പാലാ: കോണ്‍ഗ്രസ് മണ്ഡലം യോഗത്തില്‍ ചേരിപ്പോര് കയ്യാങ്കളിയില്‍ എത്തിയതോടെ യോഗം അലങ്കോലമായി. ഞായറാഴ്ച വൈകിട്ട് പാലാ ടിബിയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ അടി നടക്കുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ അംഗങ്ങളില്‍ പലരും ഓടി രക്ഷപ്പെട്ടു. നേതാക്കളെ പുറത്താക്കി ജീവനക്കാര്‍ മുറി പൂട്ടിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. സമവായത്തിലൂടെ ബൂത്ത് നിരീക്ഷകരെയും പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്ന യോഗത്തിലാണ് പ്രശ്നമുണ്ടായത്. മണ്ഡലം പ്രസിഡന്റ് ബൂത്ത് നിരീക്ഷകരുടെയും പ്രസിഡന്റുമാരുയെും ലിസ്റ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തില്‍ ചര്‍ച്ച ചെയ്ത് ബൂത്ത് നിരീക്ഷകരെ തെരഞ്ഞെടുക്കണമെന്നും പത്തിന് ബൂത്ത് വിളിച്ചുകൂട്ടി പ്രസിഡന്റുമാരെ തെരഞ്ഞെടുത്താല്‍ മതിയെന്നും ഐ വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണ്ഡലം പ്രസിഡന്റ് ഒപ്പിട്ടുകൊടുത്താല്‍ ഡിസിസി പ്രസിഡന്റ് അംഗീകരിക്കുമെന്ന അവസ്ഥ സംജാതമായതോടെ യോഗത്തില്‍ തര്‍ക്കവും ബഹളവുമായി. തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് അസഭ്യവര്‍ഷവും കയ്യാങ്കളിയും ആരംഭിച്ചു. യോഗം പിരിച്ചുവിട്ട് മണ്ഡലം പ്രസിഡന്റും പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..