ജയ്പുര്‍ > രാജസ്ഥാനില്‍ സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്ന് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു. രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സര്‍ മതുരയിലെ സ്വകാര്യ സ്കൂള്‍വിദ്യാര്‍ഥിനിയെയാണ് ചുട്ടുകൊന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ബനായ് സിങ്, അമ്മാവന്‍ ഉദയ് സിങ്, അമ്മായി ഗീതാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബനായ് സിങ്ങിനെയും ഉദയ്സിങ്ങിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഗീതാദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
ഡിസംബര്‍ പത്തിന് രഘുവീര്‍പുര ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തിന് കുടുംബം എതിരായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. ബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് ഉറപ്പായതോടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് വെടിവച്ചശേഷം സമീപത്തെ ശ്മശാനത്തില്‍ കൊണ്ടുപോയി ചുട്ടുകൊന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ കുടുംബത്തിലെ മറ്റ് നാലുപേര്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചുവരികയാണ്.
സംഭവസ്ഥലത്തുനിന്ന് രക്തംകുതിര്‍ന്ന വസ്ത്രവും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. അച്ഛനും അമ്മാവനും ക്രിമിനല്‍പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ സമാനമായ സംഭവത്തില്‍ പ്രതികളായ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. 2016ല്‍ ഉദുമല്‍പേട്ടിലാണ് പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ കൌസല്യയുടെ ഭര്‍ത്താവ് ശങ്കറിനെ അച്ഛന്‍ ചിന്നസ്വാമിയും സംഘവും ചേര്‍ന്ന് കൊന്നത്. കേസില്‍ ചിന്നസ്വാമിയടക്കം ആറുപേരെയാണ്് വധശിക്ഷയ്ക്ക് വിധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..