27 December Friday

നിര്‍ദിഷ്ട ബാങ്കിങ് ബില്‍ : നിക്ഷേപകര്‍ക്കെതിരായ കടന്നാക്രമണം: പിബി

എം പ്രശാന്ത്Updated: Monday Dec 11, 2017

 

ന്യൂഡല്‍ഹി > രാജ്യത്തെ കോടിക്കണക്കായ ബാങ്ക് നിക്ഷേപകരുടെ ആജീവനാന്ത സമ്പാദ്യം അപകടത്തിലാക്കുംവിധം മോഡി സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്ആര്‍ഡിഐ ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ എം. മറ്റു രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം പിന്തുണ ഇക്കാര്യത്തില്‍ തേടുമെന്നും സിപിഐ എം വ്യക്തമാക്കി. രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗമാണ് ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്ലിനെ ശക്തമായി ചെറുക്കാനുള്ള തീരുമാനമെടുത്തത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍തന്നെ ബില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് മോഡിസര്‍ക്കാര്‍. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള കോടിക്കണക്കായ സാധാരണ നിക്ഷേപകര്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്. നിക്ഷേപകരുടെ ചെലവില്‍ തങ്ങളുടെ മോശം സാമ്പത്തികാവസ്ഥ മറികടക്കാന്‍ ബാങ്കുകളെയും ധനസ്ഥാപനങ്ങളെയും സഹായിക്കുകമാത്രമാണ് ബില്ലിന്റെ ലക്ഷ്യം. ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വലിയ തുകയുടെ വായ്പ തിരിച്ചുകിട്ടാത്ത സാഹചര്യമാണുള്ളത്. ഈ നഷ്ടം കോടിക്കണക്കായ നിക്ഷേപകരുടെ സമ്പാദ്യത്തിലൂടെ കണ്ടെത്താനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നത്.

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നിര്‍ദേശപ്രകാരമാണ് ബില്‍. 2008ല്‍ സംഭവിച്ചതുപോലെയുള്ള ആഗോള സാമ്പത്തികമാന്ദ്യം ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ പുറമെനിന്ന് സഹായം (ബെയില്‍ ഔട്ട്) തേടുന്നതിനുപകരം ഉള്ളില്‍നിന്നുതന്നെ പരിഹാരം (ബെയില്‍ ഇന്‍) കണ്ടെത്താനാകുന്ന ഒരു പ്രക്രിയ ബാങ്കുകളും ധനസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഉപദേശം. 2008ലെ പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്കും ധനസ്ഥാപനങ്ങള്‍ക്കുമായി വന്‍ ബെയില്‍ഔട്ട് പാക്കേജുകള്‍ നല്‍കിയിരുന്നു. ഇത് കോര്‍പറേറ്റ് പാപ്പരത്തത്തെ സര്‍ക്കാര്‍ പാപ്പരത്തമാക്കി മാറ്റി. ഇത് ആഗോള മുതലാളിത്തത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ ഇപ്പോഴും ചൂഴ്ന്നുനില്‍ക്കുകയാണ്.

രാജ്യത്തെ ഏതെങ്കിലുമൊരു ബാങ്ക് തകര്‍ച്ചയെ അഭിമുഖീകരിച്ചാല്‍ എഫ്ആര്‍ഡിഐപ്രകാരം മൂന്നു നടപടികള്‍ സ്വീകരിക്കാനാകും. ഒന്ന്, തകര്‍ച്ചയെ നേരിടുന്ന ബാങ്കിനെ വിദേശ കോര്‍പറേറ്റുകള്‍ക്കടക്കം മറ്റേതെങ്കിലും ധനയിടപാട് സ്ഥാപനത്തിന് വില്‍ക്കുക. രണ്ട്, കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നിര്‍ദേശിക്കുന്ന ബാങ്കുകളുടെ ലയനത്തിനുസമാനമായി ഒരു രക്ഷപ്പെടുത്തല്‍ (ബ്രിഡ്്ജ്) സ്ഥാപനത്തിന്റെ രൂപീകരണം. മൂന്ന്, നിക്ഷേപകരുടെ പണത്തെ ആശ്രയിച്ചുള്ള 'ബെയില്‍ ഇന്‍' പ്രക്രിയക്ക് തുടക്കമിടുക.
ബാങ്കിങ് മേഖലയുടെ മേല്‍നോട്ടം, നിയന്ത്രണം, രാജ്യത്തിന്റെ ധനസ്ഥിരത ഉറപ്പാക്കുംവിധം നാണ്യനയ രൂപീകരണം തുടങ്ങി ആര്‍ബിഐയുടെ നിലവിലെ ഉത്തരവാദിത്തങ്ങളിലും എഫ്ആര്‍ഡിഐ നിലവില്‍വന്നാല്‍ മാറ്റംവരും. ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുത്ത കോര്‍പറേറ്റുകളെയും അതിന്റെ ഭാഗമായി തകര്‍ച്ചയെ നേരിടുന്ന ബാങ്കുകളെയും ഒരേപോലെ സംരക്ഷിക്കുന്നതിനായി സാധാരണ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളാകും ബലികഴിക്കുക. നിക്ഷേപകരുടെ അനുമതിയില്ലാതെ അവരുടെ നിക്ഷേപവും മറ്റും തകര്‍ച്ചയെ നേരിടുന്ന ബാങ്കിന്റെ പുനര്‍ മൂലധനവല്‍ക്കരണത്തിനായി ഉപയോഗിക്കാനുള്ള അധികാരമാണ് ബില്ലിലൂടെ ലഭിക്കുന്നത്. നിക്ഷേപകരുടെ പണം സംരക്ഷിക്കുമെന്ന് ഒരു ഉറപ്പുമുണ്ടാകില്ല- പിബി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top