27 December Friday

ആ സിംഹാസനത്തിൽ ഇനി മോഡ്രിച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

ലണ്ടൻ
ഒരു യുഗത്തിന് അന്ത്യം കുറിച്ചു ലുക്ക മോഡ്രിച്ച്. പതിറ്റാണ്ടായി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കുവച്ച ലോക ഫുട്ബോളർ ബഹുമതി മോഡ്രിച്ച് ഏറ്റുവാങ്ങി.

റഷ്യൻ ലോകകപ്പിൽ എല്ലാ പ്രവചനങ്ങളും തെറ്റിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. അവരുടെ ചരിത്രത്തിലെ ഏറ്റവും  വലിയ വിജയത്തിന്റെ ശിൽപി മധ്യനിരയിൽ നിറഞ്ഞുനിന്ന മോഡ്രിച്ചായിരുന്നു. കളിയുടെ ഗതി തിരിക്കാൻ മോഡ്രിച്ചിന് തനിച്ചുകഴിയുമെന്ന് ലോകകപ്പ് തെളിയിച്ചു. സെമിയിൽ ഇംഗ്ലണ്ടിന് മടക്കയാത്ര വിധിച്ച ക്രൊയേഷ്യയുടെ കേന്ദ്രസ്ഥാനത്ത് മോഡ്രിച്ചായിരുന്നു.

റയൽ മാഡ്രിഡിനെ ഹാട്രിക്കുൾപ്പെടെ നാല് തവണ ചാമ്പ്യൻസ് ലീഗിന് അധിപന്മാരാക്കിയപ്പോഴും മോഡ്രിച്ചിന് നിർണായക പങ്കുണ്ടായി. ശാരീരിക മികവിനേക്കാൾ തലച്ചോറുകൊണ്ട് കളിക്കും മോഡ്രിച്ച്. തീഷ്ണമായ ജീവിതാനുഭവത്തിൽ ഉരുകിത്തെളിഞ്ഞാണ് മോഡ്രിച്ച് മൈതാനത്ത് എത്തിയത്. ആട്ടിടയന്റെ മകനായി ജനിച്ചു. ബാല്യം കടന്നുപോയത് തീവ്രമായ ആഭ്യന്തരയുദ്ധത്തിനിടയിലൂടെ. സ്വന്തം നാട്ടിൽ അഭയാർഥിയായി മോഡ്രിച്ച് കഴിഞ്ഞു. തലയ്ക്കുമീതെ ഷെല്ലുകൾ പാഞ്ഞു. അത് മോഡ്രിച്ചിന്റെ കാലിന് ശക്തി പകർന്നു. പന്ത് മോഡ്രിച്ചിന്റെ കാലിൽ ഷെല്ലുകളായി പരിണമിച്ചു. സാഗ്രെബ് ടീമിലാണ് ആദ്യം കളിച്ചത്. അവിടെനിന്ന് പ്രീമിയർ ലീഗിൽ ടോട്ടനത്തിലെത്തി. നാല് സീസൺ ടോട്ടനത്തിൽ കളിച്ച് 2012ൽ റയൽ മാഡ്രിഡിലെത്തി.

ഈ വർഷം മോഡ്രിച്ചിന് ബഹുമതികളുടെതാണ്. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി മോഡ്രിച്ച്. യുവേഫയുടെ ബഹുമതിയും ഈ മുപ്പത്തിമൂന്നുകാരനാണ്. പുതിയ താരത്തിന്റെ കിരീടധാരണത്തിന് മെസിയും റൊണാൾഡോയും എത്തിയില്ല. മെസി വ്യക്തിപരമായ കാരണത്താൽ ഒഴിഞ്ഞു. അവസാന റൗണ്ടിൽ മെസി ഉണ്ടായില്ല. പക്ഷെ മെസിയുടെ ആദ്യ വോട്ട് മോഡ്രിച്ചിനായിരുന്നു. റൊണാൾഡോയുടെ രണ്ടാം വോട്ടായിരുന്നു മോഡ്രിച്ചിന്. ആദ്യ വോട്ട് റാഫേൽ വരാനെക്ക്.  റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹകളിക്കാരനായ മോഡ്രിച്ച് 29.05 ശതമാനം വോട്ട് നേടിയാണ് ഫിഫയുടെ ബഹുമതിക്ക് അർഹനായത്. റൊണാൾഡോ 19.08. മുഹമ്മദ് സലാ 11.23.

വനിതാ താരം ബ്രസീലിന്റെ മാർത്തയാണ്. എവർട്ടണെതിരെ സലാ അടിച്ച ഗോൾ പുസ്ക്കാസ് അവാർഡിന് അർഹമായി.
സിനെഡിൻ സിദാനെയും സ്ലാട്കോ ഡാലിച്ചിനെയും (ക്രൊയേഷ്യ) മറികടന്ന് ഫ്രാൻസിന്റെ ദിദിയർ ദിഷാം മികച്ച പരിശീലകനായി. ബൽജിയത്തിന്റെ തിബൗ കുർട്ടോയാണ് ഗോളി. ഡെൻമാർക്കിന്റെ കാസ്പെർ ഷ്മൈക്കലിനെയും ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസിനെയും കുർട്ടോ പിന്നിലാക്കി.
യുവതാരം‐കിലിയൻ എംബാപ്പെ.

 

ഗോളിയും ഗോളും വിവാദത്തിൽ
ലണ്ടൻ
ഗോളിയെയും ഗോളും തീരുമാനിച്ചതിൽ വിവാദം. ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് ഈജിപ്തിന്റെ ലിവർപൂൾ താരം മുഹമ്മദ് സലായ്ക്കാണ് നൽകിയത്. എവർട്ടണിനെതിരെ പ്രീമിയർ ലീഗിൽ നേടിയ ഗോളാണ് സലായെ പുരസ്കാരത്തിന് അർഹനാക്കിയത്.
ലോകകപ്പിൽ ഫ്രാൻസിന്റെ ബഞ്ചമിൻ പവാർദ് അർജന്റീനയ്ക്കെതിരെ അടിച്ച ഗോൾ, ഗാരെത് ബെയ്ൽ ലിവർപൂളിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോൾ, യുവന്റസിനെതിരെ റൊണാൾഡോ അടിച്ച ബൈസിക്കിൾ കിക്ക് എന്നിവ മറികടന്നാണ് സലാ പുരസ്കാരത്തിന് അർഹനായത്. സലായുടെ ഗോളിനെക്കാൾ മികച്ചത് ഗാരെത് ബെയ്ലിന്റെയും പവാർദിന്റെയും ഗോളാണെന്നാണ് വാദം. യുവേഫ മികച്ച ഗോളായി തെരഞ്ഞെടുത്തത് പവാർദിന്റെ ഗോളായിരുന്നു. സലായുടെ ഗോൾ പ്രീമിയർ ലീഗിലെ മാസത്തിലെ മികച്ച ഗോളായി പോലും പരിഗണിച്ചിരുന്നില്ല. മികച്ച ഗോളിന് അവർഡ് കിട്ടിയ സലായെ പക്ഷെ ലോക ഇലവനിൽ ഉൾപ്പെടുത്തിയുമില്ല.
ലോകകപ്പിൽ മോശം പ്രകടനം നടത്തിയ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡെഗെയ മികച്ച ലോക ഇലവനിൽ ഉൾപ്പെടുത്തിയതും വിവാദമായി. മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ട ബൽജിയത്തിന്റെ തിബൗ കുർട്ടോയ്ക്ക് പകരമാണ് ഡെഗെയ ലോക പതിനൊന്നിൽ സ്ഥാനം നേടിയത്. പരിക്കുമൂലം ലോകകപ്പ് നഷ്ടമായ ബ്രസീലിന്റെ പ്രതിരോധക്കാരൻ ഡാനി ആൽവേസ് ലോക ഇലവനിൽ ഇടംപിടിച്ചതും വിവാദമായി.
ലോക ഇലവൻ
ഡേവിഡ് ഡെഗെയ (മാഞ്ചസ്റ്റർ യുണൈറ്റഡ്/സ്പെയ്ൻ), സെർജിയോ റാമോസ് (റയൽ മാഡ്രിഡ്/സ്പെയ്ൻ),റാഫേൽ വരാനെ (റയൽ മാഡ്രിഡ്/ഫ്രാൻസ്), മാഴ്സെലോ (റയൽ മാഡ്രിഡ്/ബ്രസീൽ), ഡാനി ആൽവേസ് (പിഎസ്ജി/ബ്രസീൽ),എൻഗോളോ കാന്റെ (ചെൽസി/ഫ്രാൻസ്), ലൂക്കാ മോഡ്രിച്ച് (റയൽ മാഡ്രിഡ്/ക്രൊയേഷ്യ), കിലിയൻ എംബാപ്പെ (പിഎസ്ജി/ഫ്രാൻസ്),ലയണൽ മെസി (ബാഴ്സലോണ/അർജന്റീന),ഏദെൻ ഹസാർഡ് (ചെൽസി/ബൽജിയം), ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്/പോർച്ചുഗൽ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top