കാസര്‍കോട്: അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസില്‍ വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമായ ആഹാരപദാര്‍ഥങ്ങളായിരുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. കോഴിക്കോട്ടെ ഫുഡ് സേഫ്റ്റി റീജിണല്‍ അനലറ്റിക് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധന ഫലത്തിലാണ് യോഗ്യമായ ഭക്ഷണമല്ല യാത്രക്കാര്‍ക്ക് നല്‍കിയതെന്ന് തെളിഞ്ഞത്. റിപ്പോര്‍ട്ട് കാസര്‍കോട് റെയില്‍വേ പൊലീസിന് ലഭിച്ചു. രോഗകാരിയായ ബാക്ടീരിയ ഭക്ഷണത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് കാസര്‍കോട് റെയില്‍വേ പൊലീസ് പറഞ്ഞു. പാന്‍ട്രി നടത്തിയ എബിസി എന്റര്‍പ്രൈസസിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ട്രെയിന്‍ പുറപ്പെട്ട സ്ഥലത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതുകാരണം കേസ് ചിലപ്പോള്‍ രാജസ്ഥാന്‍ പൊലീസിന് കൈമാറും. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചേ തീരുമാനിക്കൂ. ആഗസ്ത് 17 നാണ് മരുസാഗര്‍ എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധയേറ്റ് 50 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. പാന്‍ട്രി കാറില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സും ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ടിഫിക്കറ്റും ഉണ്ടായിരുന്നില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ട്രെയിനില്‍ ഭക്ഷണച്ചുമതലയുണ്ടായിരുന്ന പാന്‍ട്രി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി തലശേരി സെഷന്‍സ് കോടതിയെ സമീപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..