കിളിമാനൂര്‍ > കരവാരം പഞ്ചായത്തിലെ മേവര്‍ക്കല്‍ ഗവ. എല്‍ പിഎസില്‍ ആരംഭിച്ച 'ഒന്നാംക്ളാസിലെ ഒന്നാംതരം വായനക്കാര്‍'പദ്ധതിക്ക് സംസ്ഥാനതല അംഗീകാരം. ഒന്നാംക്ളാസിലെ ഒന്നാംതരം വായനക്കാര്‍ പദ്ധതിയിലൂടെ സ്കൂള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒന്നാംക്ളാസ് അധ്യാപകന്‍ കെ പ്രേമചന്ദ്രന്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഒന്നാംക്ളാസിലെ ഒന്നാംതരം വായനക്കാര്‍. കുട്ടികള്‍ തന്നെ എഴുത്തുകാരും പ്രാസംഗികരും നല്ല വായനക്കാരും നല്ല പഠിതാക്കളുമൊക്കെയായി ഉയരുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ഒരു ലൈബ്രറി ഒരുക്കുകയാണ് ആദ്യമായി ചെയ്തത്.
ഒന്നാംക്ളാസ് നിലവാരത്തിലുള്ള കുട്ടികള്‍ക്ക് അക്ഷരപരിചയം ഒരുക്കുന്ന തരത്തിലുള്ള പുസ്തകങ്ങളും അവര്‍ക്ക് വായിക്കാന്‍ അനുയോജ്യമായ പുസ്തകങ്ങളുമാണ് ലൈബ്രറിയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയത്. കട്ടികള്‍ പുസ്തകം സ്വയം തെരഞ്ഞെടുത്ത് വായിക്കുവാനും വായിച്ചവ ചര്‍ച്ചാക്കുറിപ്പുകളും ആസ്വാദനകുറുപ്പുകളുമായി കുരുന്നുകളുടെ പുസ്തകങ്ങളില്‍ വിരിഞ്ഞതോടെ സംഗതി ക്ളിക്കായി. ഇംഗ്ളീഷ് പുസ്തകങ്ങളും കുട്ടികളുടെ വരുതിയിലായി. മലയാളം മീഡിയം വിദ്യാര്‍ഥികള്‍മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികള്‍ ഇംഗ്ളീഷ് പുസ്തകങ്ങള്‍വരെ വായിച്ച് റിവ്യൂ തയ്യാറാക്കി സ്കൂള്‍ അസംബ്ളിയില്‍ അവതരിപ്പിച്ചു. ഈ കുഞ്ഞുവിദ്യാലയത്തില്‍ വിരിഞ്ഞ മാതൃക പഠിക്കാനും നേരില്‍ മനസ്സിലാക്കാനും വിദ്യാഭ്യാസ വിദഗദ്ധരുമെത്തി. ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു കുട്ടികളുടെ ആശയഗ്രഹണ പാടവം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പദ്ധതി സംസ്ഥാനത്തെ സ്കൂളുകളിലാകെ നടപ്പിലാക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് മറ്റൊരു ആലോചന വേണ്ടിവന്നില്ല. ഒന്നാംതരം വായനയുടെ ഡോക്കുമെന്റേഷന്‍ എസ്എസ്എ തയ്യാറാക്കുകയും ഇക്കഴിഞ്ഞ അധ്യാപകരുടെ ക്ളസ്റ്റര്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ഈ പദ്ധതിയിലെ ലൈബ്രറി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കുന്നതിനായി പതിനായിരം രൂപ വീതം ആദ്യഘട്ട ധനസഹായമായി നീക്കിവയ്ക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കെ പ്രമേചന്ദ്രന്‍ കിളിമാനൂര്‍ ബിആര്‍ സിയിലൂടെ പകര്‍ന്ന ഈ നേട്ടം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന്റെ സന്തോഷത്തിലാണ് മേവര്‍ക്കല്‍ ഗവ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..