460 ടൺ സവാള വരുന്നു; കിലോ 65 രൂപ ; ഉള്ളിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2019, 12:27 AM | 0 min read

സ്വന്തം ലേഖിക
കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ഒരാഴ്ചയ്ക്കുള്ളിൽ 460 ടൺ സവാള സംസ്ഥാനത്ത്‌ എത്തിക്കും. സപ്ലൈകോയ്ക്ക്‌ വേണ്ടി ഭക്ഷ്യ വകുപ്പ്‌ 300 ടണ്ണും ഹോർടികോർപിന്‌ വേണ്ടി കൃഷി വകുപ്പ്‌ 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്‌, യമൻ എന്നിവിടങ്ങളിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. 65 രൂപയ്ക്ക്‌ സവാള ലഭ്യമാക്കാനാകും.

മുംബൈയിൽനിന്ന്‌ ഇവ ജില്ലകളിലെ സപ്ലൈകോ, ഹോർടികോർപ്‌ വിപണനശാലകൾ വഴി ലഭ്യമാക്കും. നാഫെഡ്‌ വഴി  ഇറക്കുമതി ചെയ്ത സവാളയാണിത്‌.
രാജ്യത്താകമാനം സവാളയുടെ വില കുതിച്ചുയരുകയാണ്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയംമൂലമുണ്ടായ കൃഷിനാശമാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്നാണ്‌ കേന്ദ്രസർക്കാർ വാദം. രണ്ട്‌ മാസം മുമ്പ്‌  കിലോയ്ക്ക്‌ 40 –-45  രൂപ നിരക്കിൽ വിറ്റ സവാളയ്ക്ക്‌ ചാല മൊത്തവ്യാപാര കേന്ദ്രത്തിൽ വില 142 രൂപയായി. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ  160 രൂപയും.

ഒക്ടോബറിൽ വില ഉയർന്ന്‌ തുടങ്ങിയപ്പോൾത്തന്നെ സപ്ലൈകോ 40 ടൺ സവാള എത്തിച്ചിരുന്നു. നിലവിൽ ലഭ്യത കുറവായതിനാൽ സംസ്ഥാനത്ത്‌ കനത്ത സവാള ക്ഷാമമുണ്ട്‌. ഡിസംബർ പന്ത്രണ്ടോടെ മുന്നൂറ്‌ ടൺ എത്തിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവുമായി നടന്ന വീഡിയോ കോൺഫറൻസിൽ തീരുമാനമായി. ഹോർടികോർപ്‌ വഴി ആഴ്ചയിൽ 40 ടൺ സവാള വീതം ലഭ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കൃഷി മന്ത്രി വി എസ്‌ സുനിൽകുമാർ അറിയിച്ചു.  പൂഴ്‌ത്തിവയ്പ്‌ തടയാനായി വിപണനകേന്ദ്രങ്ങളിൽ പരിശോധനയും നടക്കുന്നുണ്ട്‌. സിവിൽ സപ്ലൈസ്‌, ലീഗൽ മെട്രോളജി വകുപ്പുകൾ പരിശോധന നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home