11 November Monday

മാര്‍ക്സിസത്തിന്റെ പ്രസക്തി

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2015

മാര്‍ക്സിസത്തോളം എതിര്‍പ്പ് നേരിട്ട മറ്റൊരു തത്വശാസ്ത്രമില്ല. എത്രമാത്രം എതിര്‍ത്തിട്ടും എത്രതന്നെ നിഷേധിച്ചിട്ടും മാര്‍ക്സിസം ജീവിക്കുകയും വളരുകയുംചെയ്യുന്നു. അതിന്റെ കാരണമെന്തന്നറിയാന്‍, കമ്യൂണിസവും മാര്‍ക്സിസവും തകര്‍ന്നുവെന്ന് മനോസുഖത്തിനുവേണ്ടി എഴുതിവിടുന്നവര്‍ അല്‍പ്പം ക്ഷമ കാണിച്ചാല്‍ നന്ന്. പാര്‍ടിയുടെ എല്ലാ തലങ്ങളിലും അണികളിലും ഐക്യവും അഭൂതപൂര്‍വമായ കെട്ടുറപ്പും ഉണ്ടാക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചതിനു പിന്നാലെ കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് പാര്‍ടിയെയും സംബന്ധിച്ച് ബൂര്‍ഷ്വാ മാധ്യമ വിശാരദന്മാരുടെ വിമര്‍ശന-അവലോകനമത്സരം നടക്കുകയാണ്.

കമ്യൂണിസ്റ്റ് പാര്‍ടികളെയും കമ്യൂണിസത്തെയും പറ്റിയും സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറി ആരാകും എന്നതിനെക്കുറിച്ചും കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും ചര്‍ച്ചചെയ്യുന്നില്ലെന്ന് "മാതൃഭൂമി'യില്‍ വന്ന പരമ്പരയുടെ കര്‍ത്താവ് പരിഹാസം ഒളിപ്പിച്ച് എഴുതിയതായി കണ്ടു. ഇത് തികച്ചും ആത്മനിഷ്ഠ അഭിപ്രായമാണ്. ഇത്തരം നിലപാടുള്ള ലേഖകന്‍തന്നെ മൂന്നുദിവസം ഇതേകാര്യത്തില്‍ പരമ്പരാരചനയില്‍ ഏര്‍പ്പെട്ടത് വിരോധാഭാസമായി തോന്നി.

സോവിയറ്റ് യൂണിയന്റെയും മറ്റും പതനത്തിനുശേഷം ആഗോളതലത്തില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ടി പേരിനെങ്കിലും അവശേഷിച്ചിട്ടുള്ളൂ എന്നും ഇദ്ദേഹം ആശ്വാസംകൊള്ളുന്നു. ഇങ്ങനെ ആശ്വാസംകൊള്ളണമെങ്കില്‍ എഴുത്തുകാരന് 80 വിരലുള്ള കൈയുണ്ടാകണം. കാരണം, ലോകത്ത് എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികളോ കമ്യൂണിസ്റ്റ് സ്വഭാവത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടികളോ സോഷ്യലിസ്റ്റ് പാര്‍ടികളോ ഉണ്ട്.സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടി ഉണ്ടായെങ്കിലും "മാര്‍ക്സിസം മരിക്കുന്നില്ല' എന്ന് ഇന്നത്തെ ലോകത്തെ കണ്‍തുറന്ന് കാണുന്ന ആരും സമ്മതിക്കും. പ്രപഞ്ചത്തിലെ മറ്റെല്ലാ പ്രതിഭാസങ്ങളെയുംപോലെ മാര്‍ക്സിസവും മാറ്റത്തിന് വിധേയമാവുകയും ചിലപ്പോഴെല്ലാം ചിലയിടങ്ങളില്‍ പിന്നോട്ടടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും സദാ വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. പശ്ചിമ ബംഗാളിലെ തിരിച്ചടി, പാര്‍ലമെന്റിലെ സീറ്റ് കുറവ് എന്നിവ മറയാക്കി മാര്‍ക്സിസം ഇന്ത്യയില്‍ മുരടിക്കുകയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്ത് അലസിപ്പോയ "പാരീസ് കമ്യൂണ്‍' എന്ന വിപ്ലവം മാത്രമാണുണ്ടായത്. അവരുടെ ജീവിതകാലത്ത് മിക്കവാറും യൂറോപ്പില്‍ ഒതുങ്ങിനിന്ന വിപ്ലവ തൊഴിലാളിപ്രസ്ഥാനം പിന്നീട് ആഗോളമായി വികസിച്ചു. ബൂര്‍ഷ്വാ വര്‍ഗത്തിനെതിരെ പടവെട്ടിയ പ്രസ്ഥാനം ആദ്യം ഒരു രാജ്യത്തും പിന്നീട് നിരവധി രാജ്യങ്ങളിലും ഭരണശക്തിയായി. സോവിയറ്റ് യൂണിയനിലെയും മറ്റും സോഷ്യലിസ്റ്റ് ഭരണക്രമം തകര്‍ന്നെങ്കിലും ജനകീയ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ, ലാവോസ് എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. ഇവയെക്കൂടാതെ സുശക്തമായ സോഷ്യലിസ്റ്റ് പാര്‍ടികളോ ഇടതുപക്ഷ പാര്‍ടികളോ ജനാധിപത്യക്രമത്തിലൂടെ അധികാരത്തില്‍ എത്തിയ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളുണ്ട്. ഇത് സാര്‍വദേശീയ സ്ഥിതിഗതിയിലെ അഭിമാനാര്‍ഹമായ മാറ്റമാണ്. ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലും കമ്യൂണിസ്റ്റ് പാര്‍ടികളോ തൊഴിലാളിവര്‍ഗ പാര്‍ടികളോ പ്രവര്‍ത്തിക്കുകയും ചിലയിടങ്ങളിലെങ്കിലും മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് പ്രധാനമാണ്. 1998ല്‍ സിപിഐ എം മുന്‍കൈയെടുത്ത് കൊല്‍ക്കത്തയില്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ലോകസമ്മേളനത്തില്‍ 24 പാര്‍ടികളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ട്. അതുപോലും മനസ്സിലാക്കാതെ ലോകത്ത് ഏതു രാജ്യത്താണ് കമ്യൂണിസ്റ്റ് പാര്‍ടി ഉള്ളതെന്ന് ചോദിക്കുന്നത് അജ്ഞതയോ അല്ലെങ്കില്‍ സ്വന്തം അറിവ് പണയപ്പെടുത്തിയുള്ള കളവു പുലമ്പലോ ആണ്.

1847ല്‍ ആകെ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയും 400 അംഗങ്ങളുമായിരുന്നു. ഇന്നാകട്ടെ, എണ്‍പതിലധികം കമ്യൂണിസ്റ്റ് പാര്‍ടികളും കോടിക്കണക്കിന് അംഗങ്ങളുമുണ്ട്. 1917ല്‍ ലോകത്തിന്റെ ആറിലൊരു ഭാഗത്ത് പാര്‍ക്കുന്ന 18 കോടി ജനങ്ങളാണ് സോഷ്യലിസത്തിലേക്ക് പാദമൂന്നിയത്. സോവിയറ്റ് യൂണിയന്‍ ശിഥിലമായെങ്കിലും അഞ്ച് രാജ്യങ്ങളിലായി 140 കോടി ജനങ്ങള്‍ സോഷ്യലിസത്തിനു കീഴില്‍ ജീവിക്കുകയാണ്. ലോകത്തിലെ അഞ്ച് വന്‍കരകളിലും കമ്യൂണിസ്റ്റ് പാര്‍ടികളുണ്ട്. ഇത്ര വലിയ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനം ലോകത്തില്ല. ഇതിന്റെ അഭിമാനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. മാര്‍ക്സിസം ലെനിനിസത്തെയും മാര്‍ക്സിനെയും ആസ്പദമാക്കിയുള്ള പഠനങ്ങളും പുസ്തകങ്ങളും ഇന്നും ലോകത്തിന്റെ മുന്നില്‍ ഏറ്റവും കൂടുതല്‍ എത്തുന്നു. മുതലാളിത്തത്തിലേക്ക് തിരിച്ചുപോയ റഷ്യ ഉള്‍പ്പെടെയുള്ള മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാറ്റത്തിന്റെ അലകള്‍ അടിക്കുന്നുണ്ട്. പല രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മുന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നേറ്റം ഉണ്ടാകുന്നുണ്ട്്. ചിലയിടങ്ങളില്‍ ഭൂരിപക്ഷം കിട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നുമുണ്ട്. ഗയാന, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലും നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലും കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ പലപ്പോഴും പങ്കാളിയാകുന്നു. ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍പ്പോലും വലതുപക്ഷം തോല്‍ക്കുകയും ഇടതുപക്ഷം ജയിക്കുകയും ചെയ്യുന്നു. ഇതിനര്‍ഥം സോഷ്യലിസത്തിന്റെ പാത സുഗമമായി എന്നല്ല. അമേരിക്കന്‍ നേതൃത്വത്തിലുള്ള ലോകമുതലാളിത്തം തിരിച്ചടികളെ നേരിടുന്നുണ്ടെങ്കിലും ലോകാധിപത്യം നിലനിര്‍ത്താനുള്ള പരിശ്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വം എന്ന മുഖ്യശത്രുവിനെതിരെ ഏതു ഭാഗത്തുനിന്നും എത്ര ചെറിയ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടാലും അതിനെ ഉപയോഗിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്താനും സോഷ്യലിസ്റ്റ് ചായ്വ് വളര്‍ത്താനുമുള്ള നയസമീപനമാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.

ആഗോളവല്‍ക്കരണകാലത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തം ഇന്നത്തെ കാലത്ത് കാലഹരണപ്പെട്ടതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഫിനാന്‍സ് മൂലധനത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും മുമ്പുള്ള കാലത്താണ് മാര്‍ക്സ് ജീവിച്ചത് എന്നത് നേര്. പക്ഷേ, ചരിത്രപരമായ ഭൗതികവാദത്തിന്റെ കണ്ണിലൂടെ മുതലാളിത്തത്തെ പരിശോധിച്ച മാര്‍ക്സ് സോഷ്യലിസത്തിന്റെ ആവിര്‍ഭാവം അനിവാര്യമാണെന്ന് സ്ഥാപിച്ചു. മുതലാളിത്തം സാമൂഹ്യപരിണാമത്തിലെ ഒരുഘട്ടം മാത്രമാണെന്നും അത് ശാശ്വതമല്ലെന്നും അത് തകരുമെന്നും ആ സ്ഥാനത്ത് സോഷ്യലിസം വരുമെന്നും മാര്‍ക്സ് ചൂണ്ടിക്കാട്ടി. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവം വളര്‍ന്നുവരികയാണെങ്കിലും വ്യക്തിഗതമായ ഉടമസ്ഥാവകാശംമൂലം സമൂഹത്തില്‍ വൈരുധ്യവും വര്‍ഗസമരവും വളരും. ഇത് മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുമെന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാട് ഇന്നത്തെ ലോകത്തും പ്രസക്തം.മാര്‍ക്സിസം-ലെനിനിസം വെറുതെ ഉരുവിടാനുള്ള ബൈബിള്‍ വാക്യമായല്ല കമ്യൂണിസ്റ്റുകാര്‍ കരുതുന്നത്്. കാലോചിതമായ മാറ്റങ്ങള്‍വരുത്തി ഈ സിദ്ധാന്തത്തെ സമ്പന്നമാക്കാനുള്ളതാണ്. മാര്‍ക്സിസത്തിന് ആകര്‍ഷണീയതയുണ്ടെങ്കിലും ഇന്ത്യയില്‍ യുവജനങ്ങളെയും മധ്യവര്‍ഗത്തെയും കാര്യമായി ആകര്‍ഷിക്കാന്‍ ഇന്ന് കഴിയുന്നില്ല എന്ന പോരായ്മ പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ യുവാക്കളില്‍ മാര്‍ക്സിസത്തോടുള്ള മമത വളര്‍ത്തേണ്ടതുണ്ട്. നഗരകേന്ദ്രീകൃത ജനതയുടെ പുതിയ അഭിരുചികളും ശീലങ്ങളും കൂടുതല്‍ മനസ്സിലാക്കാനും നവഉദാരവല്‍ക്കരണം ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്ന് പഠിക്കാനും സിപിഐ എം ഇതിനകംതന്നെ ചുവടുവയ്പ് നടത്തി. ഈ പ്രക്രിയയുടെ ഭാഗമായിക്കൂടിയാണ് ഈ വര്‍ഷംതന്നെ പ്ലീനം സംഘടിപ്പിക്കാന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്.

അടിസ്ഥാനവര്‍ഗത്തോടുള്ള നിലപാടില്‍ മാറ്റം വരുത്താതെതന്നെ നഗരയുവജനങ്ങളെ അടക്കം ആകര്‍ഷിക്കാനുള്ള മാറ്റങ്ങളെയും അതിനുള്ള പ്രായോഗിക നടപടികളെയും പ്ലീനം പരിഗണിക്കും. ഇതിനര്‍ഥം സോവിയറ്റ് യൂണിയനിലെ തിരിച്ചടിയുടെയും നവഉദാരവല്‍ക്കരണകാലത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ പരിതഃസ്ഥിതിക്ക് അനുസരണമായി കൂടുതല്‍ നവീകരിക്കും എന്നാണ്. ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയില്‍ ലിംഗസമത്വം, പരിസ്ഥിതി പ്രശ്നങ്ങള്‍, അഴിമതിവിരുദ്ധ പോരാട്ടം, ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവ പ്രധാനമാണ്. ഇതിനുസൃതമായ പ്രക്ഷോഭങ്ങള്‍ക്കുള്ള പ്രമേയങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തകരുമെന്നും അതോടെ നവോത്ഥാനം ഉണ്ടാകുമെന്നും പ്രവചിച്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാര്‍ക്സ് എഴുതി- "ഏതായാലും ഏറെക്കുറെ വിദൂരമായ ഭാവിയില്‍ ബ്രിട്ടീഷ് ഭരണത്താല്‍ താറുമാറാക്കപ്പെട്ട ഈ വിശേഷപ്പെട്ട മഹത്തായ രാജ്യത്തില്‍ ഒരു നവോത്ഥാനം ഉണ്ടാകുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കാം'. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കുംമുമ്പ്, ബ്രിട്ടീഷ് ഭരണം തകരുമെന്ന് മാര്‍ക്സ് സൂചിപ്പിച്ചുവെന്നതാണ് പ്രധാനം. അത് യാഥാര്‍ഥ്യമായതുപോലെ ഇന്ത്യയിലും മുതലാളിത്തം തകരുകയും സോഷ്യലിസം ഉദയംചെയ്യുകയും ചെയ്യും. മാര്‍ക്സിനെ പിന്തുടര്‍ന്ന് സാമ്രാജ്യത്വകാലത്തെ വിലയിരുത്തിയ ലെനിന്റെ ചിന്ത മാര്‍ക്സിസത്തെ വളര്‍ത്തിയതാണ്. മാര്‍ക്സിസം ലെനിനിസം ഭാവിയുടെ വഴികാട്ടിനക്ഷത്രമാണ്. നേരായതുകൊണ്ടുതന്നെ ഈ തത്വശാസ്ത്രം വിജയത്തിലെത്തും. വര്‍ഗസമരത്തിന്റെ വിജയത്തിലൂടെ മുതലാളിത്തത്തെ തോല്‍പ്പിക്കാനുള്ള ആഹ്വാനമാണ് ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. വര്‍ഗസമരം വിജയിച്ചാലേ ഇന്ത്യന്‍ ജനതയുടെ മോചനം സാധ്യമാകൂ.

സോവിയറ്റ് യൂണിയനിലും മറ്റുമുണ്ടായ തിരിച്ചടിക്കു കാരണം മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രമാണങ്ങളെ നിരസിക്കുകയോ അവയില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്തതാണ്. സിപിഐ എം പൊതുവില്‍ ശരിചെയ്തിട്ടുള്ള പാര്‍ടിയാണ്. പക്ഷേ, ഞങ്ങള്‍ക്കു പറ്റിയ തെറ്റുകളെ സ്വയംവിമര്‍ശത്തോടെ പരിശോധിക്കുകയാണ് പാര്‍ടി കോണ്‍ഗ്രസ് ചെയ്തത്. ബംഗാളില്‍ പാര്‍ടി പൊതുവില്‍ചെയ്തത് ശരിയാണ്. പക്ഷേ, ഒഴിവാക്കേണ്ടിയിരുന്ന ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അവിടത്തെ പിന്നോട്ടടിക്ക് അത്തരം ഘടകങ്ങള്‍ എത്രത്തോളം കാരണമായി എന്ന പരിശോധന ബംഗാളിലെ പാര്‍ടി നടത്തുന്നുണ്ട്. ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനു പ്രധാന കാരണം പശ്ചിമബംഗാളിലെ തോല്‍വിയാണ്. അവിടെ പാര്‍ടിയും ഇടതുപക്ഷവും കടുത്ത ആക്രമണം നേരിടുകയാണ്. 104 പാര്‍ടി പ്രവര്‍ത്തകരോ ബന്ധുക്കളോ മൂന്ന് ആണ്ടിനിടയില്‍ കൊല ചെയ്യപ്പെട്ടു.

ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള സമരം ബംഗാളില്‍ കടുത്ത രൂപം കൈക്കൊള്ളേണ്ടതുണ്ട്. അവിടെ പാര്‍ടി പ്രവര്‍ത്തകര്‍ പൗരസ്വാതന്ത്ര്യത്തിനുപുറമെ, തങ്ങളുടെ വീടും ഭൂമിയും കുടുംബവുംകൂടി രക്ഷിച്ചെടുക്കാനുള്ള സമരത്തിലാണ്. ഇതില്‍ വീരബംഗാള്‍ ജനതയെ എത്രമാത്രം അണിനിരത്താന്‍ കഴിയുന്നു എന്നത് പ്രധാനമാണ്. സിപിഐ എമ്മിനെതിരായ മര്‍ദനപരിപാടിയില്‍ മമത ബാനര്‍ജിയുടെ ലോക്കല്‍ ഗുണ്ടകള്‍മാത്രമല്ല, പൊലീസും കൈകോര്‍ത്ത് രംഗത്താണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരത്തില്‍ പാര്‍ടിയും ഇടതുപക്ഷവും കൂടുതല്‍ മുഴുകുകയും സമരത്തില്‍ ജനങ്ങളെ കൂടുതല്‍ അണിനിരത്തുകയും വേണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളില്‍ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കുക, കേരളത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുക, ത്രിപുരയില്‍ നിലവിലുള്ള മുന്നേറ്റം നിലനിര്‍ത്തുക, ദുര്‍ബലപ്രദേശങ്ങളില്‍ പാര്‍ടിയെ വളര്‍ത്തുക- ഇതാണ് പാര്‍ടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ദേശീയമായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കേണ്ടത് രാജ്യത്ത് സോഷ്യലിസത്തിന്റെ വിജയത്തിന് അനിവാര്യമാണ്

(നാളെ: കേരള രാഷ്ട്രീയം ഇനി എങ്ങോട്ട്?)

പാര്‍ടി കോണ്‍ഗ്രസിനുശേഷം ഒന്നാം ഭാഗം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top