ന്യൂഡല്‍ഹി > എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ ആര് മന്ത്രിയാകണമെന്നത് എന്‍സിപി തീരുമാനിക്കേണ്ട കാര്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജിവച്ചത് എന്‍സിപിയുടെ മന്ത്രിയാണ്. അതിനാല്‍ അവരാണ് തീരുമാനമെടുക്കേണ്ടത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വരുംവരെ കാക്കണോ വേണ്ടയോ എന്നത് എന്‍സിപിയാണ് തീരുമാനിക്കേണ്ടത്.
സിപിഐ എം കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. തേന്‍കെണി മാധ്യമപ്രവര്‍ത്തനം അങ്ങേയറ്റം അസ്വസ്ഥകരമാണ്. ഒരു വ്യക്തിയെ തേജോവധംചെയ്യാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിലഷണീയമാണോയെന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. സമൂഹസൃഷ്ടിയില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാലത് ദുരുപയോഗപ്പെടുത്തരുത്- യെച്ചൂരി പറഞ്ഞു.
ഗോവയില്‍ ബിജെപിക്ക് പിന്തുണ നല്‍കിയ എംഎല്‍എയ്ക്കെതിരെ നടപടി എടുത്തതായാണ് എന്‍സിപി ദേശീയനേതൃത്വം അറിയിച്ചിട്ടുള്ളത്. എന്‍സിപി കാലങ്ങളായി കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയാണ്. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ബിജെപിബന്ധം അവരുടെ കേന്ദ്രനേതൃത്വംതന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രസക്തിയില്ല- യെച്ചൂരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..