28 December Saturday

ഉഴവൂർ വിജയൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

കൊച്ചി > എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ന് ആയിരുന്നു അന്ത്യം. ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ചികില്‍സയിലായിരുന്നു. കോട്ടയത്തുനിന്നും കഴിഞ്ഞ 11നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ രോഗം മൂര്‍ഛിച്ചപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ 10ന് കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുറിച്ചിത്താനത്തെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച 12 മണിക്കാണ് സംസ്ക്കാരം.

അധികാരമോഹങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായി രാഷ്ട്രീയത്തിലേക്ക് കടന്ന വന്ന ഉഴവൂര്‍ പിന്നീട് എന്‍സിപിയില്‍ ചേര്‍ന്ന്ഇടത് പക്ഷത്തിനൊപ്പം യാത്ര തുടരുകയായിരുന്നു. എന്നും സാധാരണക്കൊപ്പം നില്‍ക്കാനും ഉഴവൂര്‍ വിജയനെന്ന രാഷ്ട്രീയ നേതാവ് ശ്രമിച്ചിരുന്നു. അറിയപെടുന്ന വാഗ്മിയായിരുന്നു. നര്‍മ്മം കലര്‍ത്തിയുള്ള രാഷ്ട്രീയ പ്രസംഗങ്ങളിലുടെ ശ്രോതാക്കളെ പിടിച്ചിരുത്താന്‍ ഏറെ ചാതുര്യമുണ്ടായിരുന്നു.

ഉഴവൂര്‍ കാരംകുന്നേല്‍ വീട്ടില്‍ ഗോപാലന്‍ കമല ദമ്പതികളുടെ മകനായി 1952 മാര്‍ച്ച് 20നാണ് ഉഴവൂര്‍ വിജയന്റെ ജനനം. കുറിച്ചിത്താനം സ്വദേശി ആണെങ്കിലും ദീര്‍ഘകാലമായി പാലായിലാണ് താമസം. സെന്റ് സ്റ്റീഫന്‍ കോളേജിലെ പഠനകാലത്തടക്കം സജീവ കെഎസ് യു പ്രവര്‍ത്തകനായിരുന്ന ഉഴവൂര്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല പ്രസിഡന്റുമായി. പിന്നീട്, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് എ കെ ആന്റണി. കടന്നപ്പള്ളി രാമചന്ദ്രന്‍  എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് എസ്സിലേക്ക് ചേക്കേറി. എന്നാല്‍ നേതാക്കള്‍ തിരികെ മടങ്ങിയിട്ടും ഉഴവൂര്‍ കോണ്‍ഗ്രസ് എസ്സില്‍തന്നെ തുടര്‍ന്നു. പിന്നീട് 99ല്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍   ശരത് പവാറിനൊപ്പം എന്‍സിപിയുടെ ഭാഗമായി.

രണ്ട് തവണ കോട്ടയം ജില്ലകൌെണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉഴവൂര്‍ 2001 കെഎം മാണിക്കെതിരെ പാലാ മണ്ഡലത്തിലനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.  വികലാംഗ ക്ഷേമപെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ലാണ് എന്‍സിപി സംസ്ഥാനഅധ്യക്ഷനായി തിരഞ്ഞെടുന്നത്. നേതൃത്വത്തില്‍ സജീവമായി തുടരുന്നതിനിടെയാണ് ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി രാജീവ്, എന്‍സിപി നേതാക്കളായ എ കെ ശശീന്ദ്രന്‍ എംഎല്‍എ, പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. മക്കള്‍: വന്ദന, വര്‍ഷ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top