25 November Monday

മഞ്ഞയില്‍ കുളിച്ചാടി കൊച്ചി

വെബ് ഡെസ്‌ക്‌Updated: Sunday Dec 14, 2014

കൊച്ചി: ഇത് കൊച്ചിയോ അതോ ബ്രസീലോ? ശനിയാഴ്ചത്തെ സന്ധ്യയില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ഇരമ്പിയാര്‍ത്ത മഞ്ഞപ്പട കണ്ടാല്‍ ആരുമൊന്ന് സംശയിക്കും. ടീം ജഴ്സി പുറത്തിറക്കി ഉടമകൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞ വാചകം-"മഞ്ഞയില്‍ കുളിച്ചാടൂ'- അക്ഷരാര്‍ഥത്തില്‍ കാണികള്‍ നെഞ്ചേറ്റി. ബ്രസീല്‍ ലോകകപ്പില്‍ ആതിഥേയരുടെ കളികാണാന്‍ ഇറങ്ങിയ മഞ്ഞപ്പടയ്ക്കു സമാനമായിരുന്നു ശനിയാഴ്ച ഉച്ചമുതല്‍ കൊച്ചി സ്റ്റേഡിയവും പരിസരവും; ശനിയാഴ്ച മാത്രമല്ല കൊച്ചി വേദിയായ ഓരോ കളിയും. എങ്ങും മഞ്ഞക്കുപ്പായമിട്ട്, മുടിയിലും ദേഹത്തും മഞ്ഞയും നീലയും ചായമടിച്ച് ഒഴുകിനിറഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഒരുവേള കാല്‍പ്പന്തിന്റെ കളിത്തൊട്ടിലായ ബ്രസീലിനെ അനുസ്മരിപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യപാദ സെമി ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 66990പേര്‍. 

കേരളത്തില്‍ ഫുട്ബോള്‍ കാണാന്‍ ആളില്ലെന്നു പറയുന്ന അസോസിയേഷനുകളും അധികൃതരും കണ്ണുതുറന്നു കാണേണ്ട കാഴ്ച. നല്ല കളിയുണ്ടോ, കാശുകൊടുത്താണെങ്കിലും കാണാന്‍ ഞങ്ങളുണ്ടെന്ന ആരാധകരുടെ പ്രഖ്യാപനം. ശനിയാഴ്ചത്തെ മത്സരത്തിനുള്ള ടിക്കറ്റിനുവേണ്ടി രാവിലെ മുതല്‍ കൊച്ചിയിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. വടക്കന്‍ ജില്ലകളില്‍നിന്ന് രാവിലെമുതല്‍ എത്തിയ ട്രെയിനുകളും ബസുകളുമെല്ലാം കളിക്കമ്പക്കാരെക്കൊണ്ട് നിറഞ്ഞു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏഴ് ലീഗ് മത്സരങ്ങള്‍ കണ്ടത് 3,31,986 പേരാണ്. നവംബര്‍ ആറിന് എഫ്സി ഗോവയുമായി നടന്ന ആദ്യ മത്സരം കാണാന്‍ 49,517 പേര്‍ എത്തി. നവംബര്‍ 30ന് ചെന്നൈയിന്‍ എ

ഫ്സിയുമായുള്ള മത്സരമാണ് കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് -61,323 പേര്‍, കുറവ് ഡല്‍ഹി ഡൈനാമോസിനെതിരെ -34,657 പേര്‍.

പുണെ സിറ്റി എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരത്തിന് 44, 532 പേര്‍ ദൃക്സാക്ഷികളായി. എണ്ണത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും കൊച്ചിക്കാര്‍ മാതൃകയായി. സ്വന്തം ടീമിന്റെ തോല്‍വിയോ സമനിലയോ ഒന്നും കൊച്ചിക്കാരെ പ്രകോപിപ്പിച്ചില്ല. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവരുടെ എണ്ണവും കൊച്ചിയെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമാക്കി. സ്വന്തമെന്ന് പറയാന്‍ ഒരു ടീമുണ്ടെങ്കില്‍, നന്നായി കളിക്കുന്ന താരങ്ങളുണ്ടെങ്കില്‍ ബാക്കിയെല്ലാം ഞങ്ങള്‍ നോക്കാം എന്നാണ് കൊച്ചിയിലെത്തുന്ന കാണികള്‍ പറയാതെ പറയുന്നത്്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top