29 December Sunday

കെപിഎസി ജോണ്‍സണ്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2017

കോട്ടയം >  ആദ്യകാല ഹാര്‍മോണിയം പിയാനോ വാദകരില്‍ പ്രമുഖനും സംഗീത സംവിധായകനും കെപിഎസി നടകവേദിയിലെ നിറസാന്നിധ്യവുമായിരുന്ന വടശ്ശേരില്‍ കെപിഎസി ജോണ്‍സണ്‍(ഡി ജോണ്‍സണ്‍-94) നിര്യാതനായി. ശനിയാഴ്ച രാത്രി ഒന്‍പതോടെ കഞ്ഞിക്കുഴി ദീപ്തി നഗറിലുള്ള മകന്റെ വസതയിലായിരുന്നു അന്ത്യം.

 58 വര്‍ഷം തുടര്‍ച്ചയായി കെപിഎസി നാടക വേദിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ക്രിസ്തീയ ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും ഉള്‍പ്പെടെ 700 ഗാനങ്ങള്‍ക്ക് ഈണം നല്‍കി. 14 സിനിമകളില്‍ അഭിനയിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പപ്പു എന്ന കഥാ പത്രത്തിലൂടെയായിരുന്നു ജോണ്‍സന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. കെപിഎസിയുടെ പ്രസിദ്ധമായ നാടകങ്ങളില്‍ മുഴുവന്‍ ജോണ്‍സന്‍ വിവിധ കഥാപാത്രങ്ങളെ അഭിനയിച്ചു മിന്നിത്തിളങ്ങി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, ഒതേനന്റെ മകന്‍, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തി കുട്ടപ്പന്‍, ബാല്യകാലസഖി, മദര്‍തെരേസ എന്നീ സിനിമകളിലും അഭിനയിച്ചു. 

1993 ല്‍ ഒളിവിലെ ഓര്‍മകളിലെ' ചേന്നന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഏറ്റവും നല്ല നടനുള്ള കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ലഭിച്ചു. 1995 ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്, തോപ്പില്‍ ഭാസി അവാര്‍ഡ്, മയ്യനാട് ഗാനം അവാര്‍ഡ്, ഇപ്റ്റ അവാര്‍ഡ്, കല്ലുമല കരുണാകരന്‍ അവാര്‍ഡ്, കേരളം അസോസിയേഷന്‍ കുവൈറ്റ് അവാര്‍ഡ്, ക്രൈസ്തവ സഭ സംഗീത ലോക -പ്രശസ്ഥി പത്ര,ആത്മ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

സംസ്കാരം ഞായറാഴ്ച കോട്ടയം കഞ്ഞിക്കുഴി ദീപ്തി നഗറിലുള്ള മകന്റെ  വസതിയില്‍ ശുശ്രൂഷക്ക് ശേഷം പകല്‍ മൂന്നിന് നല്ലയിടയന്‍ പള്ളി സെമിത്തേരിയില്‍. പരേതയായ എത്സമ്മയാണ് ഭാര്യ. മക്കള്‍: ബീന (ടീച്ചര്‍), നീന (ബാങ്ക് ഓഫീസര്‍), ബെന്നി ജോണ്‍സണ്‍ (മ്യൂസിക് ഡയറക്ടര്‍, എംഡി ഓഷ്യന്‍ ഗ്രീന്‍ സ്റ്റുഡിയോ). മരുമക്കള്‍: എന്‍ ഐ ലാലു(കോപ്പറേറ്റിവ് ഓഡിറ്റര്‍), സുമിന്‍ ബെന്നി (ടീച്ചര്‍).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top