ന്യൂഡല്‍ഹി > ദേശീയപാതയോരത്തെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധിയിലൂടെ സമ്പൂര്‍ണ മദ്യനിരോധനമല്ല ലക്ഷ്യമിട്ടതെന്ന് സുപ്രീംകോടതി. മദ്യവില്‍പ്പനയിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന റവന്യൂവരുമാനം നഷ്ടപ്പെടുത്തണമെന്ന് കോടതിക്ക് അഭിപ്രായമില്ല. ഇക്കാര്യത്തില്‍ സന്തുലിതമായ വിധി പുറപ്പെടുവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാനപാതകളുടെ അതിരുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇത് അവര്‍ക്ക് വിനിയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മദ്യത്തേക്കാള്‍ പ്രാധാന്യം മനുഷ്യജീവനുണ്ടെന്നാണ് കോടതി കരുതുന്നത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നത് ഗുരുതരപ്രശ്നമാണ്. മരിച്ചവരുടെ കുടുംബത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. വരുമാനസ്രോതസ്സായ ഏകവ്യക്തി മരിച്ചാല്‍ കുടുംബം അനാഥമാകുകയല്ലേയെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവുവും ഡി വൈ ചന്ദ്രചൂഡും അംഗങ്ങളായ ബെഞ്ച് ആരാഞ്ഞു. കേസില്‍ വ്യാഴാഴ്ചയും വാദം കേള്‍ക്കും.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന്് സുപ്രീംകോടതി കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. മദ്യപിച്ചുള്ള ഡ്രൈവിങ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒഴിവാക്കാന്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളിലുള്ള മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ പൂട്ടണമെന്നാണ് ചീഫ് ജസ്റ്റിസായിരുന്ന ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവില്‍ വ്യക്തതയില്ലെന്നും വിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട്, തെലങ്കാന, അസം തുടങ്ങിയ സംസ്ഥാനങ്ങളും കേരള ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും മറ്റും കോടതിയെ സമീപിച്ചത്.
ഏപ്രില്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതിവിധി. ഹര്‍ജികളില്‍ അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, മുതിര്‍ന്ന അഭിഭാഷകരായ രാജീവ്ധവാന്‍, മനു അഭിഷേക് സിങ്വി തുടങ്ങിയവര്‍ വാദിച്ചു. ദേശീയപാതയോരങ്ങളില്‍ മദ്യപാനംമൂലമാണ് അപകടം വര്‍ധിക്കുന്നതെന്ന വസ്തുനിഷ്ഠമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ നിരോധിച്ചത്. ദേശീയപാതയോരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളും ബാറുകളുംമറ്റും ഈ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. ഉത്തരവ് നടപ്പാക്കിയാല്‍, ബിവറേജസ് കോര്‍പറേഷന്റെ 270 ഔട്ട്ലെറ്റുകളില്‍ 170 എണ്ണവും കണ്‍സ്യൂമര്‍ഫെഡിന്റെ 39 മദ്യവില്‍പ്പനശാലകളും മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ രാജു രാമചന്ദ്രനും പി വി ദിനേശും ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..