25 November Monday

പ്രവേശനോത്സവം നാളെ ; സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 31, 2018




ആലപ്പുഴ
ഹൈടെക‌്  ക്ലാസ‌്‌മുറികളൊരുക്കിയും പാഠപുസ‌്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലെത്തിച്ചും പുതിയ അധ്യായനവർഷത്തിൽ കുട്ടികളെ വരവേൽക്കും. പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സ‌്കൂൾ അധികൃതർ, പിടിഎ, സ‌്കൂൾ  മാനേജ‌്മെന്റ‌് കമ്മിറ്റികൾ, തദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ‌് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത‌്.  

സ‌്കൂൾ തുറക്കുന്ന വെള്ളിയാഴ‌്ച പ്രവേശനോത്സവം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ‌് ജില്ലയിലെ സ‌്കൂൾ അധികൃതർ.  ആറാം പ്രവൃത്തിദിവസത്തിൽ നടക്കുന്ന കണക്കെടുപ്പോടെയാണ‌് കുട്ടികളുടെ എണ്ണത്തിൽ കൃത്യതയുണ്ടാകുക.  എല്ലാ സ‌്കൂളിലും കഴിഞ്ഞ അധ്യായനവർഷത്തിലേതിലും കൂടുതൽ വിദ്യാർഥികൾ ഒന്നാംക്ലാസ് പ്രവേശനം നേടിയെന്നാണ‌് പ്രാഥമിക വിലയിരുത്തൽ. 

സർക്കാരിന്റെ നവകേരളമിഷനിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വളരെ നേരത്തെ തന്നെ സ‌്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അധ്യായനവർഷം ആരംഭിക്കുന്നതിന‌് ഒരുമാസം മുമ്പ‌് തന്നെ കുട്ടികൾക്ക‌് അടുത്ത അധ്യായനവർഷത്തേക്കുള്ള പുസ‌്തകങ്ങൾ വിതരണം ചെയ‌്തിരുന്നു. പഠനബോധന നിലാവാരം ഉയർത്തുന്നതിന്റെ ഭാഗമായി ക്ലാസ‌്മുറികൾ ഹൈടെക്കാക്കിയാണ‌് സർക്കാർ വിദ്യാർഥികളെ വരവേൽക്കുന്നത‌്. അധ്യായനം തുടങ്ങുന്ന ദിവസം തന്നെ സൗജന്യ യൂണിഫോം തുണികളും കുട്ടികളുടെ കൈകളിലെത്തും. കൈത്തറി യൂണിഫോം തുണികളാണ‌് കുട്ടികൾക്ക‌് നൽകുന്നത‌്. ശുചിത്വമിഷനുമായി കൈകോർത്ത‌് വിദ്യാലയങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ ക്യാമ്പയിനുകളും  ഇതിനോടകം ആരംഭിച്ചിട്ടുണ്ട‌്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമിക മികവ‌് ഉയർത്തുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും പ്രഥമാധ്യാപകർ തയാറാക്കിയ മാസ‌്റ്റർ പ്ലാൻ അനുസരിച്ചാണ‌് സ‌്കൂളുകൾ പുതിയ പഠന﹣ബോധന രീതിയിലേക്ക‌് മാറുന്നത‌്. ആയിരം സ‌്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സന്ദേശമുയർത്തിയാണ‌് നഷ‌്ടമായ പൊതുവിദ്യാഭ്യാസത്തിന്റെ യശസ‌് വീണ്ടെടുക്കുന്നത‌്.  ജില്ലാതല പ്രവേശനോത്സവം വെള്ളിയാഴ‌്ച രാവിലെ 9.30ന‌് പൊള്ളേത്തൈ ഗവ. സ‌്കൂളിൽ മന്ത്രി ടി എം തോമസ‌് ഐസക് ഉദ‌്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top