ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫിനിഷിങ് ലൈനിലേക്ക് അടുക്കുമ്പോള്‍ ഒന്നാംസ്ഥാനത്തിനുവേണ്ടിമാത്രമല്ല, രണ്ടാമതെത്താനും മത്സരം തീവ്രമാവുകയാണ്. എസ്പി- കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി എന്നീ മൂന്ന് ശക്തികളും ഭയക്കുന്നത് മൂന്നാംസ്ഥാനത്ത് എത്തിച്ചേര്‍ന്നാലുള്ള സ്ഥിതിയാണ്. പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെമാത്രം ആശ്രയിക്കുന്ന ബിജെപിക്ക് മൂന്നാംസ്ഥാനം ലഭിക്കുന്നത്, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രതിഫലനം സൃഷ്ടിക്കും. 2012ല്‍ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുകയും 2014ല്‍ ഒറ്റ ലോക്സഭ സീറ്റില്‍പ്പോലും ജയിക്കാന്‍ കഴിയാതിരിക്കയും ചെയ്ത ബിഎസ്പിക്ക്, ഇത്തവണ മൂന്നാംസ്ഥാനത്തുമാത്രം എത്തുകയെന്നത് രാഷ്ട്രീയ വനവാസത്തിലേക്കുള്ള വഴിയാണ്. എസ്പി- കോണ്‍ഗ്രസ് മുന്നണിയാണ് മൂന്നാംസ്ഥാനത്ത് എത്തുന്നതെങ്കില്‍ രാഹുല്‍ഗാന്ധിയുടെ നേതൃശേഷിയും രാഷ്ട്രീയപ്രസക്തിയും കാര്യമായി ചോദ്യംചെയ്യപ്പെടും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകും. സമാജ്വാദി പാര്‍ടിയില്‍ അഖിലേഷ് യാദവിന്റെ കസേര ഇളകും. അച്ഛന്‍ മുലായംസിങ് യാദവും അദ്ദേഹത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും പിടിമുറുക്കും.
അതുകൊണ്ടുതന്നെ നരേന്ദ്ര മോഡിയും അഖിലേഷ് യാദവും മായാവതിയും ആവനാഴിയിലെ എല്ലാ അസ്ത്രവും തൊടുത്തുവിടുകയാണ്. മാസങ്ങള്‍ക്കുമുമ്പുണ്ടായ കാണ്‍പുര്‍ ട്രെയിനപകടംപോലും മോഡി വോട്ടിനുവേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. അതിര്‍ത്തിക്ക് അപ്പുറത്തുണ്ടായ ആസൂത്രണമാണ് ഇതിനുപിന്നിലെന്ന് മോഡി ആരോപിക്കുന്നു. വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി ട്രെയിനപകടത്തെയും പ്രചാരണയോഗങ്ങളില്‍ എടുത്തിട്ടത്. ഗ്രാമങ്ങളില്‍ 'ഖബറിസ്ഥാനുകള്‍മാത്രം പോരാ, ശ്മശാനങ്ങളും വേണം'. 'വൈദ്യുതി റമദാനില്‍മാത്രം ലഭിച്ചാല്‍ പോരാ, ദീപാവലിക്കും ലഭിക്കണം' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇതിനുമുമ്പ് മോഡി നടത്തിയിരുന്നു. വോട്ടര്‍മാരെ ഭിന്നിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തുന്നു. "കസബിന്റെ 'ക' കോണ്‍ഗ്രസില്‍നിന്നും 'സ' സമാജ്വാദി പാര്‍ടിയില്‍നിന്നും 'ബ' ബിഎസ്പിയില്‍നിന്നും വന്നതാണ്'' എന്ന് അമിത് ഷാ ആക്ഷേപിച്ചു. കാര്‍ഷികത്തകര്‍ച്ചയിലും ദാരിദ്യ്രത്തിലും വീര്‍പ്പുമുട്ടുന്ന ജനതയ്ക്കുമുന്നില്‍ കേന്ദ്ര ഭരണകക്ഷി ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രചാരണമാണ് നടത്തുന്നത്.
രാമക്ഷേത്രനിര്‍മാണം പ്രചാരണവിഷയമാക്കാനുള്ള ബിജെപിയുടെ നീക്കം അയോധ്യയിലെ സന്ന്യാസിമാര്‍തന്നെ തള്ളിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടിനുവേണ്ടി രാഷ്ട്രീയക്കാര്‍ നുണ പറയുകയാണെന്ന് ദിഗംബരവിഭാഗം സന്ന്യാസികളുടെ തലവന്‍ സുരേഷ് ദാസ് പറയുന്നു. ഇദ്ദേഹത്തിന്റെ മുന്‍ഗാമി രാംചന്ദ്ര ദാസ് രാമക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്നു. രാമന്‍ ബിജെപിയുടെ പോളിങ് ഏജന്റായി മാറിയിരിക്കയാണെന്ന് അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് ഗ്യാന്‍ ദാസ് പരിഹസിച്ചു. എല്ലാ തെരഞ്ഞെടുപ്പിനുമുമ്പും അവര്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറയും. ഐക്യത്തോടെയും എല്ലാവരുടെയും സമ്മതത്തോടെയുമാണ് ക്ഷേത്രം ഉയരേണ്ടത്. പാലഭിഷേകമാണ് വേണ്ടത്, രക്തത്തില്‍ കുതിര്‍ന്ന ക്ഷേത്രം വേണ്ട- അദ്ദേഹം പറയുന്നു. രാമക്ഷേത്രത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഏശുന്നില്ലെന്ന് കണ്ടപ്പോഴാണ് ബിജെപി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. രാമജന്മഭൂമിയുടെ പേര് പറഞ്ഞ് അയോധ്യ മണ്ഡലത്തില്‍ ബിജെപി നാലു പ്രാവശ്യം ജയിച്ചു. എന്നാല്‍, 2012ല്‍ എസ്പിയാണ് ഇവിടെ വിജയിച്ചത്. ഇക്കുറിയും പ്രധാന പോരാട്ടം എസ്പിയും ബിജെപിയും തമ്മിലാണ്.
അഞ്ചാംഘട്ടമായി നടന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായപ്പോള്‍ ബിഎസ്പിയും മായാവതിയും തികഞ്ഞ ആത്മവിശ്വാസത്തോടെ പൊരുതുന്ന കാഴ്ചയാണ്. നോട്ടുനിരോധനത്തോടെ ബിഎസ്പിയുടെ പണപ്പെട്ടികള്‍ കാലിയായെന്നും ശക്തമായ തെരഞ്ഞെടുപ്പുപോരാട്ടത്തിന് അവര്‍ക്ക് കഴിയില്ലെന്നും പ്രചാരണം നടന്നിരുന്നു. എന്നാല്‍, എല്ലാ രംഗത്തും ബിഎസ്പി വീറോടെ നില്‍ക്കുന്നു. എസ്പിക്ക് എതിരായ ഭരണവിരുദ്ധവികാരം മുതലാക്കാനും ലോക്സഭ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ദളിത്വിഭാഗ പിന്തുണ തിരിച്ചുപിടിക്കാനും മായാവതി കിണഞ്ഞുശ്രമിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും സൌജന്യ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും വാഗ്ദാനം ചെയ്യുന്ന എസ്പിയെ, മായാവതി കണക്കിന് പരിഹസിക്കുന്നു. നൂറുകണക്കിന് കോടി രൂപ ചെലവിട്ട് ലാപ്ടോപ്പും മൊബൈല്‍ ഫോണും വിതരണം ചെയ്യുന്നതിനുപകരം തൊഴില്‍ശാലകള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവര്‍ പറയുന്നു. നോട്ടുനിരോധനത്തെതുടര്‍ന്ന് ഏതെങ്കിലും ധനികന്‍ മരിച്ചോയെന്നും മായാവതി ചോദിക്കുമ്പോള്‍, ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ആദ്യത്തെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ എസ്പിയുടെ പ്രചാരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും ഭാര്യയും എംപിയുമായ ഡിമ്പിള്‍ യാദവിന്റെയും ചുമലിലായി. മുലായംസിങ് യാദവ് വിരലിലെണ്ണാവുന്ന യോഗങ്ങളില്‍മാത്രമാണ് പങ്കെടുത്തത്; തനിക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കേന്ദ്രങ്ങളില്‍മാത്രം. രാഹുല്‍ഗാന്ധിയും ആദ്യഘട്ടത്തിലെ ബഹളത്തിനുശേഷം കാര്യമായി രംഗത്തുവന്നില്ല. പ്രിയങ്ക ഗാന്ധിയും ഡിമ്പിളും ഒന്നിച്ച് പ്രചാരണം നടത്തുമെന്ന് വാര്‍ത്തകള്‍ വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല; അമേത്തിയിലും റായ്ബറേലിയിലും മാത്രമാണ് പ്രിയങ്ക പ്രചാരണം നടത്തിയത്. യുവാക്കളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ അഖിലേഷിനും ഡിമ്പിളിനും അവസാനഘട്ടങ്ങളിലും കഴിയുന്നുണ്ട്. വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും ലക്ഷ്യമല്ലെന്ന് അഖിലേഷ് പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ വര്‍ഗീയധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ബിഎസ്പി കൂടുതല്‍ ദുര്‍ബലമായാല്‍ നിയമസഭയില്‍ എസ്പി- കോണ്‍ഗ്രസ് മുന്നണിക്കോ ബിജെപിക്കോ ഭൂരിപക്ഷം ലഭിക്കും. 2012ല്‍ എസ്പി- 224, ബിഎസ്പി- 80, ബിജെപി- 47, കോണ്‍ഗ്രസ്- 28 എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിഎസ്പി ഇതേശക്തി നിലനിര്‍ത്തിയാല്‍പ്പോലും അടുത്ത സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ല. 2007ല്‍ 206 സീറ്റ് ലഭിച്ച ബിഎസ്പിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 സീറ്റിലേക്ക് ഒതുങ്ങിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് ലഭിച്ചെങ്കിലും ബിഎസ്പിക്ക് സീറ്റൊന്നും കിട്ടിയില്ല. 7.5 ശതമാനം മാത്രം വോട്ട് കിട്ടിയ കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ ജയിക്കാനായി. എസ്പിക്ക് 22.2 ശതമാനം വോട്ടും അഞ്ച് സീറ്റും കിട്ടി. ബിജെപി മുന്നണിക്ക് 42.3 ശതമാനം വോട്ടും 73 സീറ്റും ലഭിച്ചു. ബിജെപിയുടെ സ്വപ്നം ഈ വിജയത്തിന്റെ ആവര്‍ത്തനമാണ്. എന്നാല്‍, ജാതിസമവാക്യങ്ങള്‍ കലങ്ങിമറിഞ്ഞ സാഹചര്യത്തില്‍ ഈ സ്വപ്നം പൂവണിയുക ദുഷ്കരമാണ്. യുപിയില്‍ ആറും ഏഴും ഘട്ടങ്ങളിലായി 18 ജില്ലയിലെ 89 മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. അഞ്ചാംഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവച്ച ഒരു മണ്ഡലത്തില്‍ ഒമ്പതിനും വോട്ടെടുപ്പ് നടക്കും.
മാര്‍ച്ച് നാലിനും എട്ടിനും വോട്ടെടുപ്പ് നടക്കുന്ന മണിപ്പുരില്‍ ചതുഷ്കോണമത്സരമാണ്. കഴിഞ്ഞതവണ 42 സീറ്റ് നേടിയ കോണ്‍ഗ്രസ്, ശക്തമായ ഭരണവിരുദ്ധവികാരം നേരിടുന്നു. യുണൈറ്റഡ് നാഗാ കൌണ്‍സില്‍ മൂന്നുമാസംമുമ്പ് പ്രഖ്യാപിച്ച അനിശ്ചിതകാല സാമ്പത്തിക ഉപരോധം തെരഞ്ഞെടുപ്പുകാലത്തും തുടരുന്ന ഇവിടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. പ്രശ്നം അവസാനിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. യുണൈറ്റഡ് നാഗാ കൌണ്‍സില്‍ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് പറയുന്നു. മുഖ്യമന്ത്രി രാജിവച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാല്‍ രണ്ടുദിവസത്തിനകം ഉപരോധം തീരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത് ഇതിന് തെളിവായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. സിപിഐ എം, സിപിഐ, നാഷണല്‍ പീപ്പിള്‍സ് പാര്‍ടി എന്നീ കക്ഷികള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിച്ച് 50 സീറ്റില്‍ മത്സരിക്കുന്നു. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ- സാമൂഹിക സാഹചര്യം നിലനില്‍ക്കുന്ന മണിപ്പുരില്‍ ഇറോം ശര്‍മിള രൂപീകരിച്ച പിആര്‍ജെഎ എന്ന കക്ഷിയും മത്സരരംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ 36 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചതായി ഇറോം ശര്‍മിള നടത്തിയ വെളിപ്പെടുത്തലും പ്രചാരണവിഷയമാണ്.
നാഗാ കലാപകാരികളുമായി മോഡിസര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍ മണിപ്പുരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് മണിപ്പുരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് സംസ്ഥാനത്തെ സംഘടനകള്‍ പറയുന്നു. നാഗാ കരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കരാറില്‍ മണിപ്പുരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രതികൂലമായി ഒന്നുമില്ലെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പുപ്രചാരണത്തിന് തുടക്കംകുറിച്ച് പറഞ്ഞത്. എന്നാല്‍, കരാറിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചുകൂടേ എന്ന് എതിരാളികള്‍ ചോദിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..