കൊച്ചി
150 മീറ്റർ ആഴത്തിൽ മുങ്ങിക്കിടക്കുന്നയാളെ കണ്ടെത്തി രക്ഷപ്പെടുത്താൻ ‘ഐറോവ‌് ട്യൂണ’ അണ്ടർവാട്ടർ ഡ്രോൺ, ദുരന്തമുഖത്ത‌് മരുന്നും അവശ്യവസ‌്തുക്കളുമെത്തിക്കാൻ ഭീമൻ ആകാശ ഡ്രോൺ– - സാങ്കേതികവിദ്യ ദുരന്തമുഖത്ത‌് അനായാസം സഹായിയായി മാറുന്ന അനേകം വിസ‌്മയോപകരണങ്ങളാണ‌് കൊച്ചി മേക്കർ വില്ലേജിലെ ഡിസൈൻ സമ്മിറ്റിൽ പ്രദർശിപ്പിച്ചത‌്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായാണ‌് പ്രദർശനം. ആഴക്കടലിലും പുഴകളിലും മനുഷ്യന‌് സാധിക്കാത്ത രക്ഷാപ്രവർത്തനമാണ‌് യന്ത്രകൈയുള്ള അണ്ടർവാട്ടർ ഡ്രോണിന്റെ പ്രത്യേകത. കളമശേരി മേക്കർ വില്ലേജിലെ ഐ റോവ‌് ടെക‌്നോ ളജീസാണ‌്നിർമാതാക്കൾ.
വെള്ളത്തിനടിയിൽ കിടക്കുന്നയാളെ സൈഡ‌് സ‌്കാൻ സോണർ ഉപയോഗിച്ച‌് ആദ്യം തിരിച്ചറിയും. പിന്നീട‌് യന്ത്രകൈ ഉപയോഗിച്ച‌് വെള്ളത്തിന‌് മുകളിലെത്തിക്കും. രക്ഷാപ്രവർത്തകർക്ക‌് ഇയാളെ സുരക്ഷിതസ്ഥാനത്തേക്ക‌് മാറ്റേണ്ട പണിയേ ബാക്കിയുണ്ടാകൂ. 300 മീറ്റർ ചുറ്റളവിൽ സ‌്കാനർ ഉപയോഗിക്കാം. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നയാളുടെ ചിത്രം കരയിലുള്ള മോണിറ്ററിൽ തെളിയും. വെള്ളപ്പൊക്കത്തിൽ ഡാമുകൾക്കും പാലങ്ങൾക്കും കേടുപറ്റിയിട്ടുണ്ടോയെന്ന‌് പരിശോധിക്കാനും ഇത‌് ഉപയോഗിക്കാം. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ചെറിയ അണ്ടർവാട്ടർ ഡ്രോണാണിത‌്.
വെള്ളപ്പൊക്കത്തിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്ക‌് മരുന്നും ഭക്ഷണസാധനങ്ങളും പെട്ടെന്ന‌് എത്തിക്കാൻ ആകാശ ഡ്രോൺ ‘സെയീന’ നിർമിച്ചത‌് ഫെദർ ഡൈൻ സ‌്റ്റാർട്ട‌് അപ‌് ഗ്രൂപ്പാണ‌്. ഹെലികോപ‌്റ്ററുകൾക്കും ചെറുബോട്ടുകൾക്കും പകരം ഉപയോഗിക്കാം. 100 കിലോമീറ്റർവരെ ദൂരത്തിൽ അവശ്യവസ‌്തുക്കളെത്തിക്കാൻ കഴിയുന്ന എട്ട‌് പ്രൊപ്പല്ലറുകളാേടെയാണ‌് നിർമാണം. രണ്ടുമുതൽ 20 കിലോവരെ അവശ്യവസ‌്തുക്കളെത്തിക്കാം. എണ്ണക്കുഴലുകളിലെ പരിശോധനയ‌്ക്കും കപ്പലുകളിൽനിന്നും കരയിലേക്ക‌് വസ‌്തുക്കളെത്തിക്കാനും ഇവ പ്രയോജനപ്പെടും.
റോബോട്ടുകൾ നിയന്ത്രിക്കുന്ന ആശുപത്രി, വലിയ ആൾക്കൂട്ടങ്ങളിൽനിന്ന‌് മുഖം തിരിച്ചറിയാനുള്ള ക്യാമറ, വെള്ളപ്പൊക്കം മുൻകൂട്ടി അറിയാനുള്ള ഫ‌്ളഡ‌് ലെവൽ മോണിറ്റർ, വായു മലിനീകരണം കണ്ടെത്താനുള്ള എയർ ക്വാളിറ്റി മോണിറ്ററിങ‌് സ‌്റ്റേഷൻ, സ‌്പർശങ്ങൾ തിരിച്ചറിഞ്ഞ‌് ചെറുക്കാൻ സ‌്ത്രീകൾക്കുള്ള ഇ–-ടെക‌്സ‌്റൈൽ കോട്ട‌്, വെള്ളപ്പൊക്കമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്കുശേഷമുള്ള പശുക്കളുടെ ആരോഗ്യസ്ഥിതി മുൻകൂട്ടിയറിയാനുള്ള സംവിധാനം എന്നിവയും വില്ലേജിലുണ്ട‌്.
15 മീറ്റർവരെ വെള്ളം ഉയരുന്നത‌് തിരിച്ചറിയാനുള്ള ഫ‌്ളഡ‌് ലെവൽ മോണിറ്റർ അവതരിപ്പിച്ചത‌് അൽകോഡെക‌്സ‌് ടെക‌്നോളജീസാണ‌്. പ്രകൃതിക്കു ദോഷംവരുത്താതെ സാങ്കേതികവിദ്യ മനുഷ്യന‌് എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള അന്വേഷണവും കണ്ടെത്തലുമാണ‌് ലക്ഷ്യമെന്ന‌് മേക്കർ വില്ലേജ‌് സിഇഒ പ്രസാദ‌് ബാലകൃഷ‌്ണൻ നായർ പറഞ്ഞു. മേക്കർ വില്ലേജ‌് വ്യാഴാഴ‌്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..