24 October Thursday

ഷുഹൈബ് വധാന്വേഷണം : വ്യാജവാർത്തകൾക്കുപിന്നിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞു

പ്രത്യേക ലേഖകൻUpdated: Saturday Feb 24, 2018

കണ്ണൂർ > ഷുഹൈബ് വധക്കേസ് അന്വേഷക സംഘത്തിൽനിന്നുള്ള രഹസ്യ വിവരങ്ങളെന്ന നിലയിൽ വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുന്ന ഗൂഢസംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. അന്വേഷക സംഘത്തിലെ ഒരാളടക്കം കോൺഗ്രസ് അനുകൂലികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും ഉൾപ്പെട്ടതാണ് സംഘം. ഇവരുടെ മൊബൈൽ ഫോൺ രേഖകളടക്കം ശേഖരിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

അറസ്റ്റിലായ രണ്ടു പ്രതികളുടെ റിമാൻഡ് റിപ്പോർട്ടെന്ന നിലയിലാണ് ആദ്യ കള്ളക്കഥ മാധ്യമങ്ങൾ പുറത്തുവിട്ടത്. പിന്നീട് പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന പേരിലും തുടർച്ചയായി വ്യാജവാർത്തകൾ വന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണഘട്ടത്തിലെന്നപോലെ സിപിഐ എമ്മിനെ പരമാവധി താറടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഓരോ വാർത്തയും. പ്രമുഖ ചാനലിലെ വനിതാ റിപ്പോർട്ടർ ആദ്യം 'ബ്രേക്കിങ് ന്യൂസ്' നൽകും. തുടർന്ന് മറ്റു ചാനലുകൾ. ഇവരിൽനിന്ന് പത്രമാധ്യമങ്ങളാകെ ഏറ്റെടുക്കും. ഈ നിലയിലാണ് സിപിഐ എമ്മിനെതിരായ കടന്നാക്രമണം. 

പ്രത്യേകാന്വേഷക സംഘാംഗവും കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ് ഗൂഢസംഘത്തിന്റെ ന്യൂക്ലിയസ്. ടി പി ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ കേസുകളുടെ അന്വേഷക സംഘത്തിലും ഇയാൾ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന രഹസ്യവിവരങ്ങൾ ഇയാൾ മലയോര സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർക്ക് നൽകും. ഇയാളാണ് ചില മാധ്യമപ്രവർത്തകരുടെയും കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങളുടെയും സഹായത്തോടെ ആവശ്യമായ ചേരുവകളെല്ലാം ചേർത്ത് സിപിഐ എം വിരുദ്ധ നുണബോംബുകളാക്കി മാറ്റുന്നത്.

കണ്ണൂർ പൊലീസ് സഹകരണ സംഘം ഭരണസമിതി അംഗവും കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് സിവിൽ പൊലീസ് ഓഫീസർ. ഇയാളും അന്വേഷക സംഘാംഗമായ വിവാദ ഉദ്യോഗസ്ഥനും തമ്മിലും മാധ്യമപ്രവർത്തകർ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ നിരന്തര ആശയവിനിമയത്തിന്റെ തെളിവുകൾ ഇന്റലിജൻസ് വിഭാഗം ശേഖരിച്ചു. അന്വേഷക സംഘത്തിൽ സിപിഐ എം ചാരന്മാരുണ്ടെന്നും റെയ്ഡ്വിവരങ്ങളടക്കം ചോർന്നെന്നും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും മുകളിലേക്ക് റിപ്പോർട്ട് അയച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top