21 September Saturday

മോഡി സര്‍ക്കാരും കാര്‍ഷിക മേഖലയും

എസ് രാമചന്ദ്രന്‍പിള്ളUpdated: Tuesday Aug 26, 2014

സാര്‍വദേശീയ ധനമൂലധനത്തിന്റെയും കോര്‍പറേറ്റുകളുടെയും ശക്തമായ പിന്തുണയോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിന് ഒരു തടസ്സവുമുണ്ടാകരുതെന്ന് മൂലധനശക്തികള്‍ ആഗ്രഹിച്ചു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കണമെന്നത് അവരുടെ താല്‍പ്പര്യമായിരുന്നു. ഒരു ചാഞ്ചാട്ടവുമില്ലാതെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന് അത്തരമൊരു സ്ഥിതിയാണ് ഏറ്റവും വലിയ ഉറപ്പെന്നും അവര്‍ക്ക് നല്ലപോലെ അറിയാം. നരേന്ദ്രമോഡി സര്‍ക്കാരിന്റെ മൂന്നുമാസം പ്രായമെത്തിയ ഭരണം ധനമൂലധനത്തിന്റെയും കോര്‍പറേറ്റുകളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ളതാണ്. മോഡി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ വലതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നു.

ആറുപതിറ്റാണ്ടിലേറെ കാലത്തെ മുതലാളിത്ത വികസനവും രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളും കാര്‍ഷിക മേഖലയില്‍ മുതലാളിത്ത ഉല്‍പ്പാദനബന്ധങ്ങള്‍ വന്‍തോതില്‍ വളര്‍ത്തി. മുതലാളിത്ത വളര്‍ച്ചയുടെ നിലവാരം വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത നിലയിലാണെന്നത് ഇവിടെ എടുത്തുപറയട്ടെ. ഉല്‍പ്പാദനോപാധികള്‍ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈവശം കേന്ദ്രീകരിക്കുകയാണ് മുതലാളിത്ത വളര്‍ച്ചയുടെ ഒരു പ്രത്യേകത. മറ്റൊന്ന്, മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ഉല്‍പ്പാദനോപാധികള്‍ നഷ്ടപ്പെടുന്ന സ്ഥിതി വളര്‍ന്നുവരുന്നതാണ്. ജീവിതം കഴിച്ചുകൂട്ടാന്‍ അവര്‍ തങ്ങളുടെ അധ്വാനശക്തിയെ ഉല്‍പ്പാദനോപാധികളുടെ ഉടമസ്ഥര്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ പ്രവണതകളാണ് സര്‍ക്കാരിന്റെ ബോധപൂര്‍വമായ നയങ്ങളുടെ ഫലമായി കാര്‍ഷികമേഖലയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ മൂര്‍ച്ഛിച്ചുവരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പ്രതിസന്ധിയുടെ തീവ്രത വ്യത്യസ്ത ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും വിളകളിലും കാലഘട്ടങ്ങളിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും മനസിലാക്കേണ്ടതുണ്ട്. ഭൂരിപക്ഷം വരുന്ന പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് കാര്‍ഷിക പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. കാര്‍ഷികവൃത്തി തുടരാനും ജീവിതച്ചെലവ് നിര്‍വഹിക്കാനും അവര്‍ കന്നുകാലികളും ഭൂമിയും വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ധനസ്ഥാപനങ്ങളില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് കടം ലഭിക്കാന്‍ പ്രയാസമായതുകൊണ്ട് അന്യായ പലിശ ഈടാക്കുന്ന പണം പലിശയ്ക്ക് കൊടുക്കുന്നവരില്‍നിന്നാണ് അവര്‍ കടം വാങ്ങുന്നത്. കൃഷി അനാദായകരമായതുകൊണ്ട് ഒരിക്കല്‍ കടമെടുത്താല്‍ ഭൂരിപക്ഷംപേര്‍ക്കും കടം തിരിച്ചടയ്ക്കാനാവുന്നില്ല. ഒടുവില്‍ അവരുടെ ഭൂമിയും നഷ്ടപ്പെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഗ്രാമീണ കുടുംബങ്ങളില്‍ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. ഭൂരഹിത കുടുംബങ്ങള്‍ ഇന്ന് 41 ശതമാനത്തിലേറെയാണ്. പകുതിയോളം കര്‍ഷക കുടുംബങ്ങളും കടക്കാരുമാണ്.

സര്‍ക്കാരിന്റെ ബോധപൂര്‍വമായ നയങ്ങളുടെ ഫലമായി കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും കൃഷിക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതും ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധനയുടെ തോതനുസരിച്ച് ഉല്‍പ്പന്നവില വര്‍ധിക്കാത്തതുമാണ് കൃഷി അനാദായകരമാവാന്‍ മുഖ്യകാരണം. കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്വകാര്യനിക്ഷേപം വര്‍ധിക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയം. സ്വകാര്യ നിക്ഷേപം നടത്താന്‍ കെല്‍പ്പുള്ളവര്‍ക്കുമാത്രമാണ് ഉല്‍പ്പാദനക്ഷമതയുടെ വര്‍ധനവില്‍ പ്രയോജനം ലഭിക്കുക. ധനികരെയും പാവപ്പെട്ടവരെയും തമ്മില്‍ മത്സരിപ്പിക്കുകയും മത്സരത്തില്‍ പാവപ്പെട്ടവര്‍ പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ നയം. കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതനിലവാരം മറ്റ് മേഖലകളെ ആശ്രയിച്ചു കഴിയുന്നവരുടേതുമായി താരതമ്യപ്പെടുത്തിയാല്‍ പിന്നോക്ക നിലയിലാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ചയില്‍ (ആഭ്യന്തര ഉല്‍പ്പാദനത്തില്‍) കാര്‍ഷികമേഖലയുടെ പങ്ക് 56.70 ശതമാനത്തില്‍നിന്ന് 13.9 ശതമാനമായി (നാലിലൊന്ന്) ചുരുങ്ങി. എന്നാല്‍, കാര്‍ഷികമേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടില്ലെന്നത് ഗ്രാമപ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വര്‍ധിപ്പിക്കുന്നു. ഗ്രാമജീവിതത്തിലെ പിന്നോക്കനിലയ്ക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കാര്‍ഷികമേഖലയില്‍നിന്ന് വ്യവസായ സേവനമേഖലകളിലേക്ക്, ആ മേഖലകളുടെ വളര്‍ച്ചയ്ക്കനുസരിച്ച് തൊഴിലെടുക്കുന്നവരെ തിരിച്ചുവിടാനും കഴിഞ്ഞിട്ടില്ല. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും മുതലാളിത്ത വളര്‍ച്ചയും പാവപ്പെട്ട ജനവിഭാഗങ്ങളെ തീര്‍ത്തും നിസ്സഹായരാക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബിജെപി ഭരണം അവരുടെ നയസമീപനങ്ങള്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരണം നടപ്പാക്കിയ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ വേഗം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രയാസങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനച്ചെലവ് വീണ്ടും വര്‍ധിപ്പിക്കും. 22,054 കോടി രൂപയുടെ സബ്സിഡി പിന്‍വലിക്കാനാണ് ബജറ്റിലെ നിര്‍ദേശം. റെയില്‍വേ കടത്തുകൂലിയും യാത്രാക്കൂലിയും വര്‍ധിപ്പിച്ചതും ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതിന് കാരണമാവും. കൃഷി, അനുബന്ധമേഖലകള്‍, ഗ്രാമവികസനം എന്നിവയ്ക്ക് നല്‍കിവന്ന കേന്ദ്രവിഹിതം വന്‍തോതില്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങളെ ഈ നടപടികള്‍ ദോഷകരമായി ബാധിക്കും. സ്വകാര്യനിക്ഷേപം നടത്താന്‍ കെല്‍പ്പുള്ള ധനികവിഭാഗത്തിന് നേട്ടമുണ്ടാക്കാനും കഴിയും. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ള തുകയിലും വര്‍ധനയില്ല. ചുരുക്കത്തില്‍, മോഡി സര്‍ക്കാരിന്റെ നയസമീപനങ്ങളാകെ, പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് എതിരാണ്. ഗുജറാത്തില്‍ നടപ്പാക്കിയതുപോലെ കോര്‍പറേറ്റുകള്‍ക്ക് ഭൂമി വന്‍തോതില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമത്തില്‍ കോര്‍പറേറ്റുകള്‍ക്കനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശമൂലധനം കടന്നുവരാനും കൂടുതല്‍ ഇളവനുവദിച്ചു. കൃഷി അനാദായകരമായി നിലനിര്‍ത്തുന്നതുതന്നെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ്. ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനംകൂടി കൂട്ടിച്ചേര്‍ത്ത് വിളകളുടെ വില നിശ്ചയിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാനും മോഡി സര്‍ക്കാര്‍ തയ്യാറായില്ല. അത്തരമൊരു തീരുമാനം കൃഷിക്കാര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സഹായിക്കുമായിരുന്നു.

ഗ്രാമീണ സഹകരണസംഘങ്ങള്‍ പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങളെ സഹായിക്കുന്ന ധനസ്ഥാപനങ്ങളാണ്. ഗ്രാമീണ സഹകരണ സ്ഥാപനങ്ങളെ തകര്‍ത്ത് കര്‍ഷക ജനവിഭാഗങ്ങളെ ചൂഷണംചെയ്യാന്‍ സഹായിക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് മോഡി സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രയാസങ്ങളില്‍നിന്ന് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും ഫലപ്രദമായ ഒരു നടപടിയും എടുക്കുന്നില്ല. വരള്‍ച്ചയും വെള്ളപ്പൊക്കവും ഏകകാലത്ത് അനുഭവിക്കേണ്ട ദുര്‍ഗതിയിലാണ് ഇന്ത്യയിലെ കര്‍ഷകര്‍. അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാവുമെന്ന ഒരു പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ലെന്നതാണ് മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്. മോഡി സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ കര്‍ഷകദ്രോഹപരമാണ്. തികഞ്ഞ ധനികപക്ഷപാതിത്വമാണ് അത് പ്രകടമാക്കുന്നത്. പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങളുടെ പാപ്പരീകരണത്തിന്റെ വേഗം വളര്‍ത്തി മുതലാളിത്ത വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് മോഡിയുടെ കാര്‍ഷിക നയങ്ങളുടെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top