കണ്ണൂര്‍ > പി കെ ശ്രീമതി എംപിയുടെ കൈയില്‍നിന്ന് സഹോദരങ്ങള്‍ വിഷുക്കോടി ഏറ്റുവാങ്ങുമ്പോള്‍ പാനൂര്‍ ചെണ്ടയാട്ടെ മീത്തലെപുത്തന്‍പറമ്പത്ത് വീട്ടില്‍ ലീലയുടെ കണ്ണുകള്‍ ഈറനായി. ലീലയുടെ സഹോദരങ്ങളായ വിശാല (46), രാജു (44), വിനോദന്‍(40) എന്നിവര്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. മൂന്ന് കൂടപ്പിറപ്പുകളെയും വയസായ അമ്മയെയും ശുശ്രൂഷിക്കാന്‍ രാപ്പകല്‍ പ്രയാസപ്പെടുന്ന ലീലയ്ക്ക് അവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ കഴിയാറില്ല. സഹോദരങ്ങളെ ഐആര്‍പിസി ഏറ്റെടുത്ത് തയ്യിലെ സാന്ത്വനകേന്ദ്രത്തില്‍ പാര്‍പ്പിച്ചപ്പോഴാണ് ലീലയ്ക്ക് ആശ്വാസമായത്. വിഷുക്കോടിയെന്നത് ഇവര്‍ക്ക് കുട്ടിക്കാലത്തെ നിറം മങ്ങിയ ഓര്‍മയാണ്. അതിനിടയിലാണ് പുത്തന്‍ വസ്ത്രങ്ങളും ആശ്വാവുമായി എംപി സാന്ത്വനകേന്ദ്രത്തിലെത്തിയത്. കേന്ദ്രത്തിലെ 16രോഗികള്‍ക്കാണ് പുതുവസ്ത്രം സമ്മാനിച്ചത്. എല്ലാവരുടെയും അടുത്തെത്തി രോഗവിവരം ആരാഞ്ഞു. കൂട്ടിരിപ്പുകാരെ സഹായിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ആശ്വാസകിരണം പദ്ധതിയെക്കുറിച്ചും വിവരിച്ചു. കിടപ്പിലായവര്‍ക്കും അവരെ ചികിത്സിക്കുന്നവര്‍ക്കും സഹായം നല്‍കുന്നതിനാണ് ആശ്വാസകിരണം പദ്ധതി ആരംഭിച്ചത്. അതിനാല്‍ സഹായം കിട്ടുന്നതിനായി ഉടന്‍ അപേക്ഷിക്കണമെന്ന് എം പി നിര്‍ദേശിച്ചു. ഐആര്‍പിസി ചെയര്‍മാന്‍ പി എം സാജിദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, സിപിഐ എം ഏരിയ സെക്രട്ടറി കെ പി സുധാകരന്‍, എന്‍ പി ശ്രീനാഥ്, ടി രാമകൃഷ്ണന്‍, ടി എം ഇര്‍ഷാദ് എന്നിവരും ഇ എം സത്യന്‍, കെ വി ഗോവിന്ദന്‍, പുരുഷോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..