ശ്രീനാരായണഗുരുദേവന്റെ ദൈവദശകം വിരചിതമായിട്ട് നൂറുവര്‍ഷം തികയുന്നു. മലയാളഭാഷകണ്ട ഏറ്റവും മതനിരപേക്ഷമായ പ്രാര്‍ഥനയാണ് ദൈവദശകം. നൂറ്റാണ്ടുകളെ പിന്നിട്ട് അത് അനശ്വരതയിലേക്ക് സഞ്ചരിക്കുന്നുവെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ആദ്യത്തെ പത്ത് പതിറ്റാണ്ടുകള്‍ കൊണ്ടുതന്നെ ആ കൃതിക്ക് കൈവന്ന സ്വീകാര്യതയും ജനപ്രീതിയും.ജനമാകെ ജാതിയുടെയും മതത്തിന്റെയും അന്ധതയില്‍ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഗുരു എല്ലാ ജാതിക്കാര്‍ക്കും എല്ലാ മതക്കാര്‍ക്കും ഒരുപോലെ ചൊല്ലാവുന്ന "ദൈവദശകം' രചിച്ചത്. മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായ ഒരു സമൂഹത്തില്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ പറ്റിയ പ്രാര്‍ഥന എന്നതുതന്നെ അക്കാലത്ത് വിപ്ലവാത്മകമായിരുന്നു.ഗുരുവിനെ ഇതര ഋഷിശ്രേഷ്ഠരില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം അദ്ദേഹം ഈ മണ്ണിനെക്കുറിച്ചും ഇവിടത്തെ ജീവിതത്തെക്കുറിച്ചും പറഞ്ഞു എന്നതാണ്. ജഗത്ത് മിഥ്യയാണെന്നും ബ്രഹ്മമേ സത്യമുള്ളൂ എന്നും പാടിക്കൊണ്ടിരിക്കുന്ന ഋഷിമാരില്‍നിന്ന് വ്യത്യസ്തനായി ഇവിടത്തെ ജീവിതത്തെ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗുരു പറഞ്ഞു.മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച ആ മനസ്സുതന്നെയാണ് "ദൈവദശക'ത്തിലും പ്രതിഫലിച്ചുകാണുന്നത്.
""അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍''
എന്നു ഗുരു പാടി. ദൈവമുണ്ടെങ്കില്‍ ആ ദൈവത്തിന്റെ ആദ്യചുമതല മനുഷ്യന് അന്നവും വസ്ത്രവും നല്‍കുക എന്നതുതന്നെയാണ് എന്ന് മറ്റൊരു ഗുരുവും പറഞ്ഞിട്ടില്ല. മറ്റൊരു രൂപത്തില്‍ നോക്കിയാല്‍, അന്നവും വസ്ത്രവും തരുന്നതാരോ അതാണ് ദൈവം എന്ന് മലയാളി അതുവരെ കേട്ടിട്ടില്ല. മോക്ഷം നല്‍കുകയാണ് ദൈവത്തിന്റെ കടമ എന്നേ മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ളൂ. ശ്രീനാരായണഗുരു ഭൗതികജീവിതത്തില്‍ ഊന്നി. "ജ്ഞാനവും സത്യവുമാണ് ദൈവം' എന്ന പരിപ്രേക്ഷ്യം ഗുരു ഭൂതവും വര്‍ത്തമാനവും ഭാവിയുംതന്നെയാണു ദൈവമെന്ന സങ്കല്‍പവും അത് മുന്നോട്ടുവച്ചു. അതായത് കാലംതന്നെയാണ് ദൈവം എന്നര്‍ഥം."മനുഷ്യാണാം മനുഷ്യത്വം ജാതി' (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്നും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നും ഉദ്ബോധിപ്പിച്ച ഗുരു ഒരു പ്രാര്‍ഥന രചിച്ചപ്പോള്‍ അത് എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്കുവേണ്ടിയായതില്‍ അത്ഭുതമില്ല.
ഒരു മതത്തിന്റെയും പ്രത്യേക ചിഹ്നമോ സൂചകമോ ഇല്ലാതെ ജീവിതത്തിന്റെ കടല്‍ കടക്കാന്‍ സഹായിക്കുന്ന എന്തിനെയും ആരാധിക്കുന്ന രീതിയാണ് ദൈവദശകത്തില്‍ കാണുന്നത്.
""നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-ക്കുള്ള സാമഗ്രിയായതും''
എന്ന കണ്ടെത്തലിലൂടെ ദൈവം എന്നത് ഈ പ്രപഞ്ചത്തിന് പുറമെയുള്ള എന്തോ ഒന്നല്ല, മറിച്ച് ഈ പ്രപഞ്ചവും അതിലെ ജൈവശക്തിയും തന്നെയാണ് എന്ന നൂതനചിന്തയും ഗുരു മുന്നോട്ടുവച്ചു.കാവ്യഭാവനയ്ക്ക് അളക്കാവുന്നതിന്റെ അങ്ങേയറ്റത്തെവരെ അളന്നുവച്ചിരിക്കുന്നു ഗുരു ഈ കവിതയില്‍. സങ്കല്‍പ്പനശേഷിയുടെ പരമകാഷ്ഠയിലെത്തി നില്‍ക്കുന്നു ദൈവദശകത്തിലെ ഈ വരികള്‍.
""ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍നിന്നിടും
ദൃക്കുപോലുള്ളംനിന്നിലസ്പന്ദമാകണം''
ഇതിനപ്പുറത്തേക്ക് സങ്കല്‍പ്പങ്ങള്‍ക്ക് ചിറകടിച്ചെത്താനാവില്ല. അത്രമേല്‍ ഭാവനാപൂര്‍ണമായ കാവ്യപ്രതിഭയായിരുന്നു ഗുരുദേവന്‍. ബഹുമുഖങ്ങളായ വ്യക്തിത്വങ്ങളുടെ ഏതെങ്കിലും ഒരു മുഖത്തിന് കൂടുതല്‍ തെളിച്ചം ലോകവും കാലവും കല്‍പ്പിക്കും. അപ്പോള്‍ മറ്റു മുഖങ്ങള്‍ വേണ്ടത്ര ദീപ്തമാകാതെ പോകും. ഗുരുവിന്റെ കാവ്യപ്രതിഭ ഇതരമുഖങ്ങളുടെ ജ്യോതിസ്സിനൊപ്പംതന്നെ ദീപ്തമായി നമുക്കുമുന്നില്‍ വന്ന് വിളങ്ങിനില്‍ക്കുന്നു "ദൈവദശകത്തിലൂടെ.'വര്‍ഗീയസ്പര്‍ധയുടെ കാട്ടുതീയെരിയുന്ന ദിക്കിലൊക്കെ-അത് പഞ്ചാബാകട്ടെ, പെഷാവറാകട്ടെ, മനുഷ്യമനസ്സുകളിലേക്ക് ദൈവദശകത്തിന്റെ സാരസത്ത വാര്‍ന്നുചെന്നെങ്കില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..