29 December Sunday

അയോധ്യ: നീതിന്യായ പ്രക്രിയ വഴിമാറിക്കൂടാ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2017


ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നിര്‍ദേശം നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിക്കുന്നവരെയാകെ അമ്പരപ്പിച്ചു. അനുരഞ്ജനശ്രമത്തിലൂടെ പരിഹാരമുണ്ടാക്കാവുന്ന കേവലമൊരു തര്‍ക്കവിഷയമാക്കി പരിമിതപ്പെടുത്താവുന്നതല്ല അയോധ്യാപ്രശ്നം. നിരവധി വര്‍ഗീയകലാപങ്ങള്‍ക്ക് വഴിമരുന്നിട്ട അയോധ്യ ഇന്ന് പഴയ സ്ഥിതിയിലല്ല. അവിടെ നൂറ്റാണ്ടുകളായി നിലനിന്ന ബാബറി മസ്ജിദ് എന്ന മുസ്ളിം ആരാധനാലയം, സംഘപരിവാര്‍ സംഘടനകള്‍ സംഘടിതമായി അതിക്രമിച്ചുകയറി തകര്‍ത്തുകളഞ്ഞിരിക്കുന്നു. അവിടെ തിരക്കിട്ട് സ്ഥാപിച്ച ഒരു താല്‍ക്കാലിക ഹിന്ദുക്ഷേത്രത്തില്‍ ഇന്നും ആരാധന നടക്കുന്നു. കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണപോലും ആരംഭിച്ചിട്ടില്ല. അധികാരവും പേശീബലവും കൈമുതലാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍  മുറിപ്പെടുത്തിയ അസംഖ്യം മനസ്സുകളില്‍ കനലാളുകയാണിപ്പോഴും. ഇത്തരമൊരു പശ്ചാത്തലത്തില്‍ എങ്ങനെ ഒരു സമവായം രൂപപ്പെടും. ആര് അനുരഞ്ജനത്തില്‍ കക്ഷികളാകും. ഒത്തുതീര്‍പ്പ് സാധ്യമായാല്‍ത്തന്നെ അത് ആരെ തൃപ്തിപ്പെടുത്തും.

അയോധ്യപ്രശ്നത്തില്‍ തീര്‍പ്പാക്കപ്പെടേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഒന്നാമതായി, പതിനാറാംനൂറ്റാണ്ടില്‍ സ്ഥാപിച്ച് മുസ്ളിങ്ങള്‍ ആരാധന നടത്തിപ്പോന്ന ബാബറി മസ്ജിദ് സംബന്ധിച്ച് 1949ല്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തീര്‍പ്പാക്കണം. രേഖാപരമായി തീരുമാനമെടുക്കേണ്ട കാര്യമാണിത്. 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലാല കമ്മിറ്റി എന്നീ കക്ഷികള്‍ക്ക് മൂന്നാക്കി വിഭജിച്ച് നല്‍കിക്കൊണ്ട് 2010ല്‍ അലഹബാദ് ഹൈക്കോടതി കേസില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. വിധി അസ്വീകാര്യമാണെന്നുകാണിച്ച് മൂന്ന് കക്ഷികളും നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയില്‍ ആറുവര്‍ഷമായി തീരുമാനമാകാതെ കിടക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം കോടതിക്കുപുറത്ത് പരിഹാരം എന്ന നിലപാട് സ്ഥിതിഗതി കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കുള്ളൂ.

രണ്ടാമത്തെ വിഷയം ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടതാണ്. പള്ളി തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍സിങ് തുടങ്ങിയവര്‍ പ്രതികളാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ കേസില്‍നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി അംഗീകരിച്ചെങ്കിലും സുപ്രീംകോടതി  വ്യത്യസ്തനിലപാട് സ്വീകരിച്ചു. ബിജെപി നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് പ്രാഥമികനിഗമനം. പരാതിക്കാരിലൊരാളായ സിബിഐ എടുക്കുന്ന നിലപാടുകള്‍ സുപ്രീംകോടതി തീര്‍പ്പില്‍ നിര്‍ണായകമായേക്കും. രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ ഇളക്കിയ, പതിനായിരക്കണക്കിന് മനുഷ്യരെ ബലികൊടുത്ത സംഭവത്തില്‍, ഫലത്തില്‍ നീതി നടപ്പാകാതെപോകുകയാണ്. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠം തീരുമാനമെടുക്കേണ്ട ഘട്ടംകൂടിയാണിത്.

കേന്ദ്രവും യുപിയും ഭരിക്കുന്നവരെ നയിക്കുന്നത് ആര്‍എസ്എസ് ശാസനകളാണെന്ന് ഒരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശത്തെ സംഘപരിവാര്‍ സംഘടനകള്‍ ഒന്നടങ്കം സ്വാഗതംചെയ്യുന്നതിലെ അപകടസൂചനയും കാണാതിരുന്നുകൂടാ. ഭൂമി മൂന്നാക്കി വിഭജിച്ച ഹൈക്കോടതി വിധിയുടെ മാതൃകയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും പിന്നീട് ഭരണസ്വാധീനവും കൈയൂക്കും ഉപയോഗിച്ച് അയോധ്യ കൈയടക്കുകയുമാകാം അവരുടെ ഉന്നം. ഇതുവഴി രാജ്യത്താകെ അശാന്തിയുടെ നാളുകള്‍ സൃഷ്ടിക്കാനുമാകും. അങ്ങനെവന്നാല്‍ അനന്തകാലത്തോളം ഹിന്ദുത്വ ധ്രുവീകരണത്തിനുള്ള കേന്ദ്രമാക്കി അയോധ്യയെ മാറ്റാം. കോടതിക്ക് വെളിയിലുള്ള തീര്‍പ്പിനെ എതിര്‍ക്കുന്ന മുസ്ളിം പ്രസ്ഥാനങ്ങളാകട്ടെ, കുറെക്കൂടി യുക്തിസഹമായ നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. സുപ്രീംകോടതി നീതിന്യായ പ്രക്രിയയിലൂടെ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക്  വഴിപ്പെടുന്ന ഈ നിലപാടിനെ വിലമതിക്കേണ്ടതാണ്. മറുവശത്താകട്ടെ നിലവില്‍ ഭരണരംഗത്തുള്ള മേല്‍ക്കൈ പ്രയോജനപ്പെടുത്താനുള്ള ദുഷ്ടലാക്കും തെളിഞ്ഞുകാണാം.

ബാബറി മസ്ജിദ് വിഷയം മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. രാഷ്ട്രീയനേട്ടത്തിനായി സംഘപരിവാറും കോണ്‍ഗ്രസും മാറിമാറി നടത്തിയ മുതലെടുപ്പാണ് അയോധ്യയെ ഇന്ത്യയുടെ തലവേദനയാക്കിമാറ്റിയത്. ബാബറി മസ്ജിദിനകത്ത് രാമവിഗ്രഹം കൊണ്ടുവച്ച ഗൂഢാലോചനയ്ക്കുപിന്നില്‍ ഗൊരഖ്പുര്‍ മഠാധിപതിയായിരുന്നു. അന്ന് പൂട്ടിയിട്ട പള്ളി 1986ല്‍ ക്ഷേത്രാരാധനയ്ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തും. പിന്നീടിങ്ങോട്ട് ബിജെപിയുടെ പ്രത്യക്ഷ രാഷ്ട്രീയ ആയുധമായി അയോധ്യ മാറി. സമയാസമയങ്ങളില്‍ കോണ്‍ഗ്രസ് വര്‍ഗീയതയോട് സന്ധിചെയ്തു. 1992 ഡിസംബര്‍ ആറിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസും യുപിയില്‍ ബിജെപിയും ഭരിക്കുമ്പോള്‍ ഒരു സംഘം കര്‍സേവകര്‍ ബാബറി മസ്ജിദ് ഇടിച്ചുനിരത്തി. ഇതിനിടയില്‍ പല തെരഞ്ഞെടുപ്പുകളില്‍ രാമക്ഷേത്രനിര്‍മാണം ബിജെപിയുടെ തുറുപ്പുചീട്ടായി. പലവട്ടം വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിച്ചു. ഏറ്റവുമൊടുവില്‍ യുപി തെരഞ്ഞെടുപ്പ് ജയിക്കാനും ഗൊരഖ്പുര്‍ മഠത്തിന്റെ ഇന്നത്തെ അവകാശിയെ മുഖ്യമന്ത്രിയാക്കി വാഴിക്കാനും ഉപയോഗിച്ചു. 

കേസ് വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമിയോടാണ്, ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനയ്ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. സ്വയം മധ്യസ്ഥനാകാമെന്നും സമ്മതിച്ചു. രാമക്ഷേത്രത്തിനുവേണ്ടി നിരന്തരം വാദിക്കുന്ന സ്വാമിയും യുപിയിലെ മുഖ്യമന്ത്രി യോഗിയുമെല്ലാം ചേരുമ്പോള്‍ തിരക്കഥ പൂര്‍ണമാകും. രാഷ്ട്രീയക്കളിക്ക് ഇന്ധനംപകരലാണ് ചീഫ് ജസ്റ്റിസിന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top