ന്യൂഡല്‍ഹി> എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെരിപ്പുരിയടിച്ച ശിവസേന എം പി രവീന്ദ്ര ഗെയ്ക്‌വാദിന് എയര്‍ലൈന്‍സ് അസോസിയേഷന്റെ വിലക്ക്. എയര്‍ഇന്ത്യക്കുപുറമെ ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളും രംഗത്തെത്തി. ഇവര്‍ അംഗങ്ങളായ 'ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാ'ണ് എംപിക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, മോശമായി പെരുമാറിയ ശിവസേന എംപിക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. അതിനിടെ, രവീന്ദ്ര ഗെയ്ക് വാദിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയുണ്ടായേക്കുമെന്ന സൂചനയും ശക്തമാണ്. എംപിയെ മുംബൈയിലെ ശിവസേന ആസ്ഥാനത്തേക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിളിച്ചുവരുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്പനി നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. പൂണെ ഡല്‍ഹി എ 1852 വിമാനത്തില്‍ എംപി ഓപ്പണ്‍ ബിസിനസ് ക്ളാസ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ളാസ് മാത്രമുള്ള വിമാനമാണ് വ്യാഴാഴ്ച സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് അവര്‍ മറുപടി നല്‍കിയിരുന്നതായുമാണ് എയര്‍ഇന്ത്യ പറയുന്നത്.
എന്നാല്‍ പൂണെയില്‍ നിന്നും കയറിയ എംപി ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയ ഡ്യൂട്ടി മാനേജര്‍ ആര്‍ സുകുമാറിനെയാണ് എംപി ചെരുപ്പൂരി അടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..