11 November Monday

പാലക്കാട് പ്ലീനത്തിലേക്ക്

പിണറായി വിജയന്Updated: Monday Nov 25, 2013

രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക സമ്മേളനം ചേരുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ കൊല്‍ക്കത്തയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനം ചേരുകയുണ്ടായി. സംഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ചാണ് അതില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.

 

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെതുടര്‍ന്ന് പ്രസ്ഥാനത്തെ വിപ്ലവകരമായ തരത്തില്‍ നയിക്കുന്നതിന് സിപിഐ എം രൂപീകരിക്കപ്പെട്ടു. ഏഴാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എമ്മിന്റെ പാര്‍ടി പരിപാടി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ആ ഘട്ടത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ ആവുംവിധം പാര്‍ടികോണ്‍ഗ്രസില്‍ ചര്‍ച്ച നടത്താനായില്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 1968 ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ ബര്‍ദ്വാനില്‍ പ്ലീനം ചേര്‍ന്നത്. ഈ രംഗത്തെ പാര്‍ടി നിലപാട് ആ പ്ലീനം വ്യക്തമാക്കുകയും ചെയ്തു.

 

1978 ഡിസംബര്‍ 27 മുതല്‍ 31 വരെ പശ്ചിമബംഗാളിലെ ഹൗറയിലെ സാല്‍ക്കിയയില്‍ പ്ലീനം ചേര്‍ന്നു. ഈ പ്ലീനത്തിലാണ് പാര്‍ടിയെ ബഹുജനവിപ്ലവ പാര്‍ടിയായി രൂപപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ തീരുമാനമുണ്ടായത്. പാര്‍ടിപ്രവര്‍ത്തനത്തെ ശക്തമായ സ്വയംവിമര്‍ശത്തിന് വിധേയമാക്കിയുള്ള രേഖയായിരുന്നു ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. അവിടെ ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പാര്‍ടിസംഘടന മുന്നോട്ടുപോയത്.

 

കേരളത്തിലും സിപിഐ എം നേതൃത്വത്തില്‍ ഇത്തരം പ്ലീനങ്ങള്‍ നടക്കുകയുണ്ടായി. 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് ആദ്യമായി സംസ്ഥാന പ്ലീനം നടന്നത്. കേരളത്തിലെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രകമ്മിറ്റി പ്ലീനത്തിന് അനുമതി നല്‍കുകയായിരുന്നു. പ്ലീനം ഉദ്ഘാടനംചെയ്തത് അന്നത്തെ പാര്‍ടി ജനറല്‍ സെക്രട്ടറി സ. പി സുന്ദരയ്യയായിരുന്നു. അക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെയും സംബന്ധിച്ചെല്ലാം സുന്ദരയ്യ പ്രസംഗത്തില്‍ വിശദീകരിച്ചു. മാവോ ചിന്തയിലെ പോരായ്മയെ സംബന്ധിച്ച് സുന്ദരയ്യ ഇങ്ങനെ പറഞ്ഞു: ""അവര്‍ പറയുന്നത് മാവോ ചിന്തകള്‍ ഇന്നത്തെ കാലഘട്ടത്തിലെ മാര്‍ക്സിസം- ലെനിനിസമാണെന്നാണ്. എന്നാല്‍, നമ്മുടെ പാര്‍ടി ആ നിലയില്‍ അതിനെ അംഗീകരിക്കുന്നില്ല. നമ്മുടെ പാര്‍ടി ആ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന് നാം തീരുമാനിക്കും. ആ ചിന്തകളും അഭിപ്രായങ്ങളും എപ്പോഴും എല്ലായിടത്തും ശരിയാണെന്ന് പറയുന്നത് മാവോയുടെ അഭിപ്രായത്തിനുതന്നെ നിരക്കാത്തതാണ്"". ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച് ഇടതുതീവ്രവാദപരമായ പ്രവണതകള്‍ക്കെതിരെ ഉദ്ഘാടനപ്രസംഗത്തില്‍തന്നെ നിലപാട് സ്വീകരിക്കുന്നുണ്ട്.

 

പ്രത്യയശാസ്ത്രപ്രമേയത്തിന്റെ കരട്, പ്രവര്‍ത്തനറിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ആ പ്ലീനത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. വര്‍ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും മുന്നോട്ടുവച്ചു. പാര്‍ടിവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വളന്റിയര്‍ സംഘടന തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും എടുത്തു.

 

നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി സ്വന്തമായി അടവും തന്ത്രവും രൂപീകരിച്ച് ജനകീയ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവപ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുക എന്ന ആഹ്വാനം ഇതിലുണ്ടായി. പരിമിതമായ ജനാധിപത്യംപോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കെതിരായി സമരത്തിന് നേതൃത്വം നല്‍കണമെന്നും ഈ പ്ലീനം ആവശ്യപ്പെട്ടു.

 

കേരളത്തില്‍ രണ്ടാമത്തെ പ്ലീനം ചേര്‍ന്നത് 1970 ഡിസംബര്‍ 3, 4, 5 തീയതികളില്‍ തലശേരിയിലാണ്. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനങ്ങളില്‍ എത്തുകയായിരുന്നു. 1969ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട പ്രത്യേക രാഷ്ട്രീയസാഹചര്യംകൂടി കണക്കിലെടുത്താണ് ഈ വിശേഷാല്‍സമ്മേളനം ചേര്‍ന്നത്.

 

അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച് വിലയിരുത്തിയ പ്ലീനം റിപ്പോര്‍ട്ടില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ""വിവിധ പ്രതിപക്ഷപാര്‍ടികളിലും ഭരണമുന്നണികള്‍ക്കകത്തുതന്നെയും വളര്‍ന്നുവരുന്ന പുതിയ പ്രവണതകളെ ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ തെരഞ്ഞെടുപ്പുകള്‍ക്കും അതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി രാഷ്ട്രീയത്തിനുമുള്ളൂ. എല്ലാ പാര്‍ടിയിലും പെട്ടവരും ഒരു പാര്‍ടിയിലും പെടാത്തവരുമായ ജനലക്ഷങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് പുതിയ രാഷ്ട്രീയശക്തികളെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന നിര്‍ണായക ഘടകം"". പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അതില്‍. ഇന്ത്യന്‍ ഭരണവര്‍ഗം പടിപടിയായി സ്വേച്ഛാധിപത്യത്തിലേക്ക് പോകുന്ന പ്രശ്നവും ഇതില്‍ അവതരിപ്പിച്ചു.

 

എതിരാളികളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന അക്കാലത്ത് സുസംഘടിതമായ പോരാട്ടം ആശയപരവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറഞ്ഞു. പാര്‍ടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ അതിലുണ്ടായി. സാമ്പത്തികപ്രശ്നങ്ങളില്‍ തുടങ്ങുന്ന സമരം പടിപടിയായി രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് വളര്‍ത്തിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബഹുജനപ്രസ്ഥാനം രൂപീകരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന കാര്യവും എടുത്തുപറഞ്ഞു. ആശയ-സാംസ്കാരിക രംഗങ്ങളില്‍ നടത്തേണ്ട സമരങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടും മുന്നോട്ടുവച്ചു. ആശയ- സാംസ്കാരിക രംഗത്ത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പത്രങ്ങള്‍, മാസികകള്‍ എന്നിവയിലൂടെയുള്ള ആശയപ്രചാരണത്തിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി.

 

സംഘടനാരംഗത്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത് ഈ പ്ലീനത്തിലാണ്. ഈ സമ്മേളനത്തിലെടുത്ത തീരുമാനമാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് ഇന്നും മാര്‍ഗനിര്‍ദേശകമായി നില്‍ക്കുന്നത്. പാര്‍ടി അംഗങ്ങളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയുമുണ്ടായി. തലശേരി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് മണ്ഡലം, താലൂക്ക് കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടത്.

 

1978 ഡിസംബറില്‍ സാല്‍ക്കിയയില്‍ നടന്ന പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പ്ലീനം നടക്കുന്നത് 1981ലാണ്. ഈ മൂന്നാമത് പ്ലീനം ഉദ്ഘാടനംചെയ്തത് ഇ എം എസ് ആയിരുന്നു. ഈ പ്ലീനത്തിന്റെ ഉദ്ദേശ്യംതന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: പാര്‍ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തി ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമാറ് പാര്‍ടിസംഘടനയെ സജ്ജീകരിക്കലാണ് പ്ലീനത്തിന്റെ ഉദ്ദേശ്യം.,

 

പ്ലീനത്തിന്റെ ചര്‍ച്ചയ്ക്ക് ആധാരമായ രേഖയില്‍ രണ്ടു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1980ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടായ അഖിലേന്ത്യാ രാഷ്ട്രീയസ്ഥിതി, കേരളത്തിലെ മാര്‍ക്സിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തെ മുറിച്ചുകടക്കാന്‍ പാര്‍ടി ആവിഷ്കരിച്ച സമീപനം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയങ്ങള്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനം, ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയപരമായ ഇത്തരം കാര്യങ്ങളെ വിലയിരുത്തിയശേഷം അതിന് അനുയോജ്യമായ തരത്തില്‍ സംഘടന എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. പാര്‍ടിസംഘടനാരംഗത്ത് നിലനില്‍ക്കുന്നതായി സാല്‍ക്കിയാ പ്ലീനം ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍, കേരളത്തിലെ പാര്‍ടിയെക്കുറിച്ച് പ്രത്യേകിച്ച് നടത്തിയ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് രൂപംനല്‍കുകയാണ് രണ്ടാംഭാഗത്ത് ചെയ്യുന്നത്.

 

ഇതിന്റെ അടിസ്ഥാനത്തില്‍ 1977നുശേഷമുള്ള സ്ഥിതിഗതികളെയും അക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെയും വിലയിരുത്തുന്നതിനും പാര്‍ടിക്കകത്തെ സംഘടനാപരമായ പോരായ്മകള്‍ പരിശോധിക്കുന്നതിനും തയ്യാറായിട്ടുണ്ട്. ഭാഷാപ്രശ്നം, സൈലന്റ് വാലി തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും ഇതില്‍ പറയുന്നുണ്ട്. വര്‍ഗീയശക്തികളെ സംബന്ധിച്ചുള്ള പരിശോധനകളും ഇതില്‍ നടക്കുകയുണ്ടായി.

 

ഇത്തരത്തില്‍ കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ വിശേഷാല്‍സമ്മേളനങ്ങള്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ച എന്നനിലയിലാണ് ഇപ്പോഴത്തെ പ്ലീനം ചേരുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകള്‍ കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍, സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ പ്രധാന ലക്ഷ്യം.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top