കാട്ടാക്കട
കാട്ടാക്കട പഞ്ചായത്തിലെ മൈലാടിയിൽനിന്ന് ആരംഭിച്ച് നെയ്യാറിൽ എത്തിച്ചേരുന്ന കുളത്തുമ്മൽ തോട് നവീകരിച്ച് മാലിന്യമുക്തമാക്കുമെന്ന‌് കലക്ടർ കെ വാസുകി. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടന്ന നീർത്തട സംരക്ഷണ യാത്രയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ഇതിനായി കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കും.
മൈലാടിയിൽ ചേർന്ന യോഗം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ‌് എസ് അജിത അധ്യക്ഷയായി. ഭൂവിനിയോഗ കമീഷണർ എ നിസ്സാമുദ്ദീൻ, ജില്ലാ പ്ലാനിങ‌് ഓഫീസർ വി എസ് ബിജു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയ് മാത്യു, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ‌് എൻജിനിയർ ഉദയകുമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സ്റ്റുഡന്റ‌് പൊലീസ് കേഡറ്റ് തുടങ്ങി അഞ്ഞൂറിലധികം പേർ യാത്രയെ അനുഗമിച്ചു. അഞ്ചുതെങ്ങിൻമൂട്, കഞ്ചിയൂർക്കോണം, ചാരുപാറ, കൊമ്പാടിക്കൽ, പാറച്ചൽ, കാലക്കോട്, അമ്പലത്തിൻകാല, പൊന്നറകോണം എന്നിവിടങ്ങളിൽ യാത്രയ‌്ക്ക‌് സ്വീകരണം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..