യപ്പെടുമെന്ന ധാരണയില്‍തന്നെ ഓഫീസിനകത്തുണ്ടായിരുന്നവര്‍ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടി. അക്രമിസംഘം പിന്തുടര്‍ന്ന് പരിക്കേല്‍പ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ചീമേനിയിലെ തെരഞ്ഞെടുപ്പുചുമതല ലോക്കല്‍ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനില്‍ക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയില്‍ അഭയം തേടി. കടയുടമയുടെ എതിര്‍പ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികള്‍ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്.  

മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ്, ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെടെയുള്ള ജനനേതാക്കള്‍ ചീമേനിയിലെത്തി. ജാലിയന്‍വാലാബാഗിനുസമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നു. അഞ്ചു ധീരരെ നഷ്ടപ്പെട്ടെങ്കിലും ചീമേനിയിലും കാസര്‍കോട് ജില്ലയിലും ഉത്തരോത്തരം കരുത്താര്‍ജിക്കുകയാണ് സിപിഐ എം. മഹത്തായ ആ രക്തസാക്ഷിത്വം പാര്‍ടിയുടെ മുന്നേറ്റപ്പാതയില്‍ തലമുറകളെ ത്രസിപ്പിക്കുന്ന ഊര്‍ജസ്രോതസ്സായി.

ഇന്ന് ദേശീയതലത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ട പാര്‍ടി ഇന്ന് നാമമാത്രമായ സംസ്ഥാനങ്ങളിലാണ് ഭരണത്തിലുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനെ ജനം അധികാരക്കസേരകളില്‍നിന്ന് പുറത്താക്കി. ശക്തമായ ഒരു നേതൃത്വംപോലും അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യം. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ഇന്ത്യയിലെ സൃഷ്ടാക്കളും വക്താക്കളുമായ ഇവര്‍, വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്ന വിഭാഗമായി മാറി. ഈ സാഹചര്യം മുതലെടുത്ത് അധികാരം പിടിച്ച ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ചേരിതിരിക്കുകയാണ്.

ആര്‍എസ്എസ് നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെപ്പോലും വകവയ്ക്കാതെയാണ് മുന്നോട്ടുപോകുന്നത്. സംഘപരിവാര്‍ ശക്തികള്‍ അതിന്റെ തീവ്രഹിന്ദുത്വ അജന്‍ഡ രാജ്യമെമ്പാടും നടപ്പാക്കി തുടങ്ങി. ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുപിയിലുള്‍പ്പെടെ ബിജെപി നേടിയ വിജയം ഇക്കൂട്ടരെ ഉന്മാദാവസ്ഥയില്‍ എത്തിച്ചു. വിദ്വേഷപ്രസംഗത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് വ്യക്തമായ സൂചനയാണ് ബിജെപിയും ആര്‍എസ്എസും നല്‍കുന്നത്. സങ്കീര്‍ണമായ ഈ കാലഘട്ടത്തില്‍ പ്രതിരോധത്തിന്റെ ഒരു ചെറുചലനംപോലും സൃഷ്ടിക്കാന്‍ ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് കഴിയുന്നില്ല.

കേരളത്തില്‍ സംഘപരിവാറിന്റെ മറ്റൊരു പതിപ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു. പലഘട്ടങ്ങളിലും കോണ്‍ഗ്രസിന്റെ ഈ കാവിമുഖം മറനീക്കുകയും ചെയ്തു. അഴിമതിയുടെയും നെറികേടിന്റെയും പാരമ്യത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ വിധിയെഴുത്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളജനത നല്‍കിയത്. തുടര്‍ന്ന്, വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയാണ്. രാജ്യത്ത് വര്‍ഗീയ- കോര്‍പറേറ്റ് ശക്തികള്‍ സ്വാധീനമുറപ്പിക്കുമ്പോള്‍ വ്യക്തമായ രാഷ്ട്രീയബദല്‍ ഉയര്‍ത്തി മുന്നോട്ടുപോകാന്‍ കേരള സര്‍ക്കാരിന് കഴിയുന്നു. ഇതിനോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഭീഷണിയുടെ രൂപത്തില്‍ പിണറായി വിജയനെതിരെ ഉയരുന്നത്.

ശക്തമായ ചെറുത്തുനില്‍പ്പ് ഉയരേണ്ട ഈ കാലഘട്ടത്തില്‍ ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും. ധീരരക്തസാക്ഷികളുടെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top