25 December Wednesday

ചാവറയച്ചന്റെ സ്മരണയില്‍ കൂനമ്മാവ് ജനസാഗരമായി

സ്വന്തം ലേഖികUpdated: Monday Nov 24, 2014

കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ കൂനമ്മാവിലെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് വിശ്വാസികള്‍. വരാപ്പുഴ വികാരി ജനറലായിരുന്നു ചാവറയച്ചന്‍. ചാവറയച്ചനെ റോമില്‍ വിശുദ്ധനായി പ്രഖ്യാപിച്ച സമയത്ത് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ ചാവറയച്ചന്റെ കബറിടത്തിലേക്ക് സന്യാസിസമൂഹവും നൂറുകണക്കിനു ഭക്തരും പങ്കെടുത്ത തീര്‍ഥാടന പദയാത്രയും കബറിടത്തില്‍ പുഷ്പാര്‍ച്ചനയും കൃതജ്ഞതാബലിയും നടന്നു. വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷങ്ങള്‍.ആഘോഷങ്ങള്‍ക്കു സമാപനംകുറിച്ച് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണയാത്രയും നടന്നു. വിശുദ്ധന്റെ തിരുസ്വരൂപവുംവഹിച്ച് ലോകത്തെ ആദ്യ പ്രദക്ഷിണമായിരുന്നു കൂനമ്മാവിലേത്.

ചാവറയച്ചന്‍ ദിവ്യബലിയര്‍പ്പിച്ച സെന്റ് ഫിലോമിനാസ് ദേവാലയം, ബലിപീഠം, അദ്ദേഹം ജീവിതത്തിലെ അവസാന ഏഴുവര്‍ഷം താമസിച്ച ആശ്രമ കെട്ടിടമന്ദിരം, അന്ത്യശ്വാസംവലിച്ച മുറി, ഉപയോഗിച്ച വസ്തുക്കള്‍, കബറിടം എന്നിവ കാണാന്‍ ശനിയാഴ്ച രാവിലെമുതല്‍തന്നെ ഭക്തരുടെ വലിയ തിരക്കായിരുന്നു. വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങളില്‍ പങ്കെടുക്കാനും വിശുദ്ധന്റെ കബറിടത്തില്‍ പ്രാര്‍ഥിച്ച് അനുഗ്രഹം തേടാനുമെത്തിയവരുടെ തിരക്ക് കൃതജ്ഞതാബലിയുടെ സമയമായപ്പോഴേക്കും നിയന്ത്രണാതീതമായി.അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും വിശ്വാസികള്‍ കൊങ്ങോര്‍പ്പിള്ളി, കൊച്ചാല്‍, തേവര്‍കാട് എന്നീ മൂന്നു കേന്ദ്രങ്ങളില്‍ സംഗമിച്ച് സെന്റ് ഫിലോമിനാസ് ദേവാലയത്തിലേക്ക് തീര്‍ഥാടനപദയാത്ര ആരംഭിച്ചതോടെയാണ് വിശുദ്ധപദവി പ്രഖ്യാപന ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

150 വര്‍ഷം മുമ്പ് ചാവറയച്ചന്‍ കൂനമ്മാവ് പള്ളിക്കടവില്‍ ബോട്ടില്‍ വന്നിറങ്ങിയതിനെ അനുസ്മരിച്ച്് കൂനമ്മാവ് ഇടവകാംഗങ്ങള്‍ പള്ളിക്കടവില്‍നിന്ന് സെന്റ് ഫിലോമിനാസ് ദേവാലയത്തിലേക്ക് പദയാത്രയായി നീങ്ങി. മറ്റു രൂപതകളില്‍നിന്നും വിദൂരസ്ഥലങ്ങളില്‍നിന്നും എത്തിയവരും പദയാത്രകളില്‍ അണിനിരന്നു. പദയാത്രകള്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ സംഗമിച്ചതോടെ ചാവറ കുര്യാക്കോസച്ചന്റെ 18 അടി ഉയരമുള്ള പൂര്‍ണകായപ്രതിമ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആശീര്‍വദിച്ചു. വത്തിക്കാനില്‍നിന്നുള്ള വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങളുടെ തല്‍സമയസംപ്രേഷണവും അങ്കണത്തില്‍ നടന്നു. 25,000 പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ പന്തലിലും പുറത്തുമായി സ്ഥാപിച്ച എല്‍ഇഡി സ്ക്രീനുകളിലൂടെയായിരുന്നു സംപ്രേഷണം.പ്രതിമാ അനാച്ഛാദനത്തിനുശേഷം ബിഷപ്പുമാരും വൈദികരും വിശിഷ്ടാതിഥികളും കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൃതജ്ഞതാ ദിവ്യബലിയില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികനായി. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വചനസന്ദേശം നല്‍കി.ചാവറ കുര്യാക്കോസച്ചന്റെ കാശ്രൂപം ആശീര്‍വാദവും വിതരണവും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു വിശുദ്ധന്റെ തിരുസ്വരൂപവുംവഹിച്ച് പ്രദക്ഷിണം. സ്നേഹവിരുന്നോടെയാണ് വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങള്‍ സമാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top