മംഗളൂരു > മതസൌഹാര്‍ദവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കി മംഗളൂരുവില്‍ സിപിഐ എമ്മിന്റെ ഉജ്വല റാലി. സംഘപരിവാര്‍ നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കും ഭീഷണിയും കണക്കിലെടുക്കാതെ ആയിരങ്ങള്‍ കരാവലി ഐക്യത റാലിയില്‍ അണിനിരന്നു.
മതസൌഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന പ്രഖ്യാപനവുമായി നെഹ്റു മൈതാനിയിലേക്ക് എത്തിയ ജനസഞ്ചയം സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ ഉജ്ജ്വല ജനകീയ പ്രതികരണമായി. മംഗളൂരുവില്‍ കാലുകുത്തിക്കില്ലെന്ന സംഘപരിവാറിന്റെ ഭീഷണി തൃണവല്‍ഗണിച്ച മതനിരപേക്ഷതയുടെ കാവല്‍ഭടനും ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ സാന്നിധ്യം കന്നഡമണ്ണിന്ആവേശത്തിന്റെ പുതുചരിതമായി.
വര്‍ഗീയതയെയും തീവ്രവാദത്തെയും തുളുനാട്ടില്‍നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനംകൂടിയായ റാലി ജാതീയതയും അഴിമതിയും ആഭരണമാക്കിയ ബിജെപിക്കും കോണ്‍ഗ്രസിനും ശക്തമായ മുന്നറിയിപ്പായി. മലയാളവും കന്നഡയും തുളുവും ബ്യാരിയുമെല്ലാം കൈകോര്‍ത്ത മംഗളൂരു നഗരത്തില്‍ സിപിഐ എം സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉണരുന്ന കര്‍ണാടകത്തിന്റെ പരിച്ഛേദം കൂടിയാവുകയായിരുന്നു. ദക്ഷിണകാനറ, ഉഡുപ്പി ജില്ലകളില്‍നിന്ന് ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടിക്കൂറയായ ചെമ്പതാകയേന്തി കുട്ടികളും സ്ത്രീകളുമടക്കം പങ്കെടുത്തു. ബന്ദ് ആഹ്വാനംചെയ്ത് റാലി പൊളിക്കാനുള്ള സംഘപരിവാറിന്റെ നീക്കം ജനം തള്ളി. റാലി ജ്യോതി സര്‍ക്കിളില്‍നിന്ന് ആരംഭിച്ച് നഗരം ചുറ്റി പൊതുസമ്മേളനവേദിയായ നെഹ്റു മൈതാനിയില്‍ സമാപിച്ചു. ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു.
പൊതുസമ്മേളനം പിണറായി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സിപിഐ എം എന്നും മുന്‍പന്തിയിലുണ്ടാകുമെന്നുമുള്ള പിണറായി വിജയന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ ജനം എതിരേറ്റു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ ബാലകൃഷ്ണഷെട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി, വി ജെ കെ നായര്‍, സിപിഐ മംഗളൂരു ജില്ലാ സെക്രട്ടറി ബി എന്‍ കുക്കേന്‍, വസന്ത് ആചാരി എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ ബജാല്‍ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..