21 November Thursday

പൊലീസിന് അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2017

പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും ഒരാഴ്ചയ്ക്കകം പിടിയിലായെന്നത് കേരള പൊലീസിന്റെ അന്വേഷണമികവിന്റെ അടയാളമാണ്്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത നാടാണ് കേരളമെന്ന കുപ്രചാരണം ഏറ്റെടുത്തവര്‍ക്കുള്ള മറുപടിയുമാണത്. സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് മുതിരുന്നവര്‍ ആരായാലും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന ശക്തമായ സൂചന പൊലീസിന്റെ നടപടിയിലുണ്ട്. ഷൂട്ടിങ് സ്ഥലത്തുനിന്ന് അഭിനയം കഴിഞ്ഞ് താമസസ്ഥലത്തേക്ക് തികച്ചും സുരക്ഷിതമാണെന്ന് കരുതിയ വാഹനത്തില്‍ യാത്രചെയ്യവെയാണ് ആസൂത്രിതമായ അക്രമത്തിന് നടി ഇരയായത്. അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ ആ അനുഭവം ഇരയെ മാത്രമല്ല, പൊതുസമൂഹത്തെയാകെ മാനസികമായി തളര്‍ത്തുന്നതായിരുന്നു. അത് ചെയ്തവര്‍ക്കെതിരെ ഉയര്‍ന്ന രോഷം മനുഷ്യമനസ്സാക്ഷിയുടെ വികാരമാണ്. ആ കൊടുംകുറ്റവാളികള്‍, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ വലിച്ചുകീറിയവരെയും ജിഷയെയും സൌമ്യയെയും ക്രൂരമായി കൊലപ്പെടുത്തിയവരെയുമാണ് ഓര്‍മിപ്പിച്ചത്. ഊര്‍ജസ്വലമായ അന്വേഷണത്തിലൂടെ, ഔചിത്യപൂര്‍ണമായ ഇടപെടലിലൂടെ പ്രതികളെയാകെ അതിവേഗം പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കേണ്ടിവരുന്നത് സംഭവത്തിന്റെ ഈ തീവ്രത കണക്കിലെടുത്തുകൂടിയാണ്. 

സിനിമാലോകത്ത് രൂപപ്പെട്ട മാഫിയവല്‍ക്കരണത്തിന്റെ ഇരയായിരുന്നോ ഈ നടിയെന്നത് ഇനിയും തെളിയാനിരിക്കുന്നതേ ഉള്ളൂ. ഇമ്പമുള്ള കാര്യങ്ങളല്ല, അരങ്ങിനുപിന്നില്‍നിന്ന് കേള്‍ക്കുന്നത്. തനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ക്രൂരത നടി തുറന്നുപറയുകയും നിയമനടപടിക്ക് തയ്യാറാവുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇതിലും കൊടിയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേനെ. ആ നിലയില്‍ 'അപമാനഭീതി'യുടെ സദാചാരപരികല്‍പ്പനകള്‍ക്ക് വഴങ്ങാതെ ധീരമായി കുറ്റവാളികള്‍ക്കെതിരെ നിലപാടെടുത്ത അവരോട് സമൂഹം കടപ്പെട്ടിരിക്കുന്നു. നഗ്നചിത്രങ്ങള്‍ എടുത്ത് ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് ലക്ഷ്യമെന്നാണ് പിടിയിലായ പ്രതികളില്‍നിന്ന് ലഭിച്ച ആദ്യസൂചന. എന്നാല്‍, അതിനുമപ്പുറം മറ്റാര്‍ക്കോവേണ്ടി നടത്തിയ ക്വട്ടേഷന്‍ അക്രമമാണെന്നും അഭ്യൂഹമുയരുന്നു.

ഇവിടെയാണ് നടി മഞ്ജുവാര്യര്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യം  ശ്രദ്ധിക്കേണ്ടത്. സംഭവത്തിനുപിന്നില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തീര്‍ച്ചയായും ഈ ജാഗ്രതയോടെയുള്ള അന്വേഷണമായിരിക്കും നടക്കുകയെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉറപ്പ് നല്‍കിക്കഴിഞ്ഞു. അക്രമത്തിനിരയായ നടിയെ വിളിച്ച് സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ ഈ സംഭവങ്ങളോട് ചേര്‍ത്തുവായിക്കണം. സുരേഷ്കുമാറിന്റെ ഭാര്യയും പ്രശസ്ത നടിയുമായ മേനകയ്ക്ക് അഞ്ചുവര്‍ഷംമുമ്പ് അക്രമം നേരിടേണ്ടി വന്നിരുന്നു. അന്ന് പരാതി കൊടുത്തിട്ടും പൊലീസ് അനങ്ങിയില്ലെന്നും അത് തുടര്‍ന്നും ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയെന്നും സുരേഷ്കുമാര്‍ പറഞ്ഞിട്ടുണ്ട്. അന്ന് പൊലീസ് നടപടിയെടുത്തില്ലെന്നത് ഗൌരവമുള്ള കാര്യമാണ്. പൊലീസ് ഫലപ്രദമായി നടപടി എടുത്തിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞാല്‍ നടി താമസസ്ഥലത്തെത്തിയെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം നിര്‍മാതാവിനും മറ്റുമുണ്ട്. ഇവിടെ അതുണ്ടായില്ലെന്നുമാത്രമല്ല, തികച്ചും നിരുത്തരവാദപരമായാണ് പെരുമാറിയത്. അന്വേഷണത്തിന്റെ വിശദാംശം വരുന്നതിനുമുമ്പുതന്നെ എറണാകുളത്തെ ഒരു ജനപ്രതിനിധി നിര്‍മാതാവിനെ ശക്തമായി പിന്തുണച്ചതിന്റെ കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് ആര്‍ക്കും ക്ളീന്‍ചിറ്റ് നല്‍കുകയോ ആരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയോ അരുത് എന്നതാണ് പൊതുബോധം. അത് ലംഘിച്ചാണ് ജനപ്രതിനിധി പെരുമാറിയത്. ജിഷയും സൌമ്യയുമെല്ലാം മലയാളിയുടെ നീറുന്ന ഓര്‍മകളാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന് നാം മുറവിളി കൂട്ടും. ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം മറക്കും. ആ പതിവാണ് മാറേണ്ടത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ എന്നേക്കുമായി അവസാനിപ്പിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്ന ഇവിടെയെങ്കിലുമാകണം.  മലയാളക്കരയാകെ ഇതിനായി കൈകോര്‍ക്കണം. കലാസാംസ്കാരിക പ്രവര്‍ത്തകര്‍ അതിന്റെ മുന്‍നിരയിലുണ്ടാകണം.

കുറ്റവാളികളെ പിടികൂടിയപ്പോള്‍ പൊലീസിനുനേരെ ചില കേന്ദ്രങ്ങള്‍ ചാടിവീഴുന്നത് കണ്ടു. പ്രധാന പ്രതി സമര്‍ഥമായി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തിയതും അതിനായി ബലംപ്രയോഗിച്ചതും തെറ്റായി എന്നാണ് പ്രചാരണം. പ്രതിയെ പൊലീസ് വലിച്ചിഴച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വേദന അറിയിച്ചു. കുറ്റകൃത്യത്തില്‍ ആശങ്കയും രോഷവും നടിക്കുണ്ടായ ദുരന്തത്തില്‍ മനഃസ്താപവുമുള്ള മനുഷ്യരാകെ പൊലീസിനെ അഭിനന്ദിക്കുമ്പോഴാണ് ഇത്തരം പ്രകടനങ്ങള്‍. ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയായതുകൊണ്ട് സര്‍ക്കാരിന്റെയും പൊലീസിന്റെയും നന്മകളും നേട്ടങ്ങളും അംഗീകരിക്കില്ലെന്നുമാത്രമല്ല, അവയെ തെറ്റായി ചിത്രീകരിക്കുകയും വേണമെന്ന മാനസികാവസ്ഥയുടെ ഉല്‍പ്പന്നമാണ് ഈ പ്രകടനം. കുറ്റവാളികള്‍ക്കെതിരെ കാര്‍ക്കശ്യത്തോടെതന്നെ  പൊലീസ് ഇടപെടണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. പൊലീസിനെ വെട്ടിച്ച് കോടതിമുറിയെ ഒളിത്താവളമാക്കാന്‍ ശ്രമിച്ച കൊടും ക്രിമിനലിന്റെ പക്ഷംപിടിക്കാന്‍ തയ്യാറായവരെ ഓര്‍ത്ത് സഹതാപമേയുള്ളൂ. പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചില്ല എന്നതിന്, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവുതന്നെയാണ് തെളിവ്. ന്യായാധിപന്‍ ഇല്ലാത്ത കോടതിമുറിയില്‍ നടപടിക്രമം പാലിക്കാത്ത കീഴടങ്ങലും നിയമപരമാണെന്ന് വാദിച്ച് രംഗത്തെത്തിയവരെ നിരാശപ്പെടുത്തുന്നതാണ് മജിസ്ട്രേട്ടിന്റെ ഉത്തരവ്. കേവലമായ കക്ഷിതാല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി, സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള പൊതുമുദ്രാവാക്യത്തിനുപിന്നില്‍ അണിനിരക്കാന്‍ എല്ലാവരും തയ്യാറാകുമ്പോഴാണ്, യുവനടിയോ വീട്ടില്‍ തനിച്ചിരിക്കുന്ന പെണ്‍കുട്ടിയോ ട്രെയിനില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയോ ആക്രമിക്കപ്പെടാത്ത അവസ്ഥ ഉണ്ടാവുക. അതിനുള്ള ഔചിത്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കാണിക്കണം; ഈ വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങള്‍ എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ജനങ്ങള്‍ ചോദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top