ന്യൂഡൽഹി > ബാങ്ക് വായ‌്‌പാതട്ടിപ്പ‌് നടത്തി നൈജീരിയയിലേക്ക് മുങ്ങിയ സ്റ്റെർലിങ് ഗ്രൂപ്പ് ഉടമ നിതിൻ സന്ദേസരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം ബിജെപിയിലെ ഉന്നതരുമായി അടുത്ത ബന്ധം. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെയാണ് സന്ദേസരയുടെ കമ്പനി വൻ കുതിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ ഭാഗമായി നൂറുകണക്കിന് ഹെക്ടർ ഗുജറാത്ത് സർക്കാർ സബ്സിഡി നിരക്കിൽ സ്റ്റെർലിങ് ഗ്രൂപ്പിന് കൈമാറി. വൻതോതിൽ സാമ്പത്തിക ഇളവുകളും നൽകി.ചാർട്ടേർഡ് അക്കൗണ്ടന്റായ സന്ദേസര 1985 ലാണ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്. ‘സ്റ്റെർലിങ് ടീ' സ്ഥാപിച്ച് തേയിലത്തോട്ടങ്ങൾ വാങ്ങിയായിരുന്നു തുടക്കം. സഹോദരൻ ചേതനും പങ്കാളിയായി. പിന്നീട് മരുന്ന‌്, ആരോഗ്യസംരക്ഷണം, എണ്ണ, പ്രകൃതിവാതകം, എൻജിനിയറിങ് തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞു.
മോഡി മുഖ്യമന്ത്രിയായശേഷം 2003ൽ സംഘടിപ്പിച്ച ‘വൈബ്രന്റ് ഗുജറാത്ത്' സമ്മേളനത്തിൽ സ്റ്റെർലിങ് ഗ്രൂപ്പ് നിർണായക പങ്ക് വഹിച്ചു. 2007ലെ ഉച്ചകോടിയിൽ ബറൂച്ചിലെ ജാംബുസറിൽ പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കാൻ 20,000 കോടി രൂപയുടെ ധാരണപത്രത്തിൽ ഒപ്പിട്ടു. മോഡിയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. 2009ലെ ‘വൈബ്രന്റ് ഗുജറാത്തി’ൽ 15,000 കോടിയുടെയും 2013ൽ 30,000 കോടി രൂപയുടെ പദ്ധതികൾക്കും കരാർ ഒപ്പിട്ടു.
മോഡി പ്രധാനമന്ത്രിയായശേഷം സ്റ്റെർലിങ് ഗ്രൂപ്പ് വിദേശരാജ്യങ്ങളിലേക്കും ബിസിനസ‌് വ്യാപിപ്പിച്ചു. നൈജീരിയയിൽ എണ്ണ ഖനനത്തിനായി 2015 ൽ 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. ഒപെക‌് രാജ്യങ്ങളിൽ എണ്ണപര്യവേക്ഷണം നടത്തുന്ന ഏക ഇന്ത്യൻ കമ്പനിയായി ഇതോടെ സ്റ്റെർലിങ് മാറി. ഗുജറാത്തിലെ ദാഹെജിൽ തുറമുഖ നിർമാണത്തിനായി 2015 ജൂണിൽ ഗുജറാത്ത് സർക്കാർ സ്റ്റെർലിങ് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. കരാർപ്രകാരം 30 വർഷത്തെ ഇളവാണ് സ്റ്റെർലിങ് ഗ്രൂപ്പിന് സർക്കാർ അനുവദിച്ചത്.
2010 മുതലാണ് ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്തിയുള്ള തട്ടിപ്പിന് ഗ്രൂപ്പ് തുടക്കമിട്ടത്. ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽനിന്ന് 5330 കോടി രൂപയുടെ വായ്പയാണ് സന്ദേസര തരപ്പെടുത്തിയത്. ഉന്നത രാഷ്ട്രീയബന്ധങ്ങൾ വായ്പ നേടാൻ സഹായമായി. തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെ 2016 ഡിസംബറിലാണ് കേസെടുത്തത്. സിബിഐയും ഇഡിയും സ്റ്റെർലിങ് ഗ്രൂപ്പിനെതിരായി അന്വേഷണം നടത്തുന്നുണ്ട്. വായ്പകളിലൂടെ ലഭിച്ച പണം വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനികളിലേക്ക് മാറ്റിയ സന്ദേസരയും കുടുംബവും തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..