27 December Friday

രാജസ്ഥാനിൽ ബിജെപി സർക്കാരിനെതിരെ വമ്പിച്ച കർഷകമുന്നേറ്റം; അംറാ റാം ഉൾപ്പെടെ അഞ്ഞൂറോളം പേർ അന്യായതടങ്കലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 22, 2018

ന്യൂഡൽഹി > ബിജെപി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്‌ രാജസ്ഥാൻ നിയമസഭയിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച കർഷകരെ വിവിധയിടങ്ങളിലായി പൊലീസ്‌ തടഞ്ഞു. പ്രക്ഷോഭത്തെ നേരിടുന്നതിനായി കിസാൻ സഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അംറാ റാമുൾപ്പെടെ അഞ്ഞൂറോളം പേരെ അന്യായമായി തുറുങ്കിലടച്ചിരിക്കുകയാണ്‌.

കിസാൻ സഭ ആഹ്വാനം ചെയ്‌ത മഹാസത്യഗ്രഹത്തിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ജയ്‌പുരിലെത്തിയവരെയാണ്‌ പൊലീസ്‌ തടഞ്ഞത്‌. തുടർന്ന്‌ കർഷകർ അതാതു സ്ഥലങ്ങളിൽ തന്നെ റോഡിൽ ഉപരോധിച്ച്‌ ധർണ നടത്തി. അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ്‌ അശോക്‌ ധവാളെ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ എന്നിവർ കർഷകരെ അഭിസംബോധന ചെയ്‌തു.

കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധവാളെ കർഷകരെ അഭിസംബോധന ചെയ്യുന്നു

കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധവാളെ കർഷകരെ അഭിസംബോധന ചെയ്യുന്നു



വസുന്ധര രാജെ സർക്കാരിന്റെയും സംഘപരിവാറിന്റെയും അടിച്ചമർത്തലും ഭീഷണിയും വകവയ്ക്കാതെയാണ്‌  രാജസ്ഥാനിൽ കർഷകപ്രക്ഷോഭം മുന്നോട്ട് പോകുന്നത്‌. പ്രക്ഷോഭത്തിനായി ജയ്‌പുരിലേക്ക്‌ പുറപ്പെടുന്നതിനുമുൻപു തന്നെ നിരവധി കർഷകരെയും പൊലീസിനെ ഉപയോഗിച്ച്‌ തടഞ്ഞു. ജയ്‌പുരിൽ എത്തിച്ചേർന്നവരെയും നഗരത്തിനുള്ളിലേക്ക്‌ പ്രവേശിക്കാൻ അനുവദിക്കാതെ ദേശീയപാതയിൽവച്ചു തന്നെ പൊലീസ്‌ തടഞ്ഞു. 

ഇത്രയെല്ലാം ചെയ്‌തിട്ടും പ്രക്ഷോഭത്തെ തളർത്താൻ ബിജെപി സർക്കാരിന് സാധിക്കുന്നില്ല. ആയിരക്കണക്കിന്‌ കർഷകരാണ്‌ വിവിധയിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്‌.

മഹാസത്യാഗ്രഹത്തിനെത്തിയ കർഷകർ

മഹാസത്യാഗ്രഹത്തിനെത്തിയ കർഷകർ



കിസാൻ സഭാ നേതാവ്‌ അംറാ റാം ഉൾപ്പെടെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന എല്ലാവരെയും വിട്ടയക്കണമെന്നും കർഷകരുടെ ആവശ്യങ്ങൾ സംബന്ധിച്ച സർക്കാർ ചർച്ചക്ക്‌ തയ്യാറാകണമെന്നും കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. അശോക്‌ ധവാളെ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം രാജസ്ഥാൻ  ഇന്നുവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച പ്രക്ഷോഭത്തിന്‌ കിസാൻ സഭ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ കർഷകരെ അഭിസംബോധന ചെയ്യുന്നു

കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ കർഷകരെ അഭിസംബോധന ചെയ്യുന്നു



കഴിഞ്ഞവർഷം സിക്കറിൽ നിന്നാരംഭിച്ച കർഷകസമരത്തെ തുടർന്നുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ സമരം. കർഷകരുടെ 50,000 രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളുക, നിലക്കടല, ചെറുപയർ, ഉഴുന്ന് എന്നിവ ജില്ലാകേന്ദ്രങ്ങളിൽ സംഭരിക്കുക,  വൈദ്യുതി നിരക്കുവർധന പിൻവലിക്കുക,  പൊലീസ് അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സിക്കറിലെ പ്രക്ഷോഭം.

ആത്മഹത്യചെയ്യാനില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ തുടങ്ങിയ സമരം സർക്കാരിന്റെ അടിച്ചമർത്തൽശ്രമങ്ങളെ വെല്ലുവിളിച്ച് രണ്ടാഴ്ച നീണ്ടു. കലക്ടറേറ്റുകൾ വളഞ്ഞ കർഷകരെ നീക്കാൻ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുകയും ചെയ്തു.

സെപ്‌തംബറിൽ രാജസ്ഥാനിലെ സിക്കറിൽ നടന്ന കർഷകപ്രക്ഷോഭം

സെപ്‌തംബറിൽ രാജസ്ഥാനിലെ സിക്കറിൽ നടന്ന കർഷകപ്രക്ഷോഭം



ജില്ലാകേന്ദ്രങ്ങളിൽ ട്രാക്ടറുകളും കാളവണ്ടികളും നിരത്തി കർഷകർ സമരം ശക്തമാക്കി. സ്ത്രീകളടക്കം പതിനായിരക്കണക്കിനുപേർ സമരത്തിനൊപ്പം ചേർന്നു. ഗ്രാമങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, സിറ്റി ബസ് യൂണിയൻ ഓട്ടോറിക്ഷ യൂണിയൻ പ്രവർത്തകർ, ചെറുകിട കച്ചവടക്കാർ, ദളിത് ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവരെല്ലാം ഐക്യദാർഢ്യവുമായി രംഗത്തെത്തി.

ബിജെപിക്ക് പിന്തുണ നൽകിയിരുന്ന കർഷകരിൽ വലിയ വിഭാഗം, നേതൃത്വത്തെ നടുക്കിക്കൊണ്ട് പ്രക്ഷോഭത്തിൽ പങ്കുചേർന്നു. ഒടുവിൽ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി. എട്ടുലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുന്ന കരാറാണ് സമരത്തിന്റെ ഫലമായി രൂപംകൊണ്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും കരാർ നടപ്പാക്കാൻ തയ്യാറാകാതെ സർക്കാർ ഉരുണ്ടുകളി തുടരുന്ന സാഹചര്യത്തിലാണ് കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top