മുതലാളിത്തം പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ദേശീയ മൂലധനമെന്ന സിദ്ധാന്തത്തെ തള്ളിക്കളഞ്ഞ് 1970കളില്‍ മുതലാളിത്ത രാജ്യങ്ങളില്‍ വീശിയടിച്ച ആഗോള മൂലധനത്തിന്റെ ചുഴലിക്കാറ്റ് മുതലാളിത്ത സമ്പദ്വ്യവസ്ഥകളെത്തന്നെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ആഗോളീകരണം ഇരകളാക്കിയ തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും തങ്ങളെ നിരാധാരരാക്കി മാറ്റിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും അതിന്റെ നടത്തിപ്പുകാരായിരുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും അതിശക്തമായി പ്രതികരിക്കുന്ന കാഴ്ചകള്‍കൊണ്ട് നിറയുകയാണ് വര്‍ത്തമാനകാല പരിസരം.
ബ്രെക്സിറ്റും, ട്രംപും, മോഡിതന്നെയും ഈ പ്രതിഭാസത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. സംരക്ഷണവാദത്തിന്റെയും സങ്കുചിത ദേശീയതയുടെയും കപട മുദ്രാവാക്യങ്ങളുയര്‍ത്തി ചൂഷിതരുടെ രോഷം മുതലെടുക്കാനാണ് എന്നിട്ടും മുതലാളിത്തം തുനിയുന്നത്. എന്നാല്‍, പ്രതിസന്ധിയെ മറികടക്കാന്‍വേണ്ടി കണ്ടെത്തുന്ന ഓരോ രക്ഷാമാര്‍ഗവും അടുത്ത പ്രതിസന്ധിയിലേക്ക് വഴിതുറക്കുന്ന അവസ്ഥയില്‍പ്പെട്ട് മുതലാളിത്ത രാജ്യങ്ങളെല്ലാംതന്നെ ഉഴറുകയാണ്. തൊഴിലില്ലായ്മയും വേതനശോഷണവും ചോദനപ്രതിസന്ധിയുമെല്ലാം ചേര്‍ന്ന് ഈ രാജ്യങ്ങളിലെ വിപണികളെത്തന്നെ മുരടിപ്പിച്ചിരിക്കുന്നു. മിക്ക വികസിത മുതലാളിത്ത രാജ്യങ്ങളും നേരിടുന്ന ജനസംഖ്യാശോഷണം അവരുടെ വിപണിപ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ ഇന്ത്യക്കുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണ്. ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ മുന്തിയ പങ്ക് ഈ രാജ്യങ്ങളിലേക്കാണ്. അവിടങ്ങളിലെ വിപണിതകര്‍ച്ച ഇന്ത്യയുടെ വിദേശവ്യാപാര സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിക്കുന്നത്.
അമേരിക്കയിലെ കേന്ദ്ര ബാങ്ക് കഴിഞ്ഞമാസം ഡോളറിന്റെ പലിശനിരക്ക് ഉയര്‍ത്തുകയുണ്ടായി. ഈ വര്‍ഷം മൂന്നുതവണയെങ്കിലും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയും ഗവര്‍ണര്‍ ജാനറ്റ് യെലന്‍ നല്‍കി. ഇന്ത്യന്‍ വിപണിയില്‍നിന്ന് ഡോളര്‍ നിക്ഷേപങ്ങള്‍ തിരിച്ചൊഴുകാനുള്ള സാധ്യതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ആഗോള മൂലധനത്തെ അമിതമായി ആശ്രയിക്കുന്നതുകൊണ്ട് അതിന്റെ നേരിയ ചലനങ്ങള്‍പോലും നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ദൂരവ്യാപക ഭവിഷ്യത്തുകളാണല്ലോ ഉളവാക്കുന്നത്.
മേല്‍പ്പറഞ്ഞ ആഗോള സാഹചര്യങ്ങള്‍ക്കു പുറമെയാണ് നോട്ട് പിന്‍വലിക്കല്‍ വരുത്തിവച്ച അപ്രതീക്ഷിത പ്രശ്നങ്ങള്‍. വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ 86.40 ശതമാനവും അസാധുവാക്കപ്പെട്ടതോടെ വിപണികള്‍ സ്തംഭിക്കുകയും സമ്പദ്വ്യവസ്ഥ അപ്പാടെ തളരുകയും ചെയ്തു. ദശലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ അതിവിപുലമായ അസംഘടിത തൊഴില്‍മേഖല തീര്‍ത്തും തകര്‍ന്നു. ഇതിന്റെയെല്ലാം ഫലമായി ജനങ്ങളുടെ ക്രയശേഷി ദുര്‍ബലമാകുകയും വിപണിയില്‍ രൂക്ഷമായ ചോദന പ്രതിസന്ധി ഉടലെടുക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് ഈ മാസം ഒന്നാം തീയതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചത്.
പണച്ചുരുക്കത്തില്‍ ഞെരിഞ്ഞമരുന്ന സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താനുള്ള ഒരേയൊരു വഴി പണമെത്തിക്കുക എന്നതാണ്. ചോദനപ്രതിസന്ധി നിലനില്‍ക്കുന്ന വിപണിയില്‍ പണമെത്തിക്കാനോ മുതല്‍മുടക്കാനോ സ്വകാര്യ മൂലധനം തയ്യാറാവുകയില്ലല്ലോ. ജനങ്ങളാണെങ്കില്‍ കൈവശമുണ്ടായിരുന്ന മുഴുവന്‍ പണവും ബാങ്കുകളില്‍ അടിയറവച്ചശേഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തേജക പദ്ധതികളില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഉത്തരവാദിത്തബോധമുള്ള ഭരണകൂടത്തില്‍നിന്ന് നാം എന്താണ് പ്രതീക്ഷിക്കേണ്ടത്? അതിനുള്ള ഉത്തരം പ്രഗത്ഭനായ ബൂര്‍ഷ്വാ ധനശാസ്ത്ര ചിന്തകന്‍ ജോണ്‍ മെയ്നാര്‍സ് കെയ്ന്‍സ് 1930കളിലെ മഹാ മാന്ദ്യകാലത്തുതന്നെ പറഞ്ഞുവച്ചിരുന്നു.
ചോദനമില്ലായ്മ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുമ്പോള്‍ വിപണിയിലേക്ക് പണമെത്തിച്ച് ഉണര്‍വേകാനുള്ള കടമ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കെയ്ന്‍സ് പറഞ്ഞത്. അതിനുവേണ്ടി സര്‍ക്കാര്‍ സമ്പദ്വ്യസ്ഥയില്‍ ഇടപെടുകയും വിവിധ മാര്‍ഗങ്ങളിലൂടെ മുതല്‍മുടക്കുകയും ജനങ്ങളുടെ കീശയില്‍ പണമെത്തിക്കുകയും അങ്ങനെ സമ്പദ്വ്യവസ്ഥയുടെ ഊര്‍ജസ്വലത വീണ്ടെടുക്കുകയും ചെയ്യണം. വേണ്ടിവന്നാല്‍ കമ്മിപ്പണം അച്ചടിച്ചും സര്‍ക്കാര്‍ ഈ ദൌത്യം നിറവേറ്റുകതന്നെ ചെയ്യണം.
പക്ഷേ, സര്‍ക്കാരിനെ വിപണിയില്‍നിന്ന് പിന്മാറ്റുകയെന്ന മുതലാളിത്തതന്ത്രം ശിരസ്സാവഹിക്കുന്ന മോഡി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയാണ്.