21 November Thursday

തുടച്ചുനീക്കപ്പെടുന്ന സത്യം

വിജയ‌് പ്രസാദ‌്Updated: Wednesday Jun 20, 2018


പത്രപ്രവർത്തകനായിരിക്കുക എന്നത് അപകടകരമായ കാര്യമാണിന്ന്. സ്‌റ്റെനോഗ്രാഫറാകുക അപകടകരമല്ല. കാരണം അധികാരത്തിലുള്ളവർ പറയുന്നത് അപ്പടി പകർത്തുകമാത്രമാണിവിടെ നടക്കുന്നത്. ഒരു യഥാർഥ പത്രപ്രവർത്തകൻ ചുറ്റം നടക്കുന്ന കാര്യങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും വിഷമം പിടിച്ച ചോദ്യങ്ങൾ ഉന്നയിക്കുകയും അതിന്  ഉത്തരം തേടുകയും ചെയ്യുന്നവനാണ്. ഒരു വാർത്തയും ഇവർക്ക് ഉപേക്ഷിക്കാനാകില്ല. അങ്ങനെ ചെയ്താൽ അത് നൽകിയവരെയും അത് കേൾക്കേണ്ടവരെയും ഒരുപോലെ വഞ്ചിക്കലാണെന്ന് അവർ തിരിച്ചറിയുന്നു. കമ്മിറ്റി ഫോർ പ്രൊട്ടക‌്ഷൻ ഓഫ‌് ജേർണലിസ്റ്റിന്റെ കണക്കനുസരിച്ച് ഈ വർഷംമാത്രം 28 പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. അവർ അതിപ്രശസ്തരൊന്നുമല്ല. അബ്ദുള്ള ഹനൻസായ്, അലി സലേമി, ഗാസി റസൂലി, മഹാറം ദുരാനി, സലീം തലാഷ്, ഷാ മറായ്, യാർ മുഹമ്മദ് ടോകി, ഏറ്റവും അവസാനമായി ശ്രീനഗറിലെ ലാൽചൗക്കിലെ പ്രസ് എൻക്ലേവിൽവച്ച് ഷുജാഅത്ത് ബുഖാരിയും വെടിയേറ്റുവീണു. 1997 മുതൽ 2012 വരെ ‘ദ ഹിന്ദു'വിന്റെ ലേഖകനായിരുന്നു ഷുജാഅത്ത്. ഫ്രണ്ട് ലൈനിന്റെ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. സഹപ്രവർത്തകനും സുഹൃത്തുമായ ഷുജാഅത്ത് ധീരനായ റിപ്പോർട്ടറും യഥാർഥ പത്രപ്രവർത്തകനുമായിരുന്നു. 2006ൽ ആക്രമിക്കപ്പെട്ടതിനുശേഷം പൊലീസ് സംരക്ഷണത്തിലാണ്. ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാഗാർഡുകൾ കൊല്ലപ്പെട്ടു. അന്ന് ഒരു ബൈക്കിൽ ചാടിക്കയറിയാണ് ഷുജാഅത്ത് രക്ഷപ്പെട്ടത്. 

ദൂരദർശൻ ഡയറക്ടർ ലസ്സ കൗൾ 1990ൽ കൊല്ലപ്പെട്ടതോടെയാണ് കശ്മീരിൽ പത്രപ്രവർത്തനം അതീവ ദുഷ്‌കരമായത്. തീവ്രവാദികൾക്കുമാത്രമല്ല സൈനികർക്കും പത്രപ്രവർത്തകരോട് കടുത്ത കലിയായിരുന്നു.  2008ൽ ഒരു പ്രകടനം നടക്കവെയാണ് ക്യാമറ ചലിപ്പിക്കുന്ന ജാവേദ് അഹമ്മദ് മിർ കൊല്ലപ്പെട്ടത്. 1996ൽ ഷുജാഅത്തിനെ ഒരു തോക്കുധാരി അനന്തനാഗിൽവച്ച് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾ ബന്ദിയാക്കി. ഒരു ദശാബ്ദത്തിനുശേഷം രണ്ട് തോക്കുധാരികൾ അദ്ദേഹത്തെ വീണ്ടും പിടികൂടി. അതിലൊരാൾ വെടിവയ‌്ക്കാൻ നോക്കിയെങ്കിലും വിഫലമായി. തുടർന്ന് ഷുജാഅത്ത് പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു. ‘ആരാണ് ശത്രുക്കളെന്നും മിത്രങ്ങളെന്നും അറിയുക അസാധ്യമാണ‌്’ എന്ന്.

ജമ്മു കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച‌് സ്വതന്ത്രമായ പരിശോധന വേണമെന്ന് ഐക്യരാഷ്ട്രസംഘടന നിർദേശിച്ച ദിവസംതന്നെയാണ് ഷുജാഅത്ത് കൊല്ലപ്പെട്ടത്. 49 പേജ് വരുന്ന യുഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ അന്വേഷണ കമീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

കൊല്ലപ്പെടുന്നതിന് രണ്ടാഴ്ചമുമ്പ് കൈസർ ഭട്ട് എന്ന ഇരുപത്തൊന്നുകാരൻ സൈനികജീപ്പ് കയറി ദാരുണമായി മരിച്ചപ്പോൾ അതേക്കുറിച്ചുള്ള വീഡിയോ ദൃശ്യം ഷുജാഅത്ത് സാമൂഹ്യമാധ്യമങ്ങളിലുടെ ഷെയർ ചെയ‌്തു. എന്നിട്ട് പറഞ്ഞു: ‘ശ്രീനഗർ തെരുവിലെ ഈ ദൃശ്യങ്ങൾ അസ്വസ്ഥജനകമാണ്. പ്രതിഷേധത്തെ മൃഗീയമായി അടിച്ചമർത്തുന്ന രീതിയാണിത്.' ഈ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനുശേഷം തനിക്കെതിരെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഷുജാഅത്ത് പറഞ്ഞു.

കൈസർ ഭട്ട് സൈനികജീപ്പ് കയറി മരിച്ചതറിഞ്ഞ് സഹോദരികളായ പത്തൊമ്പതുകാരി തോയിബയും പതിനേഴുകാരി ഇഫാത്തും വാവിട്ടുകരഞ്ഞു.  ‘ഞങ്ങൾ ഇനി എവിടെ പോകും' കരച്ചിലിനിടെ അവർ ചോദിച്ചു. രക്ഷിതാക്കൾ നേരത്തെ മരിച്ചിരുന്നു. അമ്മാവന്റെ കൂടെയായിരുന്നു താമസം. പഠനം നിർത്തി കൈസർ ജോലി ചെയ്യാൻ ആരംഭിച്ചു. സഹോദരിമാർക്ക് പഠനം തുടരാൻ പണം കണ്ടെത്താനായിരുന്നു ഇത്. കശ്മീർ താഴ്‌വരയെ ശ്വാസം മുട്ടിക്കുന്ന സൈനികസാന്നിധ്യത്തിനെതിരെയുള്ള പ്രതിഷേധത്തിൽ കൈസറും ചേർന്നു. ഏഴുലക്ഷം സൈനികരാണ് താഴ്‌വരയിലുള്ളത്. സർക്കാർ പറയുന്ന കണക്കനുസരിച്ച് നൂറ്റമ്പതിലധികം തീവ്രവാദികൾമാത്രമാണ് ഇവിടെയുള്ളത്. ഇവരെ നേരിടാനാണ് ഏഴുലക്ഷം സൈനികർ. ഈ കണക്കിലെ യുക്തിയെന്താണ്? ഒാരോ മരത്തിനുപിന്നിലും തീവ്രവാദിയെ കാണണമെന്ന രീതിയിലുള്ള പരിശീലനമാണ് സൈനികർക്ക് നൽകുന്നത്. അഫ്‌സ‌്പ നിയമം നിവിലുള്ളതിനാൽ കശ്മീരി സിവിലിയന്മാർക്കെതിരെ ശിക്ഷാഭീതിയില്ലാതെ സൈനികർക്ക് നടപടികൾ കൈക്കൊള്ളാനാകും. ഈ നിയമം പിൻവലിക്കണമെന്ന് യുഎൻ റിപ്പോർട്ട് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് അഫ്‌സ‌്പ പ്രധാന തർക്കവിഷയമാകുന്നതെന്ന് അറിയാൻ ഷുജാഅത്ത് ബുഖാരി ഫ്രണ്ട്‌ലൈനിൽ ഷോപിയാൻ വെടിവയ‌്പിനെക്കുറിച്ച് എഴുതിയ ലേഖനം (മാർച്ച് 16, 2018) വായിച്ചാൽ മതി.

ഷുജാഅത്തിന്റെ ഫ്രണ്ട്‌ലൈൻ കവറേജ് കേന്ദ്ര സർക്കാരിന്റെ കശ്മീർനയത്തെ കുറ്റവിചാരണയ‌്ക്കുവിധേയമാക്കലാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ജീർണാവസ്ഥയിലേക്കുള്ള കുതിപ്പും ഷുജാഅത്ത് രേഖപ്പെടുത്തുന്നു. മെയ് 11ന് കഠ്‌വ ബലാത്സംഗത്തെക്കുറിച്ചുള്ള ഷുജാഅത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്,  കശ്മീർ ആഴത്തിലുള്ള വിപത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ്.  യുവാക്കൾ എന്തുകൊണ്ടാണ് തീവ്രവാദത്തിലേക്ക് പോകുന്നതെന്നും മാർച്ചിൽ ഷുജാഅത്ത് എഴുതി.  കൈസർ ഭട്ട് മരിച്ചപ്പോൾ ഷുജാഅത്ത് ട്വിറ്ററിൽ കുറിച്ചു: ‘കശ്മീരി യുവാക്കൾക്ക് മരിക്കാനുള്ള ഭയം നഷ്ടമാകുന്നത് എന്തുകൊണ്ടെന്ന് അധികൃതർ മനസ്സിലാക്കണം’ എന്ന‌്. 2016ൽ പത്രപ്രവർത്തകർ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഷുജാഅത്ത് പറഞ്ഞു: ‘ജീവനുള്ള ഭീഷണി, കുറ്റവിചാരണ, മർദനം, അറസ്റ്റ്, സെൻസർഷിപ‌് എന്നിവയെല്ലാം പ്രാദേശിക പത്രപ്രവർത്തകന്റെ ജീവിതത്തിന്റെ ഭാഗമാണ്.' ഇപ്പോൾ അദ്ദേഹത്തിന്റെ ജീവനും എടുത്തിരിക്കുന്നു. കേരളത്തിൽനിന്ന‌് ഖത്തറിലേക്ക് വിമാനത്തിലിരിക്കുമ്പോഴാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ട  സുഹൃത്തുക്കളായ മറ്റു പത്രപ്രവർത്തകരെക്കുറിച്ച് ഞാനോർത്തു. പാകിസ്ഥാനിലെ സയ്യദ് സലീം ഷഹ്‌സാദ്, അഫ്ഗാനിസ്ഥാനിലെ സർദാർ അഹമ്മദ്, തുർക്കിയിലെ സെറീന ഷിം, കർണാടകയിലെ ഗൗരി ലങ്കേഷ്... ആ പട്ടിക നീളുകയാണ്.  തിളങ്ങുന്ന ആ മുഖങ്ങൾ, സത്യം വിളിച്ചുപറയുന്നവർ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.

(ലെഫ്‌റ്റ്‌വേഡ്‌ ബുക്‌സിന്റെ ചീഫ്‌ എഡിറ്ററാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top