29 December Sunday

'ആര്‍എസ്എസിനെ നേരിട്ടാണ് ഇതുവരെ വന്നത്; മുഖ്യമന്ത്രി കസേരയിലേക്ക് പൊട്ടിവീണതല്ല'- പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2017

മംഗളൂരു > ഐക്യതാ റാലിയില്‍ പങ്കെടുക്കാന്‍ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയ ആര്‍എസ്എസിനും ബിജെപിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. മുഖ്യമന്ത്രി കസേരയിലേക്ക് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. ആര്‍എസ്എസിനെ കണ്ടും നേരിട്ടുമാണ് വന്നതെന്ന് ഓര്‍ക്കണമെന്ന് പിണറായി പറഞ്ഞു.

'ഒരു കാലം ബ്രണ്ണന്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഞാന്‍, ആര്‍എസ്എസുകാരുടെ ഊരിപ്പിടിച്ച കത്തിക്കും വടിവാളിനും നടുവിലൂടെയാണ് നടന്നുവന്നത്. അന്ന് ചെയ്യാതിരുന്ന എന്താണ് ഇന്ന് നിങ്ങളെന്നെ ചെയ്യാന്‍ പോകുന്നത്'. - പിണറായി ചോദിച്ചു.

മുഖ്യമന്ത്രി ആയശേഷമാണ് എനിക്ക് ചുറ്റും പൊലീസും ആയുധവും സംരക്ഷണമൊരുക്കുന്നത്. അത് ഭരണ സംവിധാനം പിന്തുടരുന്ന രീതിയാണ്. അതുകൊണ്ടു തന്നെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതും. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനായിരുന്നുവെങ്കില്‍ ഇന്ദ്രനോ ചന്ദ്രനോ  തടയാനാവില്ല. അത് മനസിലാക്കണം.

ഇവിടെ മറ്റാരേയും കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസിന്റെ ധാര്‍ഷ്ട്യത്തിനെതിരായ നിലപാടാണ് മതനിരപേക്ഷ സമൂഹം സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നനിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയ്ക്കുനേരെ ആര്‍എസ്എസ് ഉയര്‍ത്തിയ  ഭീഷണി നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച് ധീരമായ നിലപാടിന് നന്ദി അറിയിക്കുന്നതായി പിണറായി പറഞ്ഞു. മതസൌഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിച്ച ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തില്‍നിന്ന് :

വെല്ലുവിളിച്ച ആര്‍.എസ്.എസുകാരോട്പറയാനുള്ളത്...

പിണറായി വിജയനെന്ന ഞാന്‍ ഒരു ദിവസം രാവിലെ മുഖ്യമന്ത്രിക്കസേരയില്‍ ആകാശത്ത് നിന്ന്പൊട്ടിവീണ് ഇരുന്നയാളല്ല...

നിങ്ങളെ നേരിട്ടറിയാത്തയാളുമല്ല...ആരെ... ആര്‍.എസ്.എസിനെ...നിങ്ങളെ കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും തന്നെയാണ് എന്റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം..

ഇപ്പൊ പോലീസിന്റെ കൈയ്യിലുള്ള ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നതെന്ന് പറയുമ്പോ,

ഒരു കാലം ബ്രണ്ണന്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ കാലം ആ കാലം ഈ പറയുന്ന ആര്‍.എസ്.എസുകാര്‍ക്കറിയില്ലെങ്കില്‍ പഴയ ആര്‍.എസ്.എസുകാരോട് ചോദിക്കണം...

അന്ന് നിങ്ങളുടെ കൈയ്യിലുള്ള ഊരിപ്പിടിച്ച കത്തിയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളുടേയും നടുവിലൂടെ ഞാന്‍ നടന്ന് പോയിട്ടുണ്ട്... അന്ന് നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത കൂട്ടര്‍.. ഇന്ന് എന്ത് ചെയ്യുമെന്നാ ഈ പറയുന്നത്...

മധ്യപ്രദേശിലെ യാത്ര തടഞ്ഞതിനെപറ്റി നിങ്ങള്‍ പറയുന്നുണ്ട്... ഒരു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയ്ക്ക് ഒരു സംസ്ഥാനത്ത് ഞാന്‍ ചെല്ലുമ്പൊ ആ സംസ്ഥാനത്തിലെ ഗവണ്മെന്റ് പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നുള്ളത് ഒരു മര്യാദയാണ്... ഒരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്... മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഇന്ദ്രനോ ചന്ദ്രനോ എന്നെ തടയാനാവില്ല.... അതുകൊണ്ട് വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top