29 December Sunday

ഗുര്‍മെഹറിന്റെ പ്രതിഷേധം : ക്യാമ്പസുകള്‍ ഏറ്റെടുക്കുന്നു

എം അഖില്‍Updated: Wednesday Mar 1, 2017


ന്യൂഡല്‍ഹി > തീവ്ര ഹിന്ദുത്വശക്തികളുടെ കടന്നാക്രമണത്തിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ തുടങ്ങിവച്ച സമരം രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഏറ്റെടുക്കുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ച എബിവിപിക്കാര്‍ക്കും ആര്‍എസ്എസുകാര്‍ക്കും എതിരെ കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകള്‍ ഗുര്‍മെഹര്‍ കൌര്‍ തുടങ്ങിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എംപി, ജെഡിയു നേതാവ് കെ സി ത്യാഗി, വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എബിവിപിയുടെ വിദ്യാര്‍ഥിവേട്ട പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന്  യെച്ചൂരി പറഞ്ഞു. എബിവിപി ആക്രമണത്തിനെതിരെ വിദ്യാര്‍ഥികൂട്ടായ്മ ശക്തമാക്കുക, അക്കാദമിക് സ്വാതന്ത്യ്രവും സംവാദത്തിനുള്ള അവകാശവും സംരക്ഷിക്കുക, സര്‍വകലാശാലകളിലെ ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചുള്ള സമരത്തില്‍ എസ്എഫ്ഐ, ഐസ, എഐഎസ്എഫ് തുടങ്ങിയ സംഘടനകള്‍ അണിനിരന്നു.

അതേസമയം, എബിവിപി ആക്രമണത്തില്‍, ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ പ്രശാന്ത് ചക്രവര്‍ത്തി ആശുപത്രിയിലാണ്.  ദേശീയ മനുഷ്യാവകാശ കമീഷന്‍ എബിവിപി ആക്രമണം സംബന്ധിച്ച് ഡല്‍ഹി പൊലീസില്‍നിന്ന് വിശദീകരണം തേടി.

പിന്തിരിപ്പന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം: യെച്ചൂരി
ന്യൂഡല്‍ഹി > പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ അവഹേളിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നീക്കം അപലപനീയമാണെന്നും യെച്ചൂരി ട്വിറ്ററില്‍ പ്രതികരിച്ചു.

രാജ്യത്തെ നീതിയും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍, 20 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവരെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാകില്ല. സംഘപരിവാറിന് സ്വന്തം ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. ആയുധം ഉപയോഗിച്ച് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. സൈനികര്‍ മരിക്കുമ്പോള്‍ ഇടതുപക്ഷക്കാര്‍ ആഹ്ളാദിക്കുകയാണെന്ന റിജിജുവിന്റെ പരാമര്‍ശത്തെയും യെച്ചൂരി വിമര്‍ശിച്ചു. മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, ആരാണ് മധുരപലഹാരം വിതരണം ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും യെച്ചൂരി പ്രതികരിച്ചു.

എബിവിപി നേതാവിന്റെ പീഡനക്കേസും സമൂഹമാധ്യമങ്ങളില്‍  സജീവം
ന്യൂഡല്‍ഹി > ബിജെപി ദേശീയ എക്സ്ക്യൂട്ടീവ് അംഗം വിജയ് ജോളിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തതിന് പിന്നാലെ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മുന്‍ എബിവിപി നേതാവിന്റെ സ്ത്രീധനപീഡനക്കേസും സമൂഹ മാധ്യമങ്ങളില്‍ സജീവചര്‍ച്ചയായി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് സതീന്ദര്‍ അവാനയ്ക്കും ബന്ധുക്കള്‍ക്കും എതിരെ നോയിഡ പൊലീസ് നേരത്തേ സ്ത്രീധനപീഡനത്തിന് കേസെടുത്തിരുന്നു. ഈ കേസാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായത്. സതീന്ദറിന്റെ അടുത്തബന്ധുവിന്റെ ഭാര്യയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി അതിക്രമത്തിനെതിരെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൌറിനെ ബലാത്സംഗത്തിനിരയാക്കുമെന്ന് എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയയതിനു പിന്നാലെയുള്ള ഈ സംഭവങ്ങള്‍ സംഘപരിവാറിനെ പ്രതിരോധത്തിലാക്കി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top