മുളന്തുരുത്തി > ഒരേക്കറോളം വിസ്തൃതിയുള്ള വൈലപ്പിള്ളി ക്ഷേത്രക്കുളം അമ്പതോളം വിവിധ പ്രായക്കാരായ പ്രദേശവാസികളുടെ നീന്തല്‍ക്കളരിയാണ്. നീന്തല്‍ വശമില്ലെങ്കിലും വെള്ളത്തിലിറങ്ങാന്‍ ആവേശം കാണിക്കുന്ന പുതുതലമുറമുതല്‍ വീട്ടമ്മമാര്‍വരെയുണ്ട് ഇവിടെ നീന്തല്‍ അഭ്യസിക്കാന്‍. നീന്തല്‍ അഭിനിവേശമായി കൊണ്ടുനടക്കുന്ന വി എ കൃഷ്ണകുമാര്‍ എന്ന അറുപതുകാരനാണ് എല്ലാവരുടെയും ഗുരു. വെള്ളത്തില്‍ മുങ്ങി ആരുടെയും ജീവന്‍ നിലക്കരുതെന്ന നിശ്ചയമാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ കൃഷ്ണകുമാറിന് പ്രേരണയായത്.
മുളന്തുരുത്തി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ വൈലപ്പിള്ളി വാര്യത്ത് വി എ കൃഷ്ണകുമാര്‍ എംപിഇഡിഎയില്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായിരിക്കെ സ്വയം പിരിഞ്ഞാണ് നീന്തല്‍ ഗുരുനാഥനായത്. ഒരു വര്‍ഷത്തില്‍ അധികമായി നടക്കുന്ന നീന്തല്‍ പരിശീലനത്തില്‍ ഏഴു വയസ്സുമുതല്‍ 20 വയസ്സുവരെയുള്ള അമ്പതിലേറെ കുട്ടികളുണ്ട്. ഇതില്‍ 22 പേര്‍ പെണ്‍കുട്ടികളാണ്.
ഒരുവര്‍ഷം മുമ്പാണ് സൗജന്യ നീന്തല്‍ക്കളരി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ കുട്ടികളും രക്ഷിതാക്കളും അല്‍പ്പം മടിച്ചെങ്കിലും പിന്നീട് തിരക്കായി. ആദ്യത്തെ ഭയം മാറിക്കഴിഞ്ഞാല്‍ 15 ദിവസംകൊണ്ട് കുട്ടികള്‍ നീന്തല്‍ പഠിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വീടിനു സമീപത്തെ രണ്ട് കുട്ടികള്‍ മഴക്കാലത്തെ ചെറിയ വെള്ളപ്പൊക്കത്തില്‍ മരിച്ചതിന്റെ ഓര്‍മയാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. പുതുതലമുറയിലെ പലര്‍ക്കും നീന്തല്‍ അറിയില്ല. അവര്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നതും പ്രേരണയായതായി അദ്ദേഹം പറഞ്ഞു.നിലവില്‍ ശനി, ഞായര്‍ ദിവസമാണ് നീന്തല്‍ പഠനം. രാവിലെ ആണ്‍കുട്ടികളും വൈകിട്ട് പെണ്‍കുട്ടികളും. നീന്തല്‍ മികച്ച ഒരു വ്യായാമ മുറയാണെന്ന തിരിച്ചറിവില്‍ പ്രദേശത്തെ ചില വീട്ടമ്മമാരും നീന്തല്‍ പഠിക്കാന്‍ എത്തുന്നുണ്ട്.19-ാം വയസ്സില്‍ ഗംഗാനദി നീന്തിക്കടന്നിട്ടുള്ള കൃഷ്ണകുമാര്‍ 60-ാം വയസ്സിലും തന്റെ പ്രസരിപ്പ് നിലനിര്‍ത്തുന്നത് നീന്തലിലാണെന്ന് വിശ്വസിക്കുന്നു. യുവാക്കള്‍ക്കായി സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനവും കൃഷ്ണകുമാര്‍ നല്‍കുന്നുണ്ട്. വത്സലയാണു ഭാര്യ. രണ്ട് പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..