21 November Thursday
ഡല്‍ഹി സര്‍വകലാശാലയില്‍ ആക്രമണം

സംഘപരിവാറിനെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

എം അഖില്‍Updated: Sunday Feb 26, 2017

ന്യൂഡല്‍ഹി > ഡല്‍ഹി സര്‍വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട എബിവിപിക്കും ആര്‍എസ്എസിനും എതിരെ കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍ രംഗത്ത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളും ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയുമായ ഗുര്‍മെഹര്‍ കൌറിന്റെ ഓണ്‍ലൈന്‍ പ്രതിഷേധപ്രകടനമാണ് രാജ്യശ്രദ്ധ നേടിയത്. 'ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്. എബിവിപിയെ ഞാന്‍ പേടിക്കുന്നില്ല. ഞാന്‍ ഒറ്റയ്ക്കല്ല. ഈ കാര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്'- എന്ന ഗുര്‍മെഹറിന്റെ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

എബിവിപിയെ ഭയക്കുന്നില്ലെന്ന സന്ദേശം കുറിച്ചിട്ട പ്ളക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയ ഗുര്‍മെഹര്‍ സുഹൃത്തുക്കളോടും സഹപാഠികളോടും ഈ പ്രചാരണത്തില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കെതിരായ ഗുര്‍മെഹറിന്റെ പോരാട്ടം മാതൃകാപരമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ജലന്ധര്‍ സ്വദേശിനിയായ ഗുര്‍മെഹറിന്റെ അച്ഛന്‍ കാര്‍ഗില്‍  ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ക്ക് രണ്ടുവയസ്സായിരുന്നു. ഗുര്‍മെഹറിന്റെ ഓണ്‍ലൈന്‍ പ്രചാരണം ജെഎന്‍യു, ജാമിയമിലിയ, പഞ്ചാബ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഡല്‍ഹി സര്‍വകലാശാലയിലെ നിരപരാധികളായ കുട്ടികള്‍ക്കു നേരെയുള്ള എബിവിപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണം തികഞ്ഞ കാടത്തമാണെന്നാണ് ഗുര്‍മെഹറിന്റെ പ്രതികരണം. തങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുക മാത്രമല്ല അക്രമകാരികളുടെ ലക്ഷ്യം. മറിച്ച് സ്വാതന്ത്ര-ജനാധിപത്യ-മതേതരത്വ കാഴ്ചപ്പാടുകളെ പൂര്‍ണമായും തകര്‍ക്കുകയാണ് അജന്‍ഡ. പൌരന്മാരുടെ അവകാശങ്ങളെ നിഷേധിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്? അവര്‍ വലിച്ചെറിഞ്ഞ കല്ലുകള്‍ ഞങ്ങളുടെ ശരീരങ്ങളെ മുറിപ്പെടുത്തിയേക്കാം; പക്ഷേ, ഞങ്ങളുടെ ആശയങ്ങളെ മുറിപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കില്ല. തങ്ങള്‍ക്കെതിരായ പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് സര്‍വകലാശാലയില്‍ നിലനില്‍ക്കുന്നത്.

രാഷ്ട്രീയ പാര്‍ടികളുടെ ശക്തിപ്രകടനമല്ല ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്നത്. മറിച്ച്, ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കാത്ത ഒരു വിദ്യാര്‍ഥി സംഘടന ഹിംസാത്മകമായി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യമാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതുഇടമാണ് ക്യാമ്പസുകള്‍. അതിനെ ഒരുകൂട്ടം തെമ്മാടികളുടെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല- ഗുര്‍മെഹര്‍ ഇ-മെയിലില്‍ പ്രതികരിച്ചു. വീഡിയോ 20 ലക്ഷത്തോളം ആളുകളാണ് കണ്ടത്.

ജെഎന്‍യുവിലെ വിദ്യാര്‍ഥിസംഘടനാനേതാക്കളെ ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി എബിവിപി, ആര്‍എസ്്എസ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top