29 December Sunday

ബ്രെക്സിറ്റിന് നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017

ലണ്ടന്‍ > യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്മാറുന്നതിനുള്ള നടപടിക്രമത്തിന് ബ്രിട്ടന്‍ ഔദ്യോഗിക തുടക്കമിട്ടു. ഇതുസംബന്ധിച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഒപ്പിട്ടു. ലിസ്ബണ്‍ ഉടമ്പടിയിലെ അമ്പതാം വകുപ്പനുസരിച്ച് അംഗരാജ്യം ഇയു വിടുന്നതിനുള്ള അപേക്ഷയാണ് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് അയച്ചത്. ഇയുവിലെ ബ്രിട്ടീഷ് സ്ഥാനപതി സര്‍ ടിം ബാരോ കത്ത് കൈമാറും.

31ന് ടസ്ക് ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കും. ഏപ്രില്‍ 29ന് നടക്കുന്ന ഇയു ഉച്ചകോടിയില്‍ മറ്റ് അംഗരാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഈവര്‍ഷം ഡിസംബറോടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിലെ വിവിധ നടപടികള്‍ക്കുശേഷം 2018ല്‍ ഇയു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും. 2019 മാര്‍ച്ചിലാണ് ബ്രെക്സിറ്റ് പൂര്‍ത്തിയാവുക. ഉടമ്പടിയോടെയോ അല്ലാതെയോ ബ്രിട്ടന് ഇയു വിട്ടുപോകാനാകും.  

ജൂണില്‍ ജനഹിതപരിശോധനയില്‍ ഇയു വിടാന്‍ ജനവിധിയുണ്ടായതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. ഒരു മണിക്കൂര്‍ നീണ്ട കാബിനറ്റ് യോഗശേഷമാണ് പ്രധാനമന്ത്രി തെരോസ മെയ് കത്തില്‍ ഒപ്പുവച്ചത്. ഇയുവില്‍നിന്ന് പിന്മാറാനുള്ള കൌണ്ട്ഡൌണ്‍ ആരംഭിച്ചെന്ന് പിന്നീട് പ്രധാനമന്ത്രി എംപിമാരെ ഔദ്യോഗികമായി അറിയിച്ചു. ഇയു വിടുന്നതിനുള്ള ഉടമ്പടി ഓരോ പൌരനും ഉചിതമായ ഒന്നായിരിക്കുമെന്ന് ഉറപ്പാക്കുമെന്ന് അവര്‍ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top