29 December Sunday

അഴിമതിക്ക് മറയിടാന്‍ ഇലക്ടറല്‍ ബോണ്ട്

പ്രകാശ് കാരാട്ട്Updated: Thursday Mar 30, 2017

ബിജെപിക്ക് കോര്‍പറേറ്റ് പണം ലഭിക്കുന്നതിന് മോഡിസര്‍ക്കാര്‍ ഗൂഢമായ മറ്റൊരു നടപടികൂടി കൈക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയപാര്‍ടികള്‍ക്ക് പണം ലഭ്യമാക്കുന്നതിനായി 'ഇലക്ടറല്‍ ബോണ്ടുകള്‍'ക്ക് തുടക്കമിടുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആര്‍ക്കെങ്കിലും രാഷ്ട്രീയപാര്‍ടികള്‍ക്ക് പണം സംഭാവന ചെയ്യണമെന്നുണ്ടെങ്കില്‍ നിശ്ചിത തുകയ്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി ബാങ്കുകള്‍ വഴി അത് നല്‍കാമെന്നര്‍ഥം. ഈ ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് അവരുടെ അക്കൌണ്ടില്‍ നിക്ഷേപിക്കാം. ഈ ബോണ്ടുകളുടെ പ്രത്യേകത, ആരാണോ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്‍കുന്നത് അവരുടെ പേരുവിവരം പുറത്തുവിടുകയില്ലെന്നതാണ്. ആരില്‍നിന്നാണ് പണം ലഭിക്കുന്നതെന്ന് രാഷ്ട്രീയപാര്‍ടികളും തിരക്കേണ്ട കാര്യമില്ല. 

ബോണ്ടുകള്‍വഴി അജ്ഞാതനില്‍നിന്നും കള്ളപ്പണം ഉള്‍പ്പെടെയുള്ള വന്‍ തുക ലഭ്യമാകാന്‍ അവസരം നല്‍കും. രാഷ്ട്രീയപാര്‍ടികള്‍ക്ക് ബോണ്ടുകള്‍ മുഖേന സംഭാവന നല്‍കുകവഴി കള്ളപ്പണം വെളുപ്പിക്കുന്നതിനും അവസരമാകും. ധനബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് പണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനായി ആദായനികുതിനിയമത്തിലും ജനപ്രാതിനിധ്യനിയമത്തിലും ഭേദഗതികളും കൊണ്ടുവന്നു.

എന്നാല്‍, മാര്‍ച്ച് 22ന് ധനബില്‍ ലോക്സഭ പരിഗണിക്കുന്നതിന് 48 മണിക്കൂര്‍മുമ്പ് സര്‍ക്കാര്‍തന്നെ ധനബില്ലില്‍ ഒട്ടനവധി ഭേദഗതികള്‍ അവതരിപ്പിച്ചു. ധനബില്ലിനൊപ്പം പരിഗണിച്ച ഈ ഭേദഗതികള്‍ എന്തെന്ന് പഠിക്കാന്‍ ലോക്സഭയ്ക്ക് വേണ്ടത്ര സമയം നല്‍കിയില്ല. 

കമ്പനി നിയമത്തിലായിരുന്നു ഒരു ഭേദഗതി കൊണ്ടുവന്നത്.  കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം കമ്പനികള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന ചെയ്യാമെന്നാണ് നിലവിലുള്ള വ്യവസ്ഥ. ഏഴരശതമാനമെന്ന പരിധി എടുത്തുകളയുന്നതാണ് ഈ ഭേദഗതി. നിലവിലുള്ള നിയമം അനുശാസിക്കുന്നത് ഏത് രാഷ്ട്രീയപാര്‍ടിക്കാണ് കമ്പനി സംഭാവന നല്‍കുന്നതെന്ന് വെളിപ്പെടുത്തണം. എന്നാല്‍, ഈ വ്യവസ്ഥയും എടുത്തുകളയുന്നതാണ് പുതിയ ഭേദഗതി.

കമ്പനികള്‍ക്ക് ഇനിമുതല്‍ പരിധിയില്ലാത്ത പണം സംഭാവനയായി രാഷ്ട്രീയപാര്‍ടികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നതാണ് ലോക്സഭ അംഗീകരിച്ച ഈ ഭേദഗതിയുടെ അന്തിമഫലം. മൊത്തം ലാഭത്തിന്റെ ഏഴരശതമാനമെന്ന പരിധി ഇനി പാലിക്കേണ്ടതില്ലെന്ന് അര്‍ഥം. ഏത് രാഷ്ട്രീയപാര്‍ടിക്കാണ് പണം സംഭാവനയായി നല്‍കുന്നതെന്നും വെളിപ്പെടുത്തേണ്ടതുമില്ല.

ഭരണകക്ഷിയായ ബിജെപിക്ക് കോര്‍പറേറ്റുകളില്‍നിന്ന് വന്‍ തുക സംഭാവനയായി സ്വീകരിക്കുന്നതിനാണ് ഈ മാറ്റം. സ്വന്തം കാര്യം നേടുന്നതിനുവേണ്ടി കമ്പനികള്‍ വന്‍ തുകതന്നെ കേന്ദ്ര ഭരണകക്ഷിക്ക് നല്‍കാന്‍ അവസരമൊരുങ്ങി. ഭരണകക്ഷിക്ക് മറ്റൊരു നേട്ടംകൂടിയുണ്ട്. ഇലക്ടറല്‍ ബോണ്ട് മുഖേനയുള്ള സംഭാവന ബാങ്കുകള്‍വഴിയാണ്.

സംഭാവന നല്‍കുന്ന കമ്പനിയുടെയും വ്യക്തിയുടെയും പേര് വെളിപ്പെടുത്തേണ്ടതില്ലെങ്കിലും സര്‍ക്കാരിന് ബാങ്കുകള്‍വഴി ഈ സംഭാവനയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മാര്‍ഗങ്ങളുണ്ട്. പ്രതിപക്ഷപാര്‍ടികള്‍ക്ക് സംഭാവന നല്‍കി ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും വിരോധത്തിന് പാത്രമാകാന്‍ ഒരു കമ്പനിയും വന്‍കിടക്കാരും തയ്യാറാകില്ല. 

ദേശീയ രാഷ്ട്രീയപാര്‍ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ സിംഹഭാഗവും ബിജെപിക്കാണ് ലഭിച്ചത്.  2015-16ല്‍ ബിജെപിക്ക് 76.85 കോടി രൂപ സംഭാവനയായി ലഭിച്ചു. മറ്റെല്ലാ ദേശീയ രാഷ്ട്രീയകക്ഷികള്‍ക്കുംകൂടി ലഭിച്ചത് 21 കോടി രൂപമാത്രം. മൊത്തം സംഭാവനയുടെ 75 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.  കമ്പനികളുടെ ലാഭത്തിന്റെ ഏഴരശതമാനമെന്ന പരിധി എടുത്തുകളഞ്ഞതോടെ ബിജെപിക്ക് ലഭിക്കുന്ന തുക വന്‍തോതില്‍ വര്‍ധിക്കും. അജ്ഞാതമായ വഴികളിലൂടെ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കാമെന്നത് ബിജെപിക്കുമാത്രമാണ് വന്‍ നേട്ടം ഉണ്ടാക്കുക.

ഇതുവഴി കൈക്കൂലിക്കും അഴിമതിക്കും നിയമസാധുത നല്‍കുകയാണ് മോഡിസര്‍ക്കാര്‍. നിലവില്‍ കരാര്‍ ലഭിക്കുന്ന കമ്പനികള്‍ കള്ളപ്പണമാണ് കൈക്കൂലിയായി നല്‍കിയത്. എന്നാലിപ്പോള്‍ കൈക്കൂലിക്ക് നിയമസാധുത ലഭിച്ചിരിക്കുന്നു.

ഒരു കമ്പനിക്ക് സര്‍ക്കാര്‍ ഏജന്‍സിയില്‍നിന്ന് 500 കോടി രൂപയുടെ കരാര്‍ ലഭിച്ചാല്‍ അതിന്റെ പത്ത് ശതമാനമായ 50 കോടി രൂപയാണ് സാധാരണയായി കമീഷന്‍. നേരത്തെ ഈ കമീഷന്‍ നല്‍കിയിരുന്നത്  കൈക്കൂലിയായിട്ടായിരുന്നു. നിയമസാധുതയില്ലാത്ത കള്ളപ്പണമായിരുന്നു കൈക്കൂലിയായി നല്‍കിയിരുന്നത്.

എന്നാല്‍,കമ്പനി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ കമ്പനിക്ക് 50 കോടി രൂപ ഭരണകക്ഷിക്ക് സംഭാവനയായി നല്‍കാം. ഇതുസംബന്ധിച്ച് ഒരു ചോദ്യവും ഉയരുകയുമില്ല.  ഈ പണം കൈമാറ്റത്തിന് നിയമസാധുതയുണ്ടെന്നുമാത്രമല്ല ആരുമറിയാതെയാണ് നടക്കുന്നതും.

ഈയൊരൊറ്റ നടപടിയിലൂടെ മോഡിസര്‍ക്കാര്‍ കേന്ദ്ര ഭരണകക്ഷിയുടെ മടിശ്ശീലയിലേക്ക് കോര്‍പറേറ്റ് പണത്തിന്റെ ഒഴുക്ക് സാധ്യമാക്കിയിരിക്കുകയാണ്. നവ ഉദാരവല്‍ക്കരണ രാഷ്ട്രീയത്തിന്റെ ഉച്ചാവസ്ഥയുമാണിത്. കോര്‍പറേറ്റ് പണവും രാഷ്ട്രീയപാര്‍ടികളും തമ്മിലുള്ള ബന്ധത്തിന് നിയമസാധുതയായി.

മുന്‍ കോളങ്ങളില്‍ സൂചിപ്പിച്ചതുപോലെ 2016ലെ ധനബില്ലില്‍ വിദേശസംഭാവന നിയന്ത്രണനിയമത്തില്‍ മോഡിസര്‍ക്കാര്‍ നേരത്തെ ഭേദഗതി വരുത്തി. വിദേശകമ്പനികള്‍ ഇന്ത്യയിലുള്ള ഉപകമ്പനികള്‍വഴി നല്‍കുന്ന സംഭാവന ഇന്ത്യയില്‍നിന്നുള്ള സംഭാവനയായേ കരുതൂ എന്നതായിരുന്നു ഈ ഭേദഗതി. ഈയൊരു നടപടിയിലൂടെ വിദേശ കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് നല്‍കുന്ന സംഭാവന നിയമപരമാക്കി. ഈവര്‍ഷത്തെ ധനബില്ലില്‍ കോര്‍പറേറ്റ് സംഭാവനയുടെ എല്ലാ പരിധിയും എടുത്തുകളഞ്ഞു.

പിന്‍വാതിലിലൂടെ ധനബില്ലില്‍ കൊണ്ടുവന്ന ഈ ഭേദഗതിക്കൊപ്പം മറ്റൊരു അപകടകരമായ കീഴ്വഴക്കവും സൃഷ്ടിക്കപ്പെട്ടു. ധനബില്ലിന്റെ മറവില്‍ ബജറ്റ് വകയിരുത്തലുമായോ മണി ബില്ലുമായോ ഒരു ബന്ധവുമില്ലാത്ത മറ്റു നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നതാണ് ഈ രീതി. ധനബില്‍ മണിബില്ലായതുകൊണ്ടുതന്നെ ബജറ്റുമായി ഒരു ബന്ധമില്ലാതിരുന്നിട്ടും ഈ നിയമങ്ങളെല്ലാം ഭേദഗതി വരുത്തുകയാണ്. ഈ ഭേദഗതികളൊന്നുംതന്നെ രാജ്യസഭയുടെ പരിശോധനയ്ക്ക് വിധേയമാകുന്നില്ല. അവിടെ വോട്ടിനിടുകയും ചെയ്യുന്നില്ല. ഭരണസഖ്യത്തിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് മണിബില്ലുമായി ബന്ധമില്ലാത്ത നിയമങ്ങളിലും ഈ രീതിയില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്.

ധനബില്ലിനൊപ്പം അവതരിപ്പിച്ച ഭൂരിപക്ഷം ഭേദഗതികള്‍ക്കും ബജറ്റുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഒരു ഭേദഗതി. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് മറ്റൊന്ന്. ചില റഗുലേറ്ററി ട്രിബ്യൂണലുകള്‍ സംയോജിപ്പിച്ചപ്പോള്‍ ചിലത് നിര്‍ത്തലാക്കിയ ഭേദഗതികളും ഇതോടൊപ്പം കൊണ്ടുവന്നു.

നിയമനിര്‍മാണത്തില്‍ രാജ്യസഭയ്ക്കുള്ള അധികാരത്തെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും പരിഹസിക്കുന്നതിന് സമമാണിത്. പാര്‍ലമെന്ററി ജനാധിപത്യത്തെയും രാഷ്ട്രീയസംവിധാനത്തെയും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണ് മോഡിസര്‍ക്കാര്‍. ഇതിന് ഹിന്ദുത്വശക്തികളുടെ പൂര്‍ണപിന്തുണയുമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top