21 November Thursday

ശൃംഗാര പുരോഹിത്

സൂക്ഷ്‌മന്‍ Monday Apr 23, 2018

പീഡകരുടെ താവളമാണ് സംഘപരിവാർ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. മേഘാലയയിലെ രാജ്‌ഭവൻ ലേഡീസ് ക്ലബ് ആക്കിയ വിചിത്ര വിവരം പുറത്തുവന്നപ്പോൾ ഇറങ്ങിപ്പോകേണ്ടിവന്ന ഗവർണർ എസ് ഷണ്മുഖനാഥൻ സാക്ഷാൽ സ്വയംസേവകൻ. ഹൈദരാബാദിലെ രാജ്ഭവനിൽ യുവതികളോടൊപ്പം ശയിച്ച വന്ദ്യവയോധികൻ നാരായൺ ദത്ത് തിവാരി അഭയംതേടി എത്തിയത് ബിജെപിയിൽ. കഠ്‌‌വയിലെ പീഡകരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത് ബിജെപിയാണ്. ഉന്നാവയിൽ പീഡനവീരൻ ബിജെപി നേതാവും യോഗി ആദിത്യനാഥിന്റെ ഉറ്റവനും. തമിഴ്നാട്ടിൽ വിദ്യാർഥിനികളെ അനാശാസ്യത്തിന് നിർബന്ധിച്ച അധ്യാപികയുമായി ബന്ധമുണ്ടെന്ന വിവാദത്തിലാക്കപ്പെടുകയും അത് നിഷേധിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടുകയും ചെയ്ത ഗവർണർ ബൻവാരിലാൽ പുരോഹിതും പലവഴി താണ്ടി ബിജെ പിയിലെത്തിയ മഹാനാണ്.

രാജ്യത്താകെയുള്ള ജനപ്രതിനിധികളിൽ 48 പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ. അതിൽ വലുത്‌  ബിജെപിയുടെ വിഹിതം  ‐ 12. സ്ത്രീപീഡനക്കേസുകളിൽ പ്രതികളായ 47 പേർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകി ആ രംഗത്തും ബിജെപി മുന്നിലെത്തി. മേഘാലയ രാജ്ഭവൻ ലേഡീസ് ക്ലബ് ആക്കിയ ഷണ്മുഖനാഥന്റെ സ്വന്തം സംഘടനയായ ആർഎസ്എസ് എക്കാലത്തും പുരുഷ ക്ലബ്ബാണ്. നരേന്ദ്ര മോഡി വിവാഹംചെയ്ത യശോദാ ബെന്നിനെ യൗവനകാലത്തുതന്നെ ഉപേക്ഷിച്ചത് തികഞ്ഞ സ്വയംസേവകനും പ്രചാരകനുമാകാനാണ്. സംഘത്തിൽ സ്ത്രീകൾക്ക് അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മിഭായ് കേൽക്കറോട്  അത് നടപ്പില്ല, യുവതികൾക്കായി രാഷ്ട്രസേവികാ സമിതി രൂപീകരിക്കൂ   എന്നാണ് സംഘസ്ഥാപകൻ ഹെഗ്ഡെവാർ പറഞ്ഞത്.  

വിനീതവിധേയരും പേറ്റുയന്ത്രങ്ങളുമാക്കി പെൺകുട്ടികളെ വളർത്താനാണ് ഫാസിസ്റ്റുകൾക്ക് ഇഷ്‌ടം.  അതുകൊണ്ട് സ്‌‌ത്രീപീഡനം അവർക്ക് വിഷയമല്ല, ആ ഫാസിസ്റ്റു മനസ്സുകളുടെ  തണലിൽ എത്തുന്നവർക്കും അത്തരം ശീലം താനേ വന്നുകൊള്ളും. അതാണ് ചെന്നൈയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയായി ബൻവാരിലാൽ പുരോഹിത് കവിളിൽ തലോടിയത്. "ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നു. എനിക്ക് ഇതിൽനിന്ന് മോചിതയാകാനേ കഴിയുന്നില്ല. നിങ്ങൾക്ക് അത് മുത്തച്ഛന്റെ സ്നേഹപ്രകടനം ആയിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് തെറ്റുതന്നെ'' എന്നാണ് മാധ്യമ പ്രവർത്തക ട്വിറ്ററിൽ കുറിച്ചത്. ഗവർണറുടെ പ്രവൃത്തി തീർത്തും അനുചിതവും അപക്വവുമാണെന്നും അനുവാദമില്ലാതെ ഒരു അപരിചിതയുടെ മുഖത്ത് സ്പർശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൻവാരിലാൽ പുരോഹിത് ആർഎസ്എസിനെപ്പോലെ നാഗ്‌‌‌‌പുരിലാണ് വളർന്നത്. നാഗ്പുരിൽനിന്ന് ഇന്ദിര കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നു. മന്ത്രിയും എംപിയുമായി. ബിജെപിയുടെ അയോധ്യ യുദ്ധകാലത്ത് പുരോഹിതിനുള്ളിലെ ഹിന്ദു പുറത്തു വന്നു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. 1999ൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുപോയി. അതുകഴിഞ്ഞ് സ്വന്തമായി വിദർഭ രാജ്യ പാർടിയുണ്ടാക്കി. നാലുകൊല്ലം കഴിഞ്ഞപ്പോൾ പിന്നെയും ബിജെപിയിൽ. എക്കാലത്തും ആർഎസ്എസ് ബന്ധമുണ്ടായിരുന്ന പുരോഹിതിന് സംഘപരിവാർ കൊടുത്ത ആദരമാണ് ഗവർണർ പദവി.

ഗവർണർ പദവിയിലെത്തിയാൽ രാജ്ഭവൻ സ്വന്തം സാമ്രാജ്യമാക്കാം. അങ്ങനെയാണ് എൻ ഡി തിവാരി മൂന്ന് സ്ത്രീകളോടൊപ്പം ശയിച്ചത്. കിടക്ക പങ്കിടുന്ന വീഡിയോ പുറത്തുവന്നതുകൊണ്ടുമാത്രം രാജിവയ്ക്കേണ്ടിവന്നു. രാജ്ഭവനെ ഗവർണർ ലേഡീസ് ക്ലബ്ബാക്കിയെന്നും ഷൺമുഖനാഥനെ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും രാജ്ഭവന്റെ അന്തസ്സ് വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് മേഘാലയ രാജ്ഭവനിലെ നൂറോളം ജീവനക്കാർ രാഷ്ട്രപതിക്ക് കത്തെഴുതിയതുകൊണ്ടുമാത്രം അവിടെയും രാജിയുണ്ടായി. ബൻവാരിലാൽ പുരോഹിത് അത്രയ്ക്ക് പുരോഗമിച്ചില്ല. കാമരാജ് സർവകലാശാലയിലെ അധ്യാപിക വിദ്യാർഥിനികളെ അനാശാസ്യത്തിന് നിർബന്ധിക്കുന്ന ഓഡിയോ ക്ലിപ്പിലാണ് പുരോഹിത് കഥാപാത്രമായത്. ഗവർണറുമായി തനിക്ക് ബന്ധമുണ്ടെന്നാണ് അധ്യാപിക അതിൽ പറയുന്നത്. ഉടൻ ഗവർണർ സ്വന്തം നിലയ്ക്ക് ഒരന്വേഷണം പ്രഖ്യാപിച്ചു. താൻ ആ അധ്യാപികയെ കണ്ടിട്ടുപോലുമില്ല എന്നാണ് വിശദീകരണം. അതും പോരാതെ വാർത്താസമ്മേളനം വിളിച്ചപ്പോഴാണ് യുവ മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടി ശൃംഗാരസമൃദ്ധമായ  ഉത്തരം നൽകിയത്.

പുരോഹിത് ഇതെല്ലാം ചെയ്തുവച്ചിട്ടും എന്തെങ്കിലും നടപടി വേണമെന്ന് സംഘപരിവാറിന് തോന്നുന്നില്ല. അങ്ങനെ തോന്നാനും ഇടയില്ല. കാരണം, അതിനേക്കാൾ വലിയ പലതും ചെയ്തവരും യുവതിയെ നിരീക്ഷിക്കാൻ പൊലീസിനെ വിട്ടവരുമെല്ലാം അത്യുന്നതങ്ങളിൽ സുരക്ഷിതരായി ഇരിപ്പുണ്ട്.

 Top