മലപ്പുറം
നിപാ, ഡെങ്കിപ്പനി, എച്ച‌് വൺ എൻ വൺ തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാണെങ്കിലും മുൻകരുതലുകൾ തുടരേണ്ടിയിരിക്കുന്നു. മഴക്കാലവും അധ്യയനവർഷ ആരംഭവും ഒരുമിച്ചായതിനാൽ പ്രത്യേകിച്ചും. നഗര‐ ഗ്രാമ വ്യത്യാസമില്ലാതെ പല സ്ഥലങ്ങളും ടൺകണക്കിന‌് മാലിന്യംതള്ളാനുള്ള ഇടങ്ങളായും അതുവഴി കൊതുകുകൾ പെരുകുന്നതിനുള്ള ഇടങ്ങളായും മാറിയിട്ടുണ്ട‌്. സ‌്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ രക്ഷിതാക്കൾ ആശങ്കയിലാണ‌്. സ‌്കൂൾ പരിസരത്തെ മാലിന്യം, കുടിവെള്ളം, കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ, മതിലുകൾ, മരങ്ങൾ എന്നിവയെ ചൊല്ലിയാണ‌് രക്ഷിതാക്കളുടെ ആശങ്ക. സ‌്കൂൾ അധികൃതർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലൂടെ..
1, ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത ഒഴിവാക്കണം
സ‌്കൂളുകളിലേക്ക‌് വെള്ളമെത്തിക്കുന്ന കിണറുകളും ജലസ്രോതസ്സുകളും ശുചീകരിക്കുന്ന പ്രവൃത്തികൾ അധ്യയനം തുടങ്ങുന്നതിന‌് മുമ്പ‌് പൂർത്തിയാക്കേണ്ടതുണ്ട‌്. കിണറുകൾ ശുചിയാക്കുക എന്നുപറയുമ്പോൾ ചുറ്റിലുമുള്ള കുറ്റിക്കാടുകൾ വെട്ടുകയോ ആൾമറ സ്ഥാപിക്കുകയോ അല്ല വേണ്ടത‌്. കുടിവെള്ളം ലാബിൽ പരിശോധിച്ച‌് അണുവിമുക്തമാണെന്ന‌് ഉറപ്പുവരുത്തണം. നേരത്തെ, താനൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ കിണറിലെ വെള്ളം പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പല സ‌്കൂളുകളിലും ജലസംഭരണികൾ കാലങ്ങളായി വൃത്തിയാക്കാതെ സൂക്ഷിക്കുന്നത‌് ശ്രദ്ധയിൽപ്പെടുന്നുണ്ട‌്. കുടിവെള്ളം സൂക്ഷിക്കുന്ന സംഭരണികളും പാചകപ്പുരകളും വൃത്തിയായി സൂക്ഷിക്കണം. ക്ലാസ‌് മുറികളിൽ തിളപ്പിച്ചാറിയ കുടിവെള്ളം ലഭ്യമാക്കണം.
2, മാലിന്യം തരംതിരിച്ച‌് സംസ‌്കരിക്കണം
ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക‌് പേനകൾ, ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക‌് സഞ്ചികൾ തുടങ്ങി സ‌്കൂളുകളിലും ജൈവ‐ അജൈവമാലിന്യം കുന്നുകൂടുന്നുണ്ട‌്. ഇവ ഒട്ടേറെ ആരോഗ്യപ്രശ‌്നങ്ങൾക്കും വഴിവയ്ക്കും. ഭക്ഷണാവശിഷ്ടങ്ങളും മറ്റ‌് മാലിന്യവും തരംതിരിച്ച‌് സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ സ‌്കൂളുകളിൽതന്നെ ഒരുക്കണം. ജൈവമാലിന്യങ്ങൾ ബയോഗ്യാസ‌് പ്ലാന്റ‌്, കമ്പോസ്റ്റ‌് യൂണിറ്റ‌് എന്നിവ സ്ഥാപിച്ച‌് സംസ്കരിക്കുന്നതിനുള്ള പ്രവൃത്തികൾ നടത്തണം. പ്ലാസ്റ്റിക‌് പോലുള്ള അജൈവമാലിന്യങ്ങൾ സൂക്ഷിക്കുന്നതിന‌് പ്രത്യേക ബാസ‌്കറ്റുകൾ സ്ഥാപിക്കണം. ബോൾ പോയിന്റ‌് പേനകൾ ഒഴിവാക്കി മഷിപ്പേനയിലേക്ക‌് മാറുന്നതിന്റെ ആവശ്യകതയെക്കുറിച്ച‌് വിദ്യാർഥികൾക്ക‌് ബോധവൽക്കരണം നൽകണം. പ്രവേശനോത്സവമടക്കമുള്ള ഒരു പരിപാടിയിലും ഫ്ലക്സ‌് ബോർഡുകൾ ഉപയോഗിക്കരുത‌്. പ്ലാസ്റ്റിക‌് കുപ്പികൾ, കപ്പുകൾ, കാരിബാഗുകൾ, പ്ലാസ്റ്റിക‌് കോട്ടിങ്ങുള്ള കപ്പുകൾ എന്നിവ ഉപയോഗിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട‌്. ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഐസ‌്ക്രീം കപ്പുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനെതിരെയും ജാഗ്രത വേണം.
3. സ‌്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം
സ‌്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമാണോയെന്ന‌് ഉറപ്പുവരുത്തേണ്ടതുണ്ട‌്. മഴയും കാറ്റുമൊക്കെ ഉണ്ടാകുമ്പോൾ അതിജീവിക്കാനുള്ള ഉറപ്പ‌് കെട്ടിടങ്ങൾക്കുണ്ടോയെന്ന‌് പരിശോധിക്കണം. കെട്ടിടങ്ങൾ നിലംപൊത്താനുള്ള സാധ്യതയുണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട‌്. സ‌്കൂൾ പ്രവർത്തിക്കുന്ന പഞ്ചായത്തിലെ അസിസ്റ്റന്റ‌് എൻജിനിയറാണ‌് പരിശോധിച്ച‌് ഉറപ്പുവരുത്തേണ്ടത‌്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡിഇഒ, എഇഒമാർ മുഖാന്തരമാണ‌് പരിശോധന നടത്തുന്നതിനുള്ള നിർദേശം നൽകുന്നത‌്. അപകട ഭീഷണിയുയർത്തുന്ന മരങ്ങളും കൊമ്പുകളും മുറിച്ചുമാറ്റണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..