ഐക്യരാഷ്ട്ര കേന്ദ്രം > യുഎൻ സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ അതിഥി ആരെന്ന‌് ചോദിച്ചാൽ ഇനി അതിനുത്തരം നിവി തെ അറോഹ എന്നാണ‌്. ലോകനേതാക്കളുടെയെല്ലാം മുഖത്തുനോക്കി പുഞ്ചിരിപൊഴിച്ച നിവിയുടെ പ്രായം മൂന്നുമാസം. ന്യൂസിലൻഡ‌് പ്രധാനമന്ത്രി ജസീന്ത ആർഡൺ മകളായ നിവി തെ അറോഹയെയുംകൊണ്ട‌് സമ്മേളനത്തിനെത്തിയപ്പോൾ യുഎൻ സ്വീകരിച്ചത‌് ന്യൂസിലൻഡിന്റെ ‘പ്രഥമ ശിശു’ എന്ന പേര‌് നൽകിയാണ‌്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ നിവിക്ക‌് നൽകിയ പാസിലാണ‌് ‘പ്രഥമ ശിശു’ എന്ന‌് രേഖപ്പെടുത്തിയത‌്. ജസീന്തയുടെ ജീവിതപങ്കാളി ക്ലർക്ക‌് ഗേഫോർഡും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിന‌് ജന്മം നൽകുന്ന രണ്ടാമത്തെയാളാണ‌് ജസീന്ത. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയാണ‌് ആദ്യത്തെയാൾ. സമ്മേളനത്തിനിടയ‌്ക്ക‌് നിവിയുടെ നാപ‌്കിൻ മാറ്റുമ്പോൾ അവിടേക്ക‌് വന്ന ജാപ്പനീസ‌് പ്രതിനിധിയുടെ അമ്പരപ്പ‌് പകർത്തിയിരുന്നെങ്കിൽ അവളുടെ 21–ാം പിറന്നാളിന‌് കഥയായി പറഞ്ഞുകൊടുക്കാമായിരുന്നെന്ന‌് ഗേഫോർഡ‌് നിവിയുടെ പ്രവേശനപാസിന്റെ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു.
കുട്ടിയെ പരിപാലിക്കുന്നതിനൊപ്പം ഭരണകാര്യങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ജസീന്തയേക്കാൾ മികച്ച ഭരണാധികാരിയെ ന്യൂസിലൻഡിനു കിട്ടാനില്ലെന്ന‌് യുഎൻ വക്താവ‌് സ‌്റ്റെഫാൻ ദുജാറിക‌് പറഞ്ഞു. ലോകനേതാക്കളിൽ അഞ്ച‌് ശതമാനംമാത്രമാണ‌് വനിതകളെന്നും അതുകൊണ്ട‌് നമ്മൾ അവരെ സ്വാഗതംചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസിലൻഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ‌് മുപ്പത്തെട്ടുകാരിയായ ജസീന്ത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..