21 November Thursday

മുരളിയുടെ അരുവിക്കര

എസ് ദേവികUpdated: Sunday Jun 14, 2015

അരുവിക്കരയില്‍ കളത്തറയിലെ വീട്ടുമുറ്റത്ത് ഭാര്യക്കും മകള്‍ക്കുമൊപ്പമിരുന്ന് ഡാമിന്റെ ജലാശയത്തിലേക്ക് മയങ്ങിവീഴുന്ന സന്ധ്യയുടെ ഭംഗി ആസ്വദിച്ചിരിക്കെ അന്ന് ഭരത് മുരളി പറഞ്ഞു. എന്റെ അവസാനം ഇവിടെയായിരിക്കും. കളിയായി അവരത് ചിരിച്ചു കളഞ്ഞു. പക്ഷേ, അപൂര്‍വമായ അഭിനയശൈലിയെ ആരാധിച്ചവരെയാകെ നിരാശരാക്കി, മലയാളസിനിമയുടെ നഷ്ടക്കണക്കുകളില്‍ തന്നെയും ചേര്‍ത്തുവച്ച് മുരളി യാത്രയായപ്പോള്‍ ഉറ്റവര്‍ അദ്ദേഹത്തിന് അവസാനവിശ്രമത്തിന് ഇടമൊരുക്കിയത് ഇവിടെത്തന്നെയായിരുന്നു. ഏറെ ഇഷ്ടപ്പെട്ട ശാന്തമായ പുഴയോരത്ത്... തൊട്ടറിഞ്ഞും അടുത്തുനിന്നും ജനാധിപത്യപോരാട്ടത്തിന്റെ ചൂടും ചൂരും അനുഭവിച്ചിട്ടുള്ള മുരളി എന്ന മഹാപ്രതിഭയുടെ വിശ്രമഭൂമി ഇന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മണ്ണായി മാറി. ഇടതുപക്ഷത്തിനൊപ്പം സാംസ്കാരിരംഗത്തുനിന്നുള്ള ആശയശക്തിയായി എന്നും നിലയുറപ്പിച്ച മുരളി അരുവിക്കരയുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അസാന്നിധ്യമായി ഇന്ന് അനുഭവപ്പെടുന്നു. പകരക്കാരനായി ചൂണ്ടിക്കാട്ടാന്‍ മറ്റൊരാള്‍പോലുമില്ലാത്തവിധം അഭിനയക്കരുത്തിന്റെ ആണ്‍രൂപം വേര്‍പിരിഞ്ഞിട്ട് ആറുവര്‍ഷം. ഏറെ ഇഷ്ടത്തോടെ സ്വന്തമാക്കിയ മനോഹരമായ അരുവിക്കരയിലെ മണ്ണ് മുരളിയുടെ സ്വപ്നങ്ങളുടെകൂടി താവളമായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ വീട്ടില്‍ എത്തിയാല്‍ പുസ്തകക്കൂട്ടങ്ങളും വാരിക്കെട്ടി അരുവിക്കരയിലെ വീട്ടിലേക്ക് ഒരു യാത്ര. പലപ്പോഴും ആഹാരവും ഒപ്പം കരുതും.

മുരളി എന്ന വാത്സല്യനിധിയായ അച്ഛന്റെ ഓര്‍മയില്‍ കാര്‍ത്തിക

""അരുവിക്കരയോട് അച്ഛന് വല്ലാത്ത അടുപ്പമായിരുന്നു. പക്ഷേ, പകല്‍മുഴുവന്‍ അവിടെ ചെലവഴിക്കുന്ന അച്ഛന്‍ ഒരു രാത്രിപോലും അവിടെ തങ്ങിയിട്ടില്ല. പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു രാത്രി അവിടെ തങ്ങണം. പക്ഷേ, അച്ഛന് അതിന് കഴിഞ്ഞില്ല. കട്ടിലില്‍ തലചായ്ച്ച് കിടന്നാല്‍ അധികം അകലെയല്ലാതെ ഒഴുകുന്ന നദിയുടെ കാഴ്ചയുണ്ടാകണമെന്ന് അച്ഛന്‍ നിശ്ചയിച്ചിരുന്നു. ചെറിയൊരു ഇടം അവിടെ പണികഴിപ്പിച്ചതും ഇങ്ങനെ ഒരു സൗകര്യത്തില്‍ത്തന്നെയായിരുന്നു.

''അരുവിക്കരയിലേക്ക്...
മണ്ണിനെയും മണ്ണിനെ അറിയുന്ന മനുഷ്യനെയും സ്നേഹിച്ചിരുന്ന മുരളിക്ക് ഏറെ ഇഷ്ടമായിരുന്നു ഗ്രാമത്തിന്റെ ഭംഗി. അങ്ങനെ ഏറെ നാളത്തെ തെരച്ചിലുകള്‍ക്കൊടുവില്‍ അനിയന്‍ ഹരിയാണ് അരുവിക്കരയിലെ സ്ഥലം കണ്ടെത്തിയത്. ആദ്യനോട്ടത്തില്‍ത്തന്നെ ആകര്‍ഷിച്ച ഇടത്ത് 50 സെന്റ് സ്ഥലം മുരളി സ്വന്തമാക്കി. 1992 ലായിരുന്നു ഇത്. തിരക്കുകളൊഴിയുന്ന വാര്‍ധക്യം ആവശ്യപ്പെടുന്ന വിശ്രമകാലത്തേക്ക് ഒരിടം. ""സ്വസ്ഥമായി ശുദ്ധവായു ശ്വസിച്ച് കഴിയാന്‍ ഇതിലും നല്ലൊരിടമില്ല''- മനസ്സുതുറക്കുന്ന സ്നേഹിതരോട്് മുരളി പറഞ്ഞിരുന്നത് ഇങ്ങനെ. റബര്‍മരങ്ങള്‍ നട്ടിരുന്ന ഇവിടെനിന്ന് അവയെല്ലാം നീക്കിയത് മുരളിതന്നെ നേരിട്ട് നിന്നായിരുന്നു. പൂക്കളും പഴങ്ങളും തരുന്ന മരങ്ങളും ചെടികളും നട്ട് മണ്ണിനെ മനോഹരിയാക്കുകയായിരുന്നു ലക്ഷ്യം. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നും കാര്‍ഷികകോളേജില്‍നിന്നുമായി ഔഷധസസ്യങ്ങളും മറ്റ് ചെടികളും വാങ്ങി സ്വയം നട്ടുപിടിപ്പിക്കും. സ്നേഹത്തിന്റെ വളംചേര്‍ത്ത് നട്ട ചെടികളില്‍ പലതിനും ഇന്ന് തലയെടുപ്പായി തുടങ്ങി. ചെറിയരീതിയില്‍ കൃഷിയും ആരംഭിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായി എന്നും ജീവിക്കാന്‍ ആഗ്രഹിച്ച മുരളിക്ക് അതിനെല്ലാം ആശയപരമായ അടിത്തറയുണ്ടായിരുന്നു. ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവുള്‍ക്കൊണ്ട് വളര്‍ന്ന മുരളിയുടെ മനസ്സിന് ഉലയില്‍ കാച്ചിയ ഇരുമ്പിന്റെ ദൃഢതയായിരുന്നു. മനസ്സില്‍ സൂക്ഷിക്കാന്‍ കറുത്ത അനുഭവങ്ങള്‍ ഒന്നും ബാക്കിയില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ""എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ അത് അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുണ്ട്''- ശത്രുക്കളെക്കുറിച്ച് ചോദിച്ചാല്‍ മുരളിയുടെ മറുപടി ഇങ്ങനെ. ആരെയും കൂസാത്ത നിഷേധിയായി സിനിമയുടെ നടവഴികളില്‍ തലയെടുപ്പോടെ നടന്നുമറഞ്ഞ മുരളിയുടെ മനസ്സിന്റെ ആര്‍ദ്രത അറിഞ്ഞവര്‍ ഏറെയാണ്. ദേഷ്യവും വേദനയുമെല്ലാം നിമിഷംകൊണ്ട് കൊടുങ്കാറ്റുപോലെ കീഴടക്കുന്ന മുരളിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും ഈ വേഗതയുണ്ടായിരുന്നു.

ഭാര്യ ഷൈലജയുടെ ഓര്‍മ
""അരുവിക്കരയിലെ സ്ഥലത്ത് ഒരു ചെറിയ കെട്ടിടം കെട്ടണമെന്ന് ഒരു ദിവസം തീരുമാനിക്കുകയായിരുന്നു. പ്ലാനും ഒന്നും വരയ്ക്കാതെ മറ്റൊരു മുന്നൊരുക്കവുമില്ലാതെ നേരെ അരുവിക്കരയിലെത്തി. പിറ്റേന്നുതന്നെ പണിയും തുടങ്ങി. സാറിന്റെ തീരുമാനങ്ങള്‍ അങ്ങനെയായിരുന്നു. എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന് അതിന്റെ അവസാനം കാണുംവരെ അതിനായി നില്‍ക്കും. രാവിലെ അദ്ദേഹം പോയാല്‍ വൈകിട്ടാവും ഞങ്ങള്‍ അവിടെത്തുക. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരുമിച്ചും പോകും. അദ്ദേഹത്തിനോട് അരുവിക്കരക്കാര്‍ക്ക് ഒരു പ്രത്യേക അടുപ്പമായിരുന്നു. നാട്ടുകാര്‍ പലരും അവിടെ വരും. പ്രത്യേകിച്ച് പാര്‍ടിക്കാര്‍. മുറ്റത്തിരുന്ന് രാഷ്ട്രീയചര്‍ച്ച ചിലപ്പോള്‍ അങ്ങനെ നീളും. മറ്റേത് വിഷയവും എന്നപോലെ ഇടതുപക്ഷ രാഷ്ട്രീയം അദ്ദേഹത്തിന് ജീവനായിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ത്തന്നെ ഉണ്ടാകുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിനങ്ങളില്‍ ടെലിവിഷനു മുന്നില്‍ ആകാംക്ഷയോടെ കാത്തിരുന്ന് വിജയക്കണക്കുകള്‍ കൂട്ടുന്ന അദ്ദേഹത്തിന്റെ ആവേശം എനിക്ക് നല്ല ഓര്‍മയുണ്ട്.''

രാഷ്ട്രീയം
കമ്യൂണിസ്റ്റ് രാഷ്ട്രീയം ചെറുപ്പംമുതല്‍ തന്നെ സ്വാധീനിച്ചതായി തികഞ്ഞ വ്യക്തതയോടെ മുരളി പറയുമായിരുന്നു. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിശക്തമായ സ്വാധീനമുള്ള പ്രദേശമായിരുന്നു മുരളിയുടെ ജന്മനാടായ വെളിയം കുടവട്ടൂര്‍. കോട്ടാത്തല സുരേന്ദ്രനെപ്പോലെയുള്ള കമ്യൂണിസ്റ്റ് ധീരന്മാരുടെ പ്രവര്‍ത്തനമേഖല. മുരളിയുടെ അമ്മാവന്മാരായ നാഗപ്പന്‍പിള്ളയും രാഘവന്‍പിള്ളയും സര്‍വീസ് സംഘടനാ പ്രവര്‍ത്തകരായിരുന്നു. അതും മുരളിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പില്‍ എന്നും ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങിയിരുന്ന മുരളി നേരിട്ട് ജനാധിപത്യപോരാട്ടത്തിന് ഇറങ്ങിയത് 1999ല്‍ ആലപ്പുഴയിലായിരുന്നു. സിപിഐ എം സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചത് വി എം സുധീരന് എതിരെയായിരുന്നു. മത്സരത്തിന്റെ ഗതി മുരളിക്ക് നിശ്ചയമുണ്ടായിരുന്നു. പക്ഷേ, പാര്‍ടി മുന്നോട്ട് വയ്ക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് താന്‍ എന്നാണ് തെരഞ്ഞെടുപ്പുവേളയില്‍ മുരളി ഭാര്യയോട് പറഞ്ഞിട്ടുള്ളത്. ജനങ്ങള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ ആവേശപൂര്‍വം വീട്ടിലും പങ്കുവയ്ക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വീട്ടിലെത്തിയ അനുഭവങ്ങള്‍ ഹൃദയത്തില്‍ തട്ടി പറഞ്ഞിട്ടുള്ളതും ഭാര്യ ഷൈലജയുടെ ഓര്‍മയിലുണ്ട്. വേഗത്തില്‍ സങ്കടപ്പെടുന്ന മുരളിയുടെ ഹൃദയമറിയുന്ന ഷൈലജയ്ക്ക് തെരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പിനെ അനുഭവങ്ങളുടെ പുസ്തകമാക്കി മാറ്റിയ മുരളി അത് തന്റെ രാഷ്ട്രീയച്ചുമതലയായാണ് കണ്ടത്. ലോകം കാണാനുള്ള അവസരങ്ങള്‍ മാറ്റിവയ്ക്കാത്ത മുരളിക്ക് ഏറെ ഇഷ്ടമായിരുന്നു റഷ്യ. കമ്യൂണിസ്റ്റ് റഷ്യയെക്കുറിച്ചും തകര്‍ച്ചയ്ക്കുശേഷമുള്ള റഷ്യയെക്കുറിച്ചും മുരളി എഴുതിയിട്ടുണ്ട്. സ്പസീബ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം നന്ദി എന്നാണ്. ഈ പേരില്‍ എഴുതിയ ലേഖനത്തില്‍ റഷ്യയുടെ തകര്‍ച്ചയുടെ ദുരന്തങ്ങള്‍ അദ്ദേഹം അക്കമിട്ട് വിവരിക്കുന്നു. യാത്രകളില്‍ അവസാനത്തേത് ആഫ്രിക്കയിലേക്കായിരുന്നു. ഓരോ നാടിന്റെയും സാംസ്കാരിക അടയാളങ്ങളിലെന്തെങ്കിലും ഒപ്പംകൂട്ടിയിരുന്ന മുരളി ആഫ്രിക്കയില്‍നിന്ന് കൊണ്ടുവന്നത് ചെറിയയൊരു വാദ്യമായിരുന്നു. ഒപ്പം ചില മുഖംമൂടികളും. വീട്ടില്‍ രാഷ്ട്രീയചര്‍ച്ചയ്ക്ക് ഇടമുണ്ടായിരുന്നു. തീന്‍മേശയില്‍വച്ച് മകള്‍ക്ക് അച്ഛന്‍ രാഷ്ട്രീയമാണ് പറഞ്ഞുകൊടുത്തത്. സ്നേഹത്തോടെ ഊട്ടുന്ന അന്നത്തിനൊപ്പം ആശയങ്ങളും പകര്‍ന്നുകൊടുത്ത കമ്യൂണിസ്റ്റുകാരനായ അച്ഛനോട് കാര്‍ത്തികയ്ക്ക് ആദരവാണ്.

കമ്യൂണിസ്റ്റായ കാര്‍ത്തികയുടെ അച്ഛന്‍
""അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നു. സ്കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തുടങ്ങുമ്പോഴേ പറയും... നീ കമ്യൂണിസ്റ്റാണല്ലോ. അച്ഛന്‍ പറഞ്ഞു തന്ന് ഞാന്‍ വിശ്വസിച്ച അതേ ആശയങ്ങള്‍തന്നെ മനസ്സിലുള്ളതുകൊണ്ട് ഞാനും പറയും. അതെ... കമ്യൂണിസ്റ്റാണ്. ഇംഗ്ലീഷും മലയാളവും നന്നായി വായിച്ചിരുന്ന അച്ഛന്‍ ചില കവിതകള്‍ വായിച്ചാല്‍ അത് ഉച്ചത്തില്‍ ചൊല്ലും. ചില വിഖ്യാത ഇംഗ്ലീഷ് നാടകങ്ങളിലെ സംഭാഷണങ്ങള്‍ അച്ഛന്റെ നല്ല ശബ്ദത്തില്‍ പഠിക്കുംപോലെ ഉരുവിട്ട് സ്വയംപറഞ്ഞ് നടക്കും. എന്നെ പറഞ്ഞ്കേള്‍പ്പിക്കും. കടമ്മനിട്ട അപ്പൂപ്പന്റെ കവിതകള്‍ അച്ഛന്‍ ചൊല്ലുന്നത് കേള്‍ക്കുന്നതൊരു സുഖമാണ്. യാത്രയിലായാലും അച്ഛന്‍ ഇങ്ങനെ കവിതകള്‍ ചൊല്ലിക്കൊണ്ടേയിരിക്കും. ചില രംഗങ്ങള്‍ അഭിനയിച്ച് കാണിക്കും. അഭിനയം അച്ഛനൊരു ആവേശമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ കൂട്ടുകാരികള്‍ വിളിക്കും. അച്ഛനെ അങ്ങനെ കാണും. അച്ഛന്‍ അഭിനയിച്ച ചിത്രങ്ങളില്‍ ചമ്പക്കുളം തച്ചനിലെ വേഷമാണ് എനിക്കേറെയിഷ്ടം. പ്രത്യേകിച്ച് മകള്‍ക്ക് ഉടുപ്പുമായി വരുന്ന രംഗം. പിന്നെ താലോലം. അമ്മയ്ക്കിഷ്ടം നെയ്ത്തുകാരനിലെ അപ്പ മേസ്തിരിയെയാണ്. ആണ്ടവന്‍ എന്ന തമിഴ് ചിത്രത്തിനുശേഷം അച്ഛന് പടങ്ങളൊന്നും ചെയ്യാനായില്ല. സിനിമയിലെ അഭിനയമെല്ലാം ഒരുപോലെ ആയിപ്പോകുന്നുവെന്നും കഥയ്ക്ക് കാമ്പില്ലെന്നും അച്ഛന്‍ പറയാറുണ്ട്. അതുകൊണ്ടുതന്നെ അച്ഛനിഷ്ടം നാടകമായിരുന്നു. പ്രത്യേകിച്ച് കര്‍ണന്‍ എന്ന കഥാപാത്രം.''

കര്‍ണനെ സ്നേഹിച്ചു
പെറ്റമ്മപോലും വേദനമാത്രം സമ്മാനിച്ച കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിനിര്‍ത്തിയാണ് മുരളി മടങ്ങിയത്. കുരുക്ഷേത്രയുദ്ധമുഖത്ത് കുന്തി കര്‍ണനെ കാണാനെത്തുന്ന രംഗങ്ങള്‍ക്ക് മുരളിതന്നെ രചന നിര്‍വഹിച്ച് അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. മൃത്യുഞ്ജയന്‍ എന്നായിരുന്നു നാടകത്തിന് പേരിട്ടത്. ലങ്കാലക്ഷ്മിയിലെ രാവണനായി അഭിനയിച്ച് അരങ്ങിന്റെ അപാരസാധ്യതകളെ തെളിയിച്ച മുരളി സിനിമയിലെ കഥാപാത്രങ്ങളേക്കാള്‍ രാവണനെ സ്നേഹിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. കൂടിയാട്ടത്തിന്റെയും കഥകളിയുടെയും പരോക്ഷമായ സ്വാധീനം അരങ്ങിലെ രാവണനിലുണ്ട്. ഇത് വിജയകരമായി അരങ്ങില്‍ അവതരിപ്പിക്കാന്‍ മുരളിക്ക് തുണയായത് ചെറുപ്പത്തിലേ അഭ്യസിച്ച കളരിയുടെ പാഠങ്ങളായിരുന്നു.സിനിമയില്‍ ചങ്കുറപ്പുള്ള ഒരു കഥാപാത്രം എഴുത്തുകാരന്റെ മനസ്സില്‍ രൂപപ്പെടുമ്പോള്‍തന്നെ തെളിയുന്ന മുഖം മുരളിയുടേതായിരുന്നു. ഉള്ളില്‍ സ്നേഹം സൂക്ഷിക്കുന്ന പരുക്കനായി എത്രയോ വേഷങ്ങള്‍.

ജീവിതത്തിലും ഇങ്ങനെയായിരുന്നു മുരളി. ഭരത് ഗോപി സംവിധാനംചെയ്ത ഞാറ്റടിയിലെ ക്ഷുഭിതയൗവ്വനകഥാപാത്രമായാണ് സിനിമയില്‍ മുരളിയെത്തിയത്. ഇത് പക്ഷേ, തിയറ്ററില്‍ എത്തിയില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലൂടെ കരുത്തുറ്റ ഈ നടനെ കേരളം കണ്ടു. മുരളിക്കുവേണ്ടി കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന എഴുത്തുകാര്‍ ഏറെയുണ്ടായി. ലോഹിതദാസും ടി എ റസാഖുമെല്ലാം മുരളിയുടെ സാധ്യതകള്‍ വിനിയോഗിക്കാവുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചവരാണ്. ആധാരത്തിലെ അവിസ്മരണീയ വേഷം ഓര്‍മിക്കുക. ഭരതന്റെയും പത്മരാജന്റെയും അകാലത്തിലുള്ള വിടവാങ്ങല്‍ മുരളിയെന്ന നടനും വിനയായി. ഭരതന്റെ വെങ്കലത്തിലെയും ചമയത്തിലെയും അഭിനയം ഈ അഭിപ്രായത്തിന് അടിവരയിടുന്നു. വേണു നാഗവള്ളിയായിരുന്നു മുരളിയെ ഉപയോഗിച്ച മറ്റൊരു സംവിധായകന്‍. കാരിരുമ്പിന്റെ മനസ്സും കനിവുമുള്ള കമ്യൂണിസ്റ്റിന്റെ രൂപത്തില്‍ സിനിമയില്‍ പലവട്ടം മുരളിയെ കണ്ടിട്ടുണ്ട്.

പ്രിയനന്ദനന്റെ നെയ്ത്തുകാരനിലൂടെ മുരളിക്ക് ദേശീയപുരസ്കാരം ലഭിച്ചു. മുന്നൂറിലേറെ ചിത്രങ്ങളില്‍ മുരളി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനപ്പുറം എഴുത്തിലും ശ്രദ്ധകേന്ദ്രീകരിച്ച മുരളിയുടെ എഴുത്തിടംകൂടിയായിരുന്നു അരുവിക്കരയിലെ ചെറുകെട്ടിടം. പുസ്തകങ്ങളില്‍ പലതിന്റെയും രചന പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തിയിരുന്നു. അഭിനയത്തിന്റെ രസതന്ത്രം, മുരളിമുതല്‍ മുരളിവരെ, എഡ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി, പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്‍, കടക്കാര്‍ എന്നിവയ്ക്കൊപ്പം ഗവേഷണപ്രാധാന്യമുള്ള ലേഖനങ്ങള്‍ ഏറെ രചിച്ചു. സംഗീത നാടകഅക്കാദമിയുടെ അമരക്കാരനായി മുരളി തന്റെ സംഘാടനപാടവവും തെളിയിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ശില്‍പ്പിയായി മുരളി ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. സാംസ്കാരിക പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന തിരിച്ചറിവായിരുന്നു മുരളി ഇവിടെ പ്രായോഗികമാക്കിയത്. രാഷ്ട്രീയവും കലയും രണ്ടല്ലെന്നും മാറ്റങ്ങള്‍ക്ക് വഴിതുറക്കാന്‍ ഇടതുപക്ഷത്തിനേ കഴിയുള്ളൂവെന്നും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു അദ്ദേഹം. കേരളം കാത്തിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ ആദ്യപടിയായി അരുവിക്കരയില്‍ മുരളി വിശ്വസിച്ച ആശയത്തിന്റെ വിജയത്തിന് കാതോര്‍ക്കുകയാണ് കേരളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top