22 December Sunday

ഒ വി വിജയന്‍ പുരസ്കാരം ചന്ദ്രമതിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2016

തിരുവനന്തപുരം > ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്കാരിക കലാകേന്ദ്രത്തി (എന്‍എസ്കെകെ)ന്റെ 2016ലെ ഒ വി വിജയന്‍ സാഹിത്യപുരസ്കാരം ചന്ദ്രമതിയുടെ 'രത്നാകരന്റെ ഭാര്യ' എന്ന കഥാസമാഹാരത്തിന്. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ സക്കറിയയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഒ വി വിജയന്‍ ജീവിതസായാഹ്നം ചെലവഴിച്ച ഹൈദരാബാദില്‍ സാഹിത്യകാരന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന്് 2011 മുതലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. നോവല്‍, ചെറുകഥ, കവിത, വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളിലെ കൃതികളാണ്പുരസ്കാരത്തിന് പരിഗണിക്കുക. നാലുവര്‍ഷത്തിനിടെ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. മലയാള ചെറുകഥയില്‍ എക്കാലവും ശക്തമായി പുലര്‍ന്നിരുന്ന സ്ത്രീസ്വരത്തിന്റെ മികച്ച പ്രതിനിധികളിലൊരാളാണ് ചന്ദ്രമതിയെന്ന് അവാര്‍ഡ് നിര്‍ണയസമിതി വിലയിരുത്തി. ചെറുകഥാരംഗത്തെ മൊത്തം സംഭാവനകൂടി പരിഗണിച്ചാണ് അവാര്‍ഡിന് ചന്ദ്രമതിയെ തെരഞ്ഞെടുത്തത്.

ഹൈദരാബാദിലെ എന്‍എസ്കെകെ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ നവംബര്‍ ആറിന് പുരസ്കാരം സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍എസ്കെകെ വൈസ് ചെയര്‍മാന്‍ എന്‍ എം തോമസ്, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ കെ നന്ദകുമാര്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top