21 November Thursday

'ലക്ഷ്മി തരു' ദിവ്യൗഷധമോ?

ഡോ ദീപു സദാശിവന്‍Updated: Tuesday Jan 13, 2015

ലക്ഷ്മിതരു എന്ന മരത്തിന്റെ ഇല തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ സൌഖ്യം ഉണ്ടാവും എന്ന പ്രചാരണം മെസേജായും ഓണ്‍ലൈന്‍ വാര്‍ത്തകളായും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഈ അവകാശവാദങ്ങളുടെ (അ)ശാസ്ത്രീയതയെപ്പറ്റിയാണ് ഈ കുറിപ്പ്.

ക്ഷ്മി തരു അഥവാ Simarouba glauca എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യം തന്നെയാണ്. എന്നാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളെ പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയായും ദിവ്യൗഷധമായും പ്രചരിക്കുന്ന വാര്‍ത്തകളും സഗന്ദശങ്ങളും പ്രചരിക്കുകയാണ്. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ട് എന്ന് ഇഴ കീറി തന്നെ പരിശോധിക്കാന്‍ ശ്രമിക്കാം.

അല്പം ചരിത്രം

ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise TreeBitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു.

പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു എന്നത് ചരിത്രം.

ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു. 2010 കാലയളവില്‍ നാഷണല്‍ ഫിലിംസ് ഡിവിഷന്‍ ജൈവ ഇന്ധനം ആയി ഉള്ള ഇതിന്റെ ഗുണ ഗണങ്ങളെ വര്‍ണ്ണിക്കുന്ന ഡോകുമെന്ററി പുറത്തിറക്കിയിരുന്നു.എന്നാല്‍ കാര്‍ഷിക ഗവേഷകര്‍ ആയ ഡോ:ശ്യാമസുന്ദര്‍ ജോഷിയും ഭാര്യ ഡോ:ശാന്ത യും ആണ് ഈ വൃക്ഷത്തിന്റെ മറ്റു ഉപയോഗങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും പ്രചരണം കൊടുക്കുകയും ചെയ്തത്.ഇതേ തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ഈ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ മുന്‍ കൈ എടുക്കുകയും ഇതുമായി ബന്ധപ്പെട്ട ചില പേറ്റന്റ്കള്‍ കൈവശമാക്കുകയും ചെയ്തിരുന്നു.

ഈ പ്രസ്ഥാനം ആണ് ലക്ഷ്മി തരു എന്ന പേര് ഈ വൃക്ഷത്തിന് നല്‍കിയത് എന്ന് പറയപ്പെടുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍

Simarouba  Glauca DC എന്ന മരത്തില്‍ നിന്നും ഉണ്ടാക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക്,അവിശ്വസനീയമായ രീതിയില്‍ വിവിധ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തനം ഉണ്ടെന്നാണ് പ്രചരണം.ലിസ്റ്റ് കേട്ടാല്‍ കണ്ണ് തള്ളി പോവും...വഴിയോരത്തു മരുന്ന് വില്‍ക്കുന്ന ലാട വൈദ്യന്റെ വാചകമടി പോലെയും തോന്നാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസിഡിറ്റി,പലതരം കാന്‍സര്‍,പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ ഉണ്ടാക്കുന്ന മലേറിയ,ഹെര്‍പ്പിസ് ,ഹെപ്പറ്റ്റ്റിസ് പോലുള്ള വൈറല്‍ രോഗങ്ങള്‍,എന്റമീബ ഉണ്ടാക്കുന്ന വയറുകടി, പ്രമേഹം തുടങ്ങി റുമറ്റൊയിഡ് ആര്െ്രതെടിസ് വരെ !!

പലവിധ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുത മരുന്ന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് ഒരു വ്യാജ വാര്‍ത്ത ആവാനേ ഇട ഉള്ളൂ എന്നാണു കരുതിയത്.എന്നാല്‍ വിശദമായി അറിഞ്ഞപ്പോള്‍ പലതിലും അല്പം കഴമ്പ് ഉണ്ട് എന്നാണു കണ്ടെത്തിയത്!!

ശാസ്ത്രീയത എത്രത്തോളം?

പൊതുവില്‍ പലരും തെറ്റിദ്ധരിചിരിക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകള്‍ മുഴുവന്‍ കൃത്രിമമായി പരീക്ഷണ ശാലയില്‍ നിര്‍മ്മിചെടുക്കുന്ന രാസവസ്തുക്കള്‍ മാത്രം ആണെന്നാണ്.എന്നാല്‍ പ്രയോഗത്തില്‍ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളില്‍ നിന്നും സസ്യജന്തുജാലങ്ങളില്‍ നിന്നും ഒക്കെ വേര്‍തിരിച്ചു എടുത്തിട്ടുള്ളവ ആണ്.പക്ഷെ അവയൊക്കെ വെറുതെ ഇലയും മറ്റും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുക്കുക അല്ല ആ രാസപദാര്‍ത്ഥം എന്താണെന്ന് കണ്ടെത്തി ശുദ്ധീകരിച്ചു വേര്‍തിരിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പ്രയോഗ സാധ്യത മനസ്സിലാക്കി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചു നിരീക്ഷിച്ചു പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി പലതരം ശാസ്ത്ര പ്രക്രിയകള്‍ക്കും വിധേയമാക്കി ദീര്‍ഘ നാളുകള്‍ക്കു ശേഷം മാത്രം ആണ് ഉപയോഗയുക്തം ആക്കുന്നത്.

ചരിത്ര പ്രധാനമായ പെനിസിലിന്‍ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ പെനിസിലിയം നോട്ടെറ്റം എന്ന ഫംഗസില്‍ നിന്നാണ്,ജീവന്‍രക്ഷാ ഔഷധം ആയ സ്ട്രെപ്ടോകൈനെസ് ഒരു ബാക്ടീരിയയില്‍ നിന്നാണ് വേര്‍തിരിച്ചു എടുത്തത്,അനേകം സസ്യങ്ങളില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ കണ്ടെത്തി എടുത്തിട്ടുണ്ട്, ഉദാ:ഡിജിറ്റാലിസ് ചെടിയില്‍ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ ഡിജോക്സിന്‍,നമ്മുടെ വീടുകളില്‍ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി)എന്ന ചെടിയില്‍ നിന്നും രക്താര്‍ബുദത്തിനു ഉപയോഗിക്കുന്ന വിന്ക്രിസ്ടിന്‍,വിന്ബ്ലാസിട്ന്‍ എന്നീ മരുന്നുകള്‍ ഒക്കെ അവയില്‍ ചിലത് മാത്രം.

Newman and Cragg 2012, നെ ഉദ്ധരിച്ചു പറഞ്ഞാല്‍ അവസാന 30 വര്‍ഷമെടുത്താല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മുുൃീ്ലറ റൃൗഴെ ല്‍ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍/ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു എടുത്തവ ആണത്രേ!കാന്‍സര്‍ ചികിത്സയിലെ 1940 തൊട്ടു ഇത് വരെ ഉള്ള 175 മരുന്നുകളില്‍ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചവ ആണ്.

ചുരുക്കം പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ "ലക്ഷ്മി തരു" വിന്റെ ഗുണഗണങ്ങള്‍ കേട്ടാല്‍ അത്രയ്ക്ക് അത്ഭുതം തോന്നാന്‍ മാത്രം ഒന്നും ഇല്ല എന്നും നിരീക്ഷിക്കാം.

http://www.ncbi.nlm.nih.gov/pmc/articles/PMC3560124/

മരത്തിന്റെ ഭാഗങ്ങളില്‍ ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ ഉണ്ടെന്നുള്ളത് ശരിയാണോ?

ശരിയാണ്. ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു.

ഈ വസ്തുവിന് Anti Microbial properties & Cytotoxic properties  തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids  നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.

*മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിനും,വയറുകടി ഉണ്ടാക്കുന്ന എന്ടമീബയ്ക്ക് എതിരെയും,വയറിളക്ക രോഗങ്ങള്‍ ഉണ്ടാക്കുന്ന ഷിഗെല്ല ,സാല്മോണെല്ല തുടങ്ങിയവയ്ക്ക് എതിരെയും ഈ quassinoids  പ്രവര്‍ത്തിക്കും അത്രേ!

*അള്‍സര്‍ രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം അള്‍സര്‍ ഉണ്ടാക്കുന്ന ഹെലികോ ബാക്റെര്‍ പൈലോറി യെ നശിപ്പിക്കുന്നത് കൊണ്ട് ആണെന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്ത്യയില്‍ എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ടോമെതാസിന്‍ മരുന്ന്,മദ്യം എന്നിവ കൊണ്ട് ഉണ്ടാവുന്ന ആമാശയ അള്‍സര്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.(പ്രോസ്ടാഗ്ലാന്ടിന്‍ ഉല്‍പ്പാദനം കൂട്ടുന്നത് കൊണ്ടോ അല്ലെങ്കില്‍ അതിനു സമാനമായ  ഘടകം ഇതില്‍ അടങ്ങിയത് കൊണ്ടാവാം ഇത് എന്നു കരുതാം.)

http://www.ijrpp.com/File_Folder/IJRPP_14_701%20Shankar%20sharma.pdf

ഈ മരത്തിന്റെ ഇല/തടി ഒക്കെ തിളപ്പിച്ച് കഴിച്ചാല്‍ പല പല അസുഖങ്ങള്‍ മാറും എന്ന് പറയുന്നതും /രോഗം വരുന്നത് പ്രതിരോധിക്കും എന്ന് പറയുന്നതും ശാസ്ത്രീയമായി ശരിയാണോ?

ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ഒക്കെ അളവില്‍ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമായ വസ്തുക്കള്‍ക്ക് എല്ലാം തന്നെ ഗുണഫലങ്ങള്‍ പോലെ തന്നെ നമ്മള്‍ക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകള്‍ക്കും" പാര്‍ശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാര്‍ശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.

മരുന്നിന്റെ പ്രവര്‍ത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകള്‍,ശരീരഘടന,മറ്റു രോഗാവസ്ഥകള്‍,കൂടെ ഉള്ളില്‍ ചെല്ലുന്ന മറ്റു വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാല്‍ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തില്‍ എങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുന്‍പ് ഓരോ രോഗത്തിനും രോഗിക്ക് നല്‍കേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍,പാര്‍ശ്വഫലങ്ങള്‍,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.

ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തില്‍ ചികില്‍സാവിധിയില്‍ അത്തരം ഒരു നിര്‍ണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാല്‍ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതില്‍ അപകട സാധ്യത ഇല്ലാതെ ഇല്ല.

ഒരു പഠനത്തില്‍ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ല്‍  "highly cytotoxic" ആയ വസ്തുക്കള്‍ അടങ്ങുന്നു എന്നാണു.ഇതിനാല്‍ ആണ് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതു, ഫലത്തില്‍ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവര്‍ത്തനം ആണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ള വാദം തെറ്റാവാന്‍ ആണ് എല്ലാ സാധ്യതകളും. പല വിധ കാന്‍സര്‍ കള്‍ക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാര്‍ഥങ്ങള്‍ എല്ലാ വിധ കാന്‍സര്‍ നും ഉള്ള മരുന്ന് ആവാന്‍ ഉള്ള സാദ്ധ്യതകള്‍ കുറവാണ്.

ഓണ്‍ലൈന്‍ പരതിയതില്‍ കണ്ടെത്തിയ പഠനങ്ങള്‍ തന്നെ ചിലതരം രക്താര്‍ബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാന്‍സര്‍കളെ കുറിച്ച് പഠനങ്ങള്‍ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളില്‍ മാത്രം ഉള്ള പഠനങ്ങള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ പദാര്‍ത്ഥവും പ്രത്യേകം വേര്‍തിരിച്ചു മരുന്നുകള്‍ ആക്കി ഉചിതമായ രീതിയില്‍ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം (ഉദാ:മലേറിയയ്ക്ക് മരുന്ന് കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ ചികില്‍സയുടെ ഫലം ഉണ്ടാക്കേണ്ടതില്ലല്ലോ.)

ഇല തിളപ്പിച്ച് കഴിച്ചാല്‍ മരുന്നാവുമോ?

കാന്‍സര്‍ ചികില്‍സയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിന്ക്രിസ്ടിന്‍ മരുന്നു ശവംനാറി ചെടിയില്‍

ശവംനാറി

നിന്നുള്ള വിന്കാ ആല്‍ക്കലോയിഡ് പദാര്‍ഥത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നാല്‍ ഇതിന്റെ ഇല കടിച്ചു തിന്നാന്‍ ആരും ശ്രമിച്ചതായി അറിയില്ല.ഓരോ മരുന്നും ഏതു രൂപത്തില്‍ എത്ര അളവില്‍ എങ്ങനെ പ്രയോഗിക്കെണ്ടതാണ് എന്ന് ശാസ്ത്രീയമായി അറിയേണ്ടതുണ്ട്.ഉദാ: ചില മരുന്നുകള്‍ വായിലൂടെ കഴിക്കുമ്പോള്‍ (ചിലത് ഗുളിക മാത്രമായും,ചിലതും ദ്രവമരുന്ന് മാത്രമായോ ചിലത് രണ്ടു രൂപത്തിലോ ഉണ്ടായിരിക്കും, ഇതിനൊക്കെ പ്രസക്തി ഉണ്ട്) ചിലത് ഇന്‍ജെക്ഷന്‍ ആയി ആയിരിക്കും നല്‍കുക

.ഇങ്ങനെ ഒക്കെ പ്രത്യേകം നല്‍കുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങള്‍ ഉണ്ട് ഉദാ വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇന്‍ജെക്ഷന്‍ നല്‍കുകയോ ഇന്‍ജെക്ഷന്‍ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.അത് പോലെ ഡോസ്മായി ബന്ധപ്പെട്ടു ഓരോ മരുന്നിനും പല എഫെക്റ്റ് ആയിരിക്കും.ഉദാ: മുന്‍പ് പറഞ്ഞ സസ്യത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസില്‍ പല എഫക്റ്റ് ആണ് ഉണ്ടാക്കുക അല്പം ഡോസ് കൂടിയാല്‍ മരണം വരെ സംഭവിക്കാം!

ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ലത്തതിനാല്‍ ഇത്തരം ഒരു കലക്കി കുടിക്കല്‍ ശാസ്ത്രീയമായി കണക്കാക്കാന്‍ കഴിയില്ല. ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാന്‍ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്?

എന്തെങ്കിലും ഗുണ ഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയില്‍ പ്രയോഗിക്കപ്പെടുന്നത് ശാസ്ത്രീയ രീതി അല്ല .നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകള്‍ പോലും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തത് കൊണ്ടല്ല,ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂര്‍വമായതും,ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതും ആയ പുതിയ എന്തേലും ദോഷം കണ്ടു പിടിക്കപ്പെടുമ്പോള്‍ ഭൂരിഭാഗത്തിനും ഗുണം ഉണ്ടാക്കുന്ന ചില മരുന്നുകള്‍ പോലും പിന്നീട് ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.

അതിനാല്‍ ചില രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം ഉണ്ടെന്നതിനാലും ,പ്രകൃതിദത്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും മാത്രം മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നും തികച്ചും സുരക്ഷിതമാണ് എന്നും കരുതുന്നത് മൌഢൃം ആവും.

*ഇതൊരു ഒറ്റമൂലി/അത്ഭുത ഔഷധം ആണെന്ന് ഉള്ള മഹത്വവല്‍ക്കരണവും പ്രചാരണവും ശാസ്ത്രാടിസ്ഥാനത്തില്‍ ഉള്ളത് അല്ല! പല വിധത്തില്‍ ഉള്ള ഔഷധ ഗുണങ്ങള്‍ ഉള്ള സ്ഥിതിക്ക് അനാവശ്യമായ ചില മരുന്നുകള്‍ രോഗം ഇല്ലാത്ത ആളില്‍ എത്തി പ്രഭാവം ഉണ്ടാക്കുന്നത് ആരോഗ്യപരം ആവണം എന്നില്ല.

അതിനാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഔഷധ വസ്തുക്കളെ പ്രത്യേകം വേര്‍ തിരിച്ചു എടുത്തു ശാസ്ത്രീയമായി പഠിച്ചു ഉപയോഗയുക്തം ആക്കുന്നതിലെക്കായി ശാസ്ത്ര ലോകം പ്രത്യേക ശ്രദ്ധ ചെലുത്തട്ടെ.ഒരു കാരണവശാലും എഴുതി തള്ളാന്‍ പാടുള്ളതല്ല. .അതിനുള്ള നടപടി സര്‍ക്കാരും ഏറ്റെടുത്തു നടത്തട്ടെ. പിന്നെ ആധുനിക വൈദ്യ ശാത്രം കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് കുറിപ്പടി ആയി എഴുതി കൊടുക്കാനോ ആധികാരികം അല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനോ എനിക്കോ സഹ ഡോക്ടര്‍മാര്‍ക്കോ നിയമപരമായും ധാര്‍മ്മികമായും അവകാശം ഇല്ല. എന്നാല്‍ കാന്‍സര്‍ പോലെ മരണം മുന്നില്‍ കാണുന്ന രോഗിക്ക് എന്തും ഒരു പിടി വള്ളി ആണ് ,അങ്ങനെ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം റിസ്കില്‍ കഴിക്കുന്നു എങ്കില്‍ അതിനെ തടയാനും ഒരു ഡോക്ടര്‍ക്കാവില്ല.

ഇതുപയോഗിച്ചുള്ള ചികില്‍സയും ആയി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ആയിട്ടുള്ള കുറെ അധികം അനുഭവ സാക്ഷ്യങ്ങള്‍" ഓണ്‍ലൈന്‍ വായിച്ചു ഇതില്‍ നിന്ന് എല്ലാം മനസ്സിലാക്കുന്നത്,

*കാന്‍സര്‍നു മറ്റു ചികില്‍സ എടുത്തവര്‍ ഇത് കൂടെ കൂട്ടത്തില്‍ കഴിക്കുക ആണ് ഉണ്ടായത്,പലര്‍ക്കും കൂടുതല്‍ ആശ്വാസവും,മെച്ചപ്പെട്ട അവസ്ഥയും ഉണ്ടായി,ഇത് എടുത്തിട്ടും മരണപ്പെട്ടവരുടെ അനുഭവവും വായിച്ചു എല്ലാം സാധാരണക്കാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ ആയിരുന്നു

.*ഇത് മാത്രമായി കഴിച്ചു കാന്‍സര്‍നെ നേരിട്ട അനുഭവം ആരും പറഞ്ഞു കേട്ടില്ല. ഇതിനെ വ്യാവസായിക അടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യാന്‍ പ്രവണത ഉണ്ടായാല്‍ അത് തടയുകയും ചെയ്യണം എന്നാണു അഭിപ്രായം.ഇതുമായി ബന്ധപ്പെട്ട വ്യാജ അവകാശ വാദങ്ങളിലോ തട്ടിപ്പുകളിലോ പെട്ട് ആരുടേയും കാശ് പോവാതെ ഇരിക്കട്ടെ എന്ന് മുന്പേര്‍ ആയി ആശംസിക്കുന്നു.

പ്രശസ്ത അര്‍ബുദ രോഗചികില്‍സകനായ ഡോ. വി പി ഗംഗാധരന്‍   ഈ വിഷയത്തില്‍ എഴുതിയ പ്രതികരണം വായിച്ചു. അദ്ദേഹത്തോട് ഉള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് പറയുന്നു. അദ്ദേഹം ഈ വിഷയത്തില്‍ അല്പം മുന്‍വിധിയോടെ ആണ് സമീപിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.ആന്റി ഒക്സിടന്റ്റ് ന്റെ സാന്നിധ്യം അല്ല ഇതില്‍ ഉള്ളത് കാന്‍സര്‍കോശങ്ങള്‍ക്ക് എതിരെ തന്നെ പ്രവര്‍ത്തിക്കുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന വസ്തുത അദ്ദേഹം ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. ഇതിനു മറ്റു ചില പ്രവര്‍ത്തനങ്ങളും ഉണ്ട് എന്ന് ചില പഠനങ്ങള്‍ കണ്ടു..അതായത് mitochondrial activity വര്‍ധിപ്പിക്കുന്നു എന്നും മറ്റും. അതും പരിശോധിക്കപെടട്ടെ.

വിഷയത്തില്‍ കൂടുതല്‍ ലിങ്കുകള്‍ താഴെ:

http://www.scielo.br/scielo.php?script=sci_arttext&pid=S0074-02762008000600019

http://www.ijrrpas.com/wp-content/uploads/2011/12/A-COMPARATIVE-STUDY-ON-ANTIMICROBIAL-ACTIVITY-OF-CLERODENDRUM-INFORTUNATUM-SIMAROUBA-GLAUCA-AND-PSORALEA-CORYLIFOLIA.pdf

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top