രാജസ്ഥാനില്‍ 13 ദിവസം നീണ്ടുനിന്ന കര്‍ഷക കര്‍ഫ്യൂവിലൂടെ ആവശ്യങ്ങള്‍ നേടിയെടുത്ത തീവ്രസമര മാതൃക രാജ്യവ്യാപകമാക്കണമെന്ന ആഹ്വാനമാണ് ഡല്‍ഹിയില്‍ നടന്ന കര്‍ഷക പാര്‍ലമെന്റ് (കിസാന്‍ മുക്തി സന്‍സദ്) മുന്നോട്ടുവച്ചത്. 20 ജില്ലയെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയ സമരത്തിന്റെ നായകന്‍ അഖിലേന്ത്യാ കിസാന്‍സഭ നേതാവ് അമ്രാറാമിനെ കര്‍ഷക പാര്‍ലമെന്റ് ആദരിച്ചു. മരണക്കുടുക്കായി മാറിയ കടക്കെണിയില്‍നിന്ന് മോചനം, ന്യായമായ വില എന്നീ ആവശ്യങ്ങളുയര്‍ത്തി രണ്ടു ദിവസം നീണ്ട പ്രക്ഷോഭം അവസാനിച്ചത് കര്‍ഷക ആത്മഹത്യയുടെ പുതുമയില്ലാത്ത നടുക്കംവറ്റിയ വാര്‍ത്തയോടെയാണ്. ഒഡിഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കര്‍ഷകര്‍കൂടി ആത്മഹത്യചെയ്തു. വരള്‍ച്ചയും കീടങ്ങളുടെ ആക്രമണവും കാലംതെറ്റി പെയ്യുന്ന മഴയും വിളനശിപ്പിക്കുമ്പോള്‍ ആത്മഹത്യ അല്ലാതെ ഇന്നും കര്‍ഷകര്‍ക്കുമുമ്പില്‍ മറ്റ് വഴികളില്ല. സമൃദ്ധമായ വിളവ് ലഭിച്ചാലും ന്യായമായ വില ലഭിക്കാത്തതും മരണവാറന്റുതന്നെയാണ്. ഉപജീവനത്തിനായി കൃഷിചെയ്യുന്ന കര്‍ഷകരെ മരണത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ഓരോ പ്രതികരണവും. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ആയിരക്കണക്കിനു കര്‍ഷകരും തൊഴിലാളികളും പ്രക്ഷോഭത്തിനെത്തിയത് രാജ്യത്തെ കര്‍ഷകര്‍ സമരസജ്ജരാണെന്ന പ്രഖ്യാപനമാണ്.
കാര്‍ഷിക കടാശ്വാസം ഉറപ്പാക്കുന്ന ഫാര്‍മേഴ്സ് ഫ്രീഡം ഫ്രം ഡെബ്റ്റ് ബില്‍ 2017, ന്യായവില ഉറപ്പാക്കുന്നതിനുള്ള ബില്‍ എന്നിങ്ങനെ രണ്ട് ബില്‍ കര്‍ഷക പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ സമഗ്ര നിര്‍ദേശങ്ങളടങ്ങിയ രണ്ട് ബില്ലും എംപിമാര്‍വഴി പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ഭാഷയും ഭൂമിശാസ്ത്രവും കൃഷിരീതികളും വിഭിന്നമാകുമ്പോഴും കര്‍ഷകര്‍ക്ക് പ്രതിസന്ധികളില്‍നിന്ന് മോചനമില്ല. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റിന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ വിവരിച്ചു.
അജിത് മുഷാര്‍
ഗയ, ബിഹാര്‍
കര്‍ഷകത്തൊഴിലാളി
ഗോതമ്പ്, തക്കാളി, ഉള്ളി എന്നിവയെല്ലാം പ്രദേശത്ത് കൃഷിചെയ്യുന്നു. ദിവസം 300 രൂപയാണ് കൂലി. സ്ത്രീകള്‍ക്ക് ജോലിയില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പുറമ്പോക്കില്‍ ചെറിയ കൂരകള്‍ കെട്ടിയാണ് താമസം. അടിസ്ഥാന സൌകര്യങ്ങള്‍ക്കും ഭൂമിക്കുംവേണ്ടി സമരങ്ങള്‍ ചെയ്തിട്ടും ഒരു സഹായവും സര്‍ക്കാരില്‍നിന്ന് ഉണ്ടായില്ല.
തയംബക് കാട്തിമാന്‍
ഹിങ്കോലി ജംഭുരണ്‍, മഹാരാഷ്ട്ര
കൃഷി: സോയാബീന്‍
മഴയെമാത്രം ആശ്രയിച്ചാണ് കൃഷി. കനാലുകള്‍വഴി വെള്ളമെത്തിക്കണമെന്ന ആവശ്യം കേള്‍ക്കാന്‍ ആളില്ല. ഈ പ്രതിസന്ധി മറികടന്ന് മികച്ച വിളവ് ലഭിച്ചാല്‍ അത് ന്യായവില നല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനവുമില്ല. സ്വകാര്യ സംരംഭങ്ങളും ചന്തകളുമാണ് ആശ്രയം. ക്വിന്റലിന് 2500 രൂപ നല്‍കിയാണ് സോയാബീന്‍ എടുക്കുന്നത്. മുമ്പ് ക്വിന്റലിന് 3600 രൂപവരെ ലഭിച്ചിരുന്നു. ചെലവാക്കുന്ന തുകപോലും തിരിച്ചുകിട്ടുന്നില്ല. ക്വിന്റലിന് 4000 രൂപ എങ്കിലും ലഭിക്കണം. കൃഷിമാത്രമാണ് ജോലി. മറ്റ് വരുമാനമില്ല. കുട്ടികളെ സ്കൂളില്‍വിട്ട് പഠിപ്പിക്കാന്‍ കഴിയുന്നില്ല.
രത്തന്‍ലാല്‍
പിത്തോര്‍ഗഡ്, രാജസ്ഥാന്‍
കൃഷി: കടുക്, ഗോതമ്പ്, കടല
ട്യൂബുവഴിയാണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. വൈദ്യുതിക്കായി വലിയ തുക ചെലവാക്കണം. അഞ്ച് മണിക്കൂര്‍മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. അംബാനിയുടെ കമ്പനിക്കാണ് വൈദ്യുതി നല്‍കുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാജസ്ഥാനില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കര്‍ഫ്യൂവില്‍ പങ്കെടുത്തിരുന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് സംസ്ഥാനത്തും ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ വീണ്ടും കര്‍ഷകര്‍ ശക്തമായ സമരവുമായി തെരുവിലിറങ്ങും.
മധു ഗുഡുമേത്ത
നിര്‍മല്‍, തെലങ്കാന
കൃഷി: മഞ്ഞള്‍
വെള്ളം കിട്ടാനില്ലെന്നത് വലിയ പ്രതിസന്ധിയാണ്. ഒന്നരലക്ഷത്തോളം രൂപ മുടക്കിയാണ് മഞ്ഞള്‍ക്കൃഷി ചെയ്തത്. ഒരു ലക്ഷം രൂപയ്ക്ക് അടുത്തുമാത്രമാണ് തിരിച്ചുകിട്ടിയത്. എല്ലാക്കൊല്ലവും ഇത്തരത്തില്‍ നഷ്ടം തുടരുന്നു. വായ്പയെടുത്താണ് കൃഷിചെയ്യുന്നത്.
രൂപ മോറി
വിദര്‍ഭ, മഹാരാഷ്ട്ര
കൃഷി: പരുത്തി
കൃഷിയില്‍ വന്ന നഷ്ടത്തെതുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി.കടംവാങ്ങിയ മൂന്ന് ലക്ഷത്തോളം രൂപ ഇപ്പോഴും നല്‍കാനുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കൃഷിതന്നെയാണ് ആശ്രയം. കൃഷിപ്പണിയില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് കുട്ടികളെ സ്കൂളില്‍വിട്ട് പഠിപ്പിക്കാനാകുന്നില്ല. കാര്‍ഷികകടം എഴുതിത്തള്ളുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിളനാശംകൊണ്ടുമാത്രമല്ല അര്‍ഹമായ വില ലഭിക്കാത്തതുകൊണ്ടും കര്‍ഷകര്‍ നിരന്തരം ആത്മഹത്യചെയ്യുകയാണ്. കാര്‍ഷിക കടം വീട്ടാന്‍ വഴിയില്ലാതെ വിദര്‍ഭയിലും മറാത്തവാഡയിലും ആത്മഹത്യ ചെയ്ത 25 കര്‍ഷകരുടെ ഭാര്യമാര്‍ എന്നോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.
സ്വരണ്‍ സിങ്
സംഗ്രൂര്‍, പഞ്ചാബ്
കൃഷി: നെല്ല്, ഗോതമ്പ്
കൃഷിക്കാവശ്യമായ വൈദ്യുതിക്കായി വലിയ തുക ചെലവാക്കേണ്ടിവരുന്നു. വൈദ്യുതിക്കുള്ള തുക നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. ഉള്ളി, ഉരുളക്കിഴങ്ങ്, പരിപ്പ് എന്നിവയും സ്വകാര്യ ചന്തയിലാണ് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. നെല്ല് ക്വിന്റലിന് 1590 രൂപയ്ക്കാണ് എടുക്കുന്നത്. ഏകദേശം 2200 രൂപ ചെലവാകുന്നുണ്ട്. സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ദുരിതം കൂട്ടുകയാണ്.
സിദ്ധ ഗൌഡ
തുംങ്കൂര്‍, കര്‍ണാടക
കൃഷി: നെല്ല്, ചോളം
കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാനില്ല. കടക്കെണിയില്‍ നട്ടംതിരിയുകയാണ്. മോഡി വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍, അധികാരത്തിലെത്തിയശേഷം കര്‍ഷകരെ മറന്നു. വായ്പകള്‍ എഴുതിത്തള്ളില്ലെന്ന പ്രഖ്യാപനമാണ് ഉണ്ടായത്. വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള കേന്ദ്രവിഹിതം യഥാസമയം നല്‍കുന്നില്ല. ഗ്രാമത്തില്‍ ഒന്നിലേറെ കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായത്.
തയ്യാറാക്കിയത്
പി ആര്‍ ചന്തുകിരണ്‍
ഫോട്ടോ: കെ എം വാസുദേവന്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..