തിരുവനന്തപുരം>എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.
പൂര്‍ണ്ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും
13-ാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ ,വാര്‍ഡ്സഭാ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും.ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന പ്വ്രര്‍ത്തനങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമാകും.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും അവരുടെ സ്വന്തം ഗ്രാമസഭ-വാര്‍ഡ്സഭകളില്‍ പങ്കെടുക്കും. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരും ഗ്രാമസഭ-വാര്‍ഡുസഭകളില്‍ പങ്കെടുക്കും.
ഇന്ത്യയുടെ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഡിഎംആര്‍സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പഠിച്ച പാലക്കാട് ചാത്തന്നൂര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ പുതിയതായി ക്ളാസ് മുറികള്‍ നിര്‍മ്മിക്കുന്നതിന് ഡി.എം.ആര്‍.സി-യെ ചുമതലപ്പെടുത്തി.ഇതിനായി 20 ലക്ഷം രൂപഅനുവദിച്ചു.
പഞ്ചായത്ത് വകുപ്പിലെ ജനന-മരണ രജിസ്ട്രേഷന്റെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിന്റ് ഡയറക്ടര്‍ തലത്തിലേക്ക് ഉയര്‍ത്തി, ജനന-മരണ രജിസ്ട്രേഷന്റെ ചീഫ് രജിസ്ട്രറായി നിശ്ചയിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രകിയയ്ക്ക് വിധേയനായി പത്തനംതിട്ട കോന്നി വാലുപറമ്പില്‍ റോഡ് മീന്‍കുഴി വീട്ടില്‍ പി.കെ. പൊടിമോന്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഓമനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
പേപ്പട്ടി കടിച്ച് മരണപ്പെട്ട ഇടുക്കി പീരുമേട് സ്വദേശി തുമ്പരത്തില്‍ വീട്ടില്‍ രാജന്റെ വിധവ സജിനിയ്ക്ക് ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു.
കാന്‍സര്‍ ബാധിച്ച് മരിച്ച ഇന്ത്യന്‍ ആര്‍മി സിഗ്നനല്‍മാന്‍ പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുളളി, അരുത്തിക്കോട് മൂപ്പന്‍പുര ഹൌസില്‍ എം. അനൂപിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
പുതിയ തസ്തിക
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ രണ്ട് അദ്ധ്യാപക തസ്തികകളുംനെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തികയും സൃഷ്ടിച്ചു.
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്ക്കരിക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവിന് അനുവാദം നല്‍കി.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള തീരദേശ പരിപാലന അതോറിറ്റി എന്നിവിടങ്ങളിലെ തസ്തികകള്‍ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..