21 November Thursday

നരോദപാട്യയുടെ ഓര്‍മ്മയില്‍നിന്ന് ചോര പൊടിയുമ്പോള്‍ സംഘപരിവാരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017

പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മകളില്‍നിന്നുപോലും ചോര കിനിയുന്ന ഭീതി ഒടുങ്ങാത്ത ക്രൂരതകളാണ് ഗുജറാത്ത് വംശഹത്യയില്‍ നരോദപാട്യയില്‍ അരങ്ങേറിയത്. തീര്‍ത്തും ദരിദ്രരായ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തിങ്ങിക്കഴിഞ്ഞ നരോദപാട്യയില്‍ അയ്യായിരത്തോളം സംഘപരിവാറുകാരാണ് ആക്രമണം നടത്തിയത്. 125 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 36 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടും. ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണം കുത്തിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതങ്ങള്‍ അരങ്ങേറി.

എബിവിപിക്കും ആര്‍എസ്എസിനും എതിരെ ശബ്ദമുയര്‍ത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൌര്‍ കന്ദ്രമന്ത്രിമാരുടെയും തീവ്ര ഹിന്ദുത്വശക്തികളുടെയും ഭീഷണിയെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന ദിവസമാണ് ഗുജറാത്ത് കലാപം വീണ്ടും ഓര്‍മ്മിക്കപ്പെടുന്നത്. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹറിനെതിരെ ബലാത്സംഗ ഭീഷണിവരെ ഉയര്‍ന്നു. 'നിര്‍ഭയയേക്കാള്‍ മോശം അനുഭവമാകും നിനക്കുണ്ടാകുക' എന്നായിരുന്നു ഭീഷണി.

മറ്റൊരു സംഭവത്തില്‍: ബിജെപിയുടെ സജീവപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗംകൂടിയായ വിജയ് ജോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഗുഡ്ഗാവിലെ ഹോട്ടലില്‍ എത്തിയ യുവതിയെ മയക്കുമരുന്നു കലര്‍ന്ന സൂപ്പ് കുടിപ്പിച്ച് ബോധരഹിതയാക്കി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ മാത്രമല്ല അധികാരത്തിന്റെ ബലത്തില്‍ എന്ത് അതിക്രമവും നടത്താന്‍ മടിയില്ലാത്ത അക്രമിക്കൂട്ടമായി സംഘപരിവാരം തുടരുകയാണെന്നതാണ് ഓരോ സംഭവവും വ്യക്തമാക്കുന്നത്. വിദ്യാര്‍ഥിനിക്കും പാര്‍ട്ടി പ്രവര്‍ത്തകയ്ക്കും നേരിടേണ്ടി വന്ന ഭീഷണിയും അതിക്രമവും സംഘപരിവാറില്‍നിന്ന് പുതുമയുള്ളതോ അപ്രതീക്ഷിതമോ അല്ല എന്നതാണ് അവരുടെ
മുന്‍  പ്രവൃത്തികള്‍ അടിവരയിടുന്നത്.

നരോദപാട്യയില്‍ കൂട്ട കൊലപാതകത്തിന് നേതൃത്വം നല്‍കിയ ബാബു ബജ്റംഗി രക്തദാഹം അടങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍ നടത്തിയതും വിസ്മരിച്ചുകൂടാ. ബാബു ബജ്റംഗിയുടെ തെഹല്‍ക്ക പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ ഓര്‍മ്മിപ്പിച്ച് മന്‍സൂര്‍ പാറേമ്മല്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

"വെട്ടി നുറുക്കി. കത്തിച്ചു. അങ്ങനെ പലതും ചെയ്തു. പലതും… അവരെ (മുസ്ലിംകളെ) ചുടണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ആ തെണ്ടികള്‍ (bastards) പറയുന്നത് അവരെ ചുടാന്‍ പാടില്ലെന്നാണ്. അതവര്‍ ഭയക്കുന്നു. അതവര്‍ പറയുന്നതുകൊണ്ട് അവര്‍ക്കതുതന്നെ സംഭവിക്കണം "

നരോദാ പാട്യയില്‍ കൂട്ട കൊലപാതകത്തിന് നേതൃത്ത്വം നല്‍കിയ ബാബു ബജ്റംഗിയുമായി തെഹല്‍ക്കയുടെ ടീംസ് നടത്തിയ സറ്റിങ്ങ് ഓപ്പറേഷനിലാണ് നട്ടെല്ലിനുള്ളിലൂടെ ഭയത്തിന്‍റെ പ്രവേഗങ്ങള്‍ പടര്‍ന്നു കയറുന്ന ഈ വാചകങ്ങള്‍ ഉള്ളത്. തീര്‍ന്നില്ല ബജ്റംഗി തുടരുകയാണ്

"എനിക്ക് ഒരാഗ്രഹമേ ഉള്ളു. അവസാനമായി ഒരാഗ്രഹം.. എനിക്ക് വധശിക്ഷ തന്നോട്ടെ. എന്നെ തടവിനു വിധിക്കുന്നോ എന്നത് ഒരു വിഷയമല്ല. തൂക്കിക്കൊന്നാലും വിരോധമില്ല. തൂക്കുന്നതിനും മുമ്പ് 2 ദിവസം എനിക്ക് നല്‍കൂ. ഞാന്‍ ജുഹാപുരയില്‍ (മുസ്‌ലീംകള്‍ ധാരാളമുള്ള സ്ഥലം) പോകും. അവിടെ 78 ലക്ഷം പേര്‍ ഇവരാണ്. അവരെ മുഴുവന്‍ ഞാന്‍ അവസാനിപ്പിക്കും. കുറഞ്ഞത് 25000-50000 എണ്ണത്തിനെയെങ്കിലും വകവരുത്തണം."

"അവിടെ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. ഞാന്‍ അവളുടെ വയര്‍ ചീന്തിയെറിഞ്ഞു. എന്നിട്ട് എല്ലാവരെയും എല്ലാം കാണിച്ചുകൊടുത്തു. ഞങ്ങളിലുള്ളവരോട് കളിച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് കാണിച്ചു കൊടുത്തു. ഞാന്‍ ഇപ്പോഴും പറയുന്നു. അവര്‍ ആരോ ആയിക്കൊള്ളട്ടെ. കുഞ്ഞുങ്ങളോ സ്ത്രീകളോ ആരുമായിക്കൊള്ളട്ടെ. അരിഞ്ഞു വീഴ്ത്തണം. കഷ്ണമാക്കണം. കത്തിക്കണം. ഹിന്ദുക്കള്‍ക്ക് ചീത്തയാകാന്‍ കഴിയും. കാരണം അവരെ പോലെത്തന്നെ ഹിന്ദുക്കളും ദുഷ്ടരാണ്."

കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഘുംബട്ട് റിലീഫ് കാമ്പില്‍ സന്നദ്ധ സേവകന്‍ ആയിരുന്ന ദാവൂദ് ഭായി 2002 മാര്‍ച്ച് 20 ന് നല്‍കിയ അഭിമുഖം കൂടി വായിച്ചു നോക്കണം കലാപത്തിന്‍റെ ആഴവും പരപ്പും അറിയാന്‍... (റിബിന് കടപ്പാട്)

“ഭീമാകാരമായ കുഴികള്‍ നിര്‍മ്മിക്കുന്നതിന്റെയും കൂട്ട ശവസംസ്കാരം ചെയ്യുന്നതിന്റെയും അസന്തുഷ്ടമായ ചുമതല എനിക്കായിരുന്നു. ഞാന്‍ കണ്ട ശവശരീരങ്ങളുടെ അവസ്ഥ കാരണം എനിക്ക് ഇന്നും ഉറങ്ങാന്‍ പറ്റുന്നില്ല. പല ശവശരീരങ്ങള്‍ക്കും തലയോട് ഇല്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കരിഞ്ഞ ശവശരീരങ്ങള്‍ ഒരു കൂനയായി കിടക്കുകയായിരുന്നു. 300-400 ശവശരീരങ്ങള്‍ അവിടെ കണ്ടെന്ന് ഞാന്‍ ആണയിടാം. നിര്‍ഭാഗ്യവശാല്‍, 16 ദിവസം കൊണ്ട് ഞങ്ങള്‍ക്ക് 192 ശവങ്ങളേ കുഴിച്ചുമൂടാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രവര്‍ത്തി ചെയ്ത സന്നദ്ധസേവകര്‍ക്ക് അവരുടെ ഹൃദയം ഇരുമ്പാക്കേണ്ടി വന്നു, കയ്യുറകള്‍ ധരിക്കേണ്ടി വന്നു, ഡെറ്റോള്‍ തളിക്കേണ്ടി വന്നു, അത്തറു പുരട്ടേണ്ടിവന്നു”

പതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം സംഘപരിവാര്‍ ഫാസിസം ഇന്ത്യന്‍ മതേതരത്ത്വത്തിന്‍റെ വയറ് കുത്തി കീറി പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ വാര്‍ഷിക ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അകലാപത്തിന് ആളും അര്‍ഥവും സ്പോണ്‍സര്‍ ചെയ്ത ഫാസിസ്റ്റ് കിങ്കരന്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന കാലത്ത് ഗുജറാത്തിന്‍റെ ഓര്‍മ പുതുക്കി കൊണ്ടേയിരിക്കണം. മറവികള്‍ക്കെതിരായ ഓര്‍മപ്പെടുത്തലുകളുടെ സമരമാണ് രാഷ്ട്രീയമെന്ന് മിലേന്‍ കുന്താര....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top