പാട്ടിന്റെ പാതയില്‍ നിന്ന് പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ സംഗീത ചിന്തകള്‍ പങ്കുവെയ്ക്കുന്ന പംക്തി ആരംഭിക്കുന്നു.
ഒരു ക്രിസ്‌മസ് കൂടി കടന്നുപോകുന്നു. ക്രിസ്‌മസിന്റെ ആദ്യ ഓര്‍മ്മകള്‍ മധുരത്തിന്റേതാണ്. മതമില്ലാത്ത മധുരം. അടുത്ത വീട്ടിലെ ജോണ്‍സാര്‍ ക്രിസ്‌മസിന് വീട്ടിലുണ്ടാക്കി കൊടുത്തുവിട്ടിരുന്ന കേക്കാണ്, അറുപതുകളിലെ ബേക്കറികളൊന്നും അധികമില്ലാത്ത ബാല്ല്യത്തിലെ, മധുരിക്കുന്ന ഓര്‍മ്മ. ആദ്യക്ളാസുകള്‍ മുതല്‍ സംഗീതവും ക്രിസ്‌മസിനൊപ്പമെത്തി. കരോള്‍ ഗാനങ്ങളുടെ മധുരം കൂടി ഉള്ളതായിരുന്നു നാലാംക്ളാസ് വരെ പഠിച്ചിരുന്ന തിരുവനന്തപുരം വഴുതക്കാട് കാര്‍മ്മല്‍ കോണ്‍വെന്റിലെ ക്രിസ്‌മസ്. കുട്ടികളെല്ലാം ചേര്‍ന്നായിരുനു കരോള്‍ പാടുക. സ്കുളിനകത്തുള്ള കരോള്‍ ഗാനങ്ങള്‍. അന്ന് വീട്ടില്‍ വരുന്ന കരോള്‍ സംഘങ്ങളും പാട്ടുകള്‍ പാടിയിരുന്നു. പാട്ടുകള്‍ പഠിച്ച് പരിശീലിച്ചായിരുന്നു പാടിയിരുന്നത്. ഇന്നിപ്പോള്‍ കരോളുകളില്‍ പാട്ട് പലപ്പോഴും ഇല്ലാതാകുന്നു. ഈ ക്രിസ്‌മസിനു കണ്ട രണ്ട് കരോളിലും ചെണ്ട കൊട്ടുന്നതു മാത്രമേ കണ്ടുള്ളൂ പാട്ടുണ്ടായിരുന്നില്ല.
നമ്മുടെ എല്ലാ ആഘോഷ ഓര്‍മ്മകളും സിനിമാഗാനങ്ങളുമായി ഇടകലരുന്നുണ്ട്. ഒരുപക്ഷേ നമ്മുടെ എല്ലാ ജീവിതസന്ദര്‍ഭങ്ങളും നമ്മളെ സിനിമാ
പാട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയിലെ പോലെ ചലച്ചിത്രഗാനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ മറ്റൊരു ജനത ഇല്ലെന്നുതന്നെ പറയാം. മറ്റിടങ്ങളില്‍ സിനിമകളില്‍ ടൈറ്റില്‍ സോങ്ങോ ഏതെങ്കിലും സിനിമാ സന്ദര്‍ഭത്തിനനുസരിച്ചുള്ള ഒരു പാട്ടോ ഉണ്ടാകാം. മൂന്നു മിനിട്ടില്‍ താഴെയുള്ള ഒരു പാട്ട്. അവര്‍ക്ക് പോപ്പ് സോങ്ങ് (ജനപ്രിയ ഗാനം) എന്നു പറയാവുന്ന ഗാനങ്ങളെല്ലാം ബാന്റ്സാണ് ഉണ്ടാക്കുന്നത്. അവയൊന്നും സിനിമയിലല്ല. നമുക്ക് നമ്മുടെ അടിസ്ഥാന സംഗീതം സിനിമാഗാനങ്ങള്‍ തന്നെയാണ്. മറുനാട്ടില്‍ കഴിയുന്ന പ്രവാസികളെ ഗാനങ്ങളാണ് പലപ്പോഴും നാടുമായി ചേര്‍ത്തുനിര്‍ത്തുന്നതെന്ന് തോന്നാറുണ്ട്. ആഘോഷങ്ങളുടെ ഗൃഹാതുരത്വം അവരിലെത്തിക്കുന്നതും ഈ ഗാനങ്ങള്‍ തന്നെ. ഗായകര്‍ക്കും നടന്മാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വിദേശമലയാളികളില്‍ നിന്നു കിട്ടുന്ന ആദരവും സ്നേഹവുമൊക്കെ ഈ പാട്ടുകളുടെ കൂടി പിന്‍ബലത്തിലാണ്.
അറുപതുകളിലെയും എഴുപതുകളിലെയും പാട്ടുകള്‍ തന്നെയാണ് ഇന്നും ക്രിസ്aസിനെയും സംഗീതമധുരമാക്കുന്നത്. സ്നാപക യോഹന്നാനിലെയും മറ്റും പാട്ടുകള്‍ ക്രിസ്തുവിന്റെ തിരുപ്പിറവിയും ക്രിസ്‌തുമസിന്റെ സന്ദേശമാകെയും കാവ്യാത്മകമായി പകരുന്നു.
>ഞാന്‍ പാടിയ കരോള്‍ ഗാനങ്ങളില്‍ ഏറ്റവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് എം കെ അര്‍ജ്ജുനന്‍മാഷ് സംഗീതം നല്‍കിയ ഒരു പാട്ടാണ്. 2009 ല്‍ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിലെ ഈ കരോള്‍ഗാനം എഴുതിയത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ്. 'ലോകൈക നാഥനു ജന്മം നല്‍കിയ അമ്മേ നീയെത്ര ധന്യ'' എന്നു തുടങ്ങുന്നതാണ് ആ ഗാനം. ഊഴം എന്ന സിനിമയിലാണ് അര്‍ജുനന്‍ മാഷിന്റെ സംഗീതത്തില്‍ അതിനുമുമ്പ് ഞാന്‍ പാടിയത്. ഒട്ടേറെ ലളിതഗാനങ്ങളും മറ്റും അദ്ദേഹത്തിനുവേണ്ടി പാടിയെങ്കിലും സിനിമയില്‍ പാടുന്നത് പിന്നീട് അനാമികയിലാണ്. ഞങ്ങളൊക്കെ സിനിമയില്‍ സജീവമാകുമ്പോള്‍ മാഷ് കൂടുതലും നാടകഗാനങ്ങളാണല്ലോ ചെയ്തിരുന്നത്.
ബിച്ചു തിരുമല എഴുതി യേശുദാസും കെ എസ് ചിത്രയും 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്'(1984) എന്ന സിനിമയില്‍ പാടിയ '
ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ
കമ്പിത്തിരി മത്താപ്പോ'
എന്ന ഗാനം ക്രിസ്‌മസിന്റെ മൂഡ് വളരെയുള്ളൊരു ഗാനമാണ്. മൊത്തത്തില്‍ തന്നെ, ക്രിസ്ത്യന്‍ അന്തരീക്ഷം എന്നതിലുപരി ക്രിസ്‌മസ് അന്തരീക്ഷത്തിലുള്ള ഒരു സിനിമയാണല്ലോ അത്. മോഹന്‍ലാല്‍ താരപദവിയിലേക്ക് പദമൂന്നാന്‍ വഴിയൊരുക്കിയ സിനിമകളില്‍ ഒന്നു കൂടിയാണത്. പിന്നൊരു പാട്ട്
'ശക്തിനായകാ
മുക്തിദായകാ' ആണ്. ശ്രീകുമാരന്‍ തമ്പിയുടെ 'ജീവിതം ഒരു ഗാന'(1984) ത്തിലെ ദുഖത്തിന്റെ ഈണമുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് എം എസ് വിശ്വനാഥനാണ്. പാടിയത് യേശുദാസും.
ക്രിസ്ത്യന്‍ ജീവിത പശ്ചാത്തലം നിറയുന്ന നദി(1969) യില്‍ വയലാര്‍ എഴുതിയ
നിത്യവിശുദ്ധയാം കന്യാമറിയമേ.. എന്ന ഗാനവും എക്കാലവും ഓര്‍മ്മിക്കപ്പെടും. അത്ര പ്രചാരം നേടിയിട്ടില്ലാത്ത മറ്റ് ചില മനോഹര ഗാനങ്ങളെക്കുറിച്ചു കൂടി ഓര്‍ക്കണം.
വെള്ളിക്കുടക്കീഴെ അല്ലിക്കുടക്കീഴേ
പള്ളിയില്‍ പോകും മേഘങ്ങളെ
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
ജറുസലേം പുത്രിയെ കൊണ്ടുപോന്നു
ഞാന്‍ കൊണ്ടുപോന്നു''
എന്ന ഗാനം ദേവരാജന്‍ മാഷിന്റേതാണ്. അവളല്‍പം വൈകിപ്പോയി (1971) എന്ന ചിത്രത്തിനായി വയലാര്‍ എഴുതിയത്.
അതുപോലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ നാടന്‍ പെണ്ണി (1967) ലെ പി സുശീല പാടുന്ന
""ഹിമവാഹിനീ..ഹിമവാഹിനീ
ഈറക്കുഴലുമായ് ഇവിടെ വരാറുള്ളൊ--
രിടയനെ ഓര്‍മ്മയുണ്ടോ'' എന്ന ഗാനവും ഹൃദ്യമാണ്.
'ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌെന്ദര്യം'' എന്ന യേശുദാസ് പാടിയ ഗാനത്തിന്റെ രചനയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തി ആ ഗാനത്തിന്റെ ഈണം ഒരു Western chord progression പാതയിലാക്കിയാണ് അതേ സിനിമയിലെ തന്നെ ഈ ഗാനം.
ഇളയരാജ സംഗീതം നല്‍കി എസ് ജാനകിയും കൃഷ്ണചന്ദ്രനും ചേര്‍ന്നുപാടിയ ദീപമേ... എന്നു തുടങ്ങുന്ന ഒരു കരോള്‍ ഗാനമാണ് മികച്ച മറ്റൊരു കരോള്‍ ഗാനം. മണിരത്നം സംവിധാനം ചെയ്ത ഉണരൂ (1984) എന്ന സിനിമയിലെ ഗാനം. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഈ സംവിധാന സംരംഭം മലയാളത്തിലായിരുന്നു. മോഹന്‍ലാലും സബിതാ ആനന്ദും സുകുമാരനും ഉണ്ണിമേരിയും മറ്റും അഭിനയിച്ച ചിത്രം വിജയിച്ചില്ല. മറക്കാനാകാത്ത മറ്റൊരു ഗാനമാണ് ഭരതന്‍ സംഗീതം നല്‍കിയ അദ്ദേഹത്തിന്റെ തന്നെ ചിത്രമായ കാതോട് കാതോര (1985) ത്തിലെ
'ദേവദൂതര്‍ പാടി
ഈ ഒലീവിന്‍ പൂക്കള്‍
ചൂടിയാടും നിലാവില്‍'
എന്ന ടൈറ്റില്‍ സോങ്ങ്.
ക്രിസ്തീയ സന്ദേശങ്ങള്‍ നിറഞ്ഞ ഒട്ടേറെ ഗാനങ്ങള്‍ വയലാറും പി ഭാസ്ക്കരനുമൊക്കെ എഴുതിയിട്ടുണ്ട്. ക്രിസ്ത്മസ് ഗാനങ്ങളായോ കരോള്‍ ഗാനങ്ങളായോ അല്ലാതെ എഴുതപ്പെട്ട ഇവ പലതും ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഞാന്‍ തന്നെ ആദ്യമായി സോളോ പാടിയ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യം വരെ (1986) എന്ന സിനിമയിലെ രാരി രാരിരം രാരോ എന്ന ഗാനത്തിലെ ചരണം
""ഈ മുളങ്കൂട്ടില്‍ മിന്നാമിന്നി
പൂത്തിരി കൊളുത്തും ഈ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായി നമ്മള്‍
ശാരോണിന്‍ തീരത്തിന്നും നില്‍പ്പൂ''
എന്നാണ്. ഒഎന്‍വി രചനയും മോഹന്‍ സിതാര സംഗീതസംവിധാനവും നിര്‍വ്വഹിച്ച ആ സിനിമയില്‍ തന്നെ 'പൊന്നൊലിവില്‍ പൂത്ത ചില്ലകളില്‍ മന്ത്രമര്‍മ്മരമോ' എന്നാണ് മറ്റൊരുഗാനം തുടങ്ങുന്നത്. ക്രിസ്ത്യന്‍ പശചാത്തലമുള്ള സിനിമയെന്ന് പറയുമ്പോള്‍ ശാരോണ്‍ തീരവും ഒലിവും പോലെയുള്ള ഇമേജുകള്‍ കവിയുടെ മനസ്സിലും കടന്നുവരും. ബിച്ചു തിരുമല എഴുതിയ ഒട്ടേറെ ഗാനങ്ങള്‍ ഇനിയുമുണ്ട്.
സിനിമയില്‍ വന്ന ക്രിസ്തീയ ഭക്തിഗാനങ്ങള്‍ നിരവധിയാണ്. ഇവയൊന്നും എഴുതിയിരിക്കുന്നത് ക്രിസ്ത്യാനികളല്ല എന്നത് ഇപ്പോഴാണ് ചിന്തിക്കുന്നത്. ഇപ്പോഴത്തെ കാലത്തിന്റെ പ്രത്യേകതകൊണ്ടാകാം ഇക്കാര്യം നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നും തോന്നിപ്പോകുന്നു. മനുഷ്യന്റെ മനസ്സിനെ തന്നെ വിഭജിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന പലതും ചുറ്റിനും കാണുന്നതുകൊണ്ടാകാം ഇങ്ങനെ ചിന്തിച്ചുപോകുന്നത്.
"നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍നാമം വാഴ്ത്തപ്പെടട്ടേ'' എന്ന ഗാനം അല്ലെങ്കില്‍ "ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ'' എന്ന ഗാനം.. അതുപോലെ "ശാന്തരാത്രി തിരുരാത്രി'' എന്ന ഗാനം... ഇതെല്ലാം സിനിമാ ഗാനങ്ങളാണ്. പില്‍ക്കാലത്തെ "സത്യനായക മുക്തിദായക പുല്‍തൊഴുത്തില്‍ പിറന്നു വീണ സ്നേഹനായകാ'' തുടങ്ങിയ ഗാനങ്ങള്‍ എടുത്താലും എഴുതിയവരോ സംഗീതം നല്‍കിയവരോ പലരും വിശ്വാസികള്‍ പോലും ആയിരുന്നില്ല എന്നു കാണാം. ഇടതുപക്ഷ ചിന്താഗതിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നു മിക്കവരും. വയലാറും പി ഭാസ്ക്കരനും ശ്രീകുമാരന്‍ തമ്പിയുമൊക്കെ രചിച്ച ഈ ഗാനങ്ങള്‍ അതീവ സുന്ദരങ്ങളായിരുന്നു. അതെഴുതിയവരുടെയോ സംഗീതം നല്‍കിയവരുടേയോ വിശ്വാസമോ മതമോ ഒന്നും നമുക്ക് ചിന്താവിഷയമായില്ല. വിശ്വാസികള്‍ വിശ്വാസത്തോടെയും സംഗീതാരാധകര്‍ പാട്ടെന്ന നിലയിലും അവയെ നെഞ്ചേറ്റി. സെമിനാരികളിലും മതസദസ്സുകളിലും ഈ പാട്ടുകള്‍ പലതും ആലപിച്ചു കേള്‍ക്കുന്നുണ്ട്. സിനിമാ ഗാനങ്ങളാണവ എന്നു പോലും മറന്നു പോയിരിക്കുന്നു.... അത്ര കണ്ടു ഈ ഗാനങ്ങള്‍ വിശ്വാസികളിലും പുരോഹിതരിലും സാധാരണ ജനങ്ങളിലും അവരുടെ ഹൃദയങ്ങളിലും അവ ഇടം നേടിയിരിക്കുന്നു. ഇന്നാണ് അവ എഴുതപ്പെട്ടതെങ്കില്‍ ആ പാട്ടുകളുടെ സ്രഷ്ടാക്കളുടെ ജാതിമത വിശ്വാസങ്ങളാകുമായിരുന്നില്ലേ ചര്‍ച്ചയാകുക എന്ന് ഭയപ്പാട് തോന്നുന്നു.
''Behold the fowls of the air: for they sow not, neither do they reap, nor gather into barns, yet your heavenly Father feedeth them.''
എന്ന ബൈബിള്‍ വചനം പോലും അതിസുന്ദരമായ മലയാളത്തില്‍ വയലാര്‍ സിനിമാഗാനമാക്കി. ""ആകാശത്തിലെ കുരുവികള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല...'' എന്നുതുടങ്ങുന്ന ആ ഗാനത്തില്‍ ആ ബൈബിള്‍ വചനം അന്തഃസത്ത ചോരാതെ അദ്ദേഹം പരിഭാഷപ്പെടുത്തുന്നു.
പില്‍ക്കാലത്ത് എനിക്ക് പാടാനവസരം കിട്ടിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് പലതിനും ഈ ഗാനങ്ങളുടെ കാവ്യാത്മകതയോ വിശ്വാസതീവ്രതയോ തോന്നിയിട്ടില്ലെന്നും ഖേദത്തോടെ ഓര്‍ക്കുന്നു. ഒഎന്‍വി സാറെഴുതിയ ഒന്നോ രണ്ടോഗാനങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി പാടാന്‍ കിട്ടിയിട്ടുള്ളത്. ഗാനങ്ങളുടെ ഉള്ളടക്കത്തിലും വല്ലാതെ മാറ്റങ്ങള്‍ കാണുന്നു. ക്രിസ്തുവിന്റെ ആത്മബലിയിലും വിമോചനാംശത്തിലും കൂടുതല്‍ ശ്രദ്ധയൂന്നുന്നവയായിരുന്നു ആദ്യകാല ഗാനങ്ങള്‍ എല്ലാം. ഇന്നത്തെ ഗാനങ്ങളില്‍ മറ്റ് പലതും പാട്ടിന്റെ കേന്ദ്രമാകുന്നു. ക്രിസ്തുമതത്തിലെ ത്യാഗം എന്ന മൂല്ല്യത്തിനുള്ള ഊന്നല്‍ പാട്ടുകളില്‍ നഷ്ടമാകുന്നു. പലപ്പോഴും വിപ്ളവ ചിന്ത ഉണര്‍ത്താനും വിമോചനത്തിന്റെ സന്ദേശം പകരാനും ആദ്യകാല ക്രിസ്തീയ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. 'വിപ്ളവ സിനിമ'കള്‍ എന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ പല സിനിമകളേക്കാളും മികച്ച രീതിയില്‍ ഈ സന്ദേശം പകരാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. അന്നത്തെ ഇടതുപക്ഷക്കാരും വിപ്ളവകാരികളുമായ പലരുമായിരുന്നു ക്രിസ്തുവിന്റെ വിമോചക–വിപ്ളവാംശങ്ങള്‍ നന്നായി സ്ക്രീനിലെത്തിച്ച ആ സിനിമകളുടെ രചനയ്ക്ക് പിന്നില്‍ എന്നതുകൂടിയാകാം കാരണം.
മതപ്രീണനവും മതത്തിന്റെ പേരില്‍ ഭിന്നത വിതയ്ക്കലും ശക്തമാകുന്ന ഈ നാളുകളില്‍ അകലെ ഉയര്‍ന്നുനില്‍ക്കുന്ന ഒറ്റ നക്ഷത്രംപോലെ ക്രിസ്‌മസ് പ്രതീക്ഷ പകരുന്നു. വര്‍ധിക്കുന്ന സഹോദരഹത്യകള്‍ക്കിടയിലും മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിനുള്ള ശ്രമങ്ങള്‍ക്കിടയിലും ജനാധിപത്യം നല്‍കുന്ന പ്രതീക്ഷ പോലെ ഒന്ന്. ആ ജനാധിപത്യം ഊട്ടി ഉറപ്പിക്കാനുതകുന്നതാകട്ടെ ഈ ക്രിസ്‌മസെന്നും ആശിച്ചുപോകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..